സ്റ്റോക്ക് ഓൺ ട്രെന്റ്: ഒരു നഴ്സ് എന്തായിരിക്കണമെന്ന് എൻഎംസി വളരെ വ്യക്തമായി നിർവചിക്കുന്നുണ്ട്. അതിനുവേണ്ട എല്ലാ നിബന്ധനകളും നിർദ്ദേശിക്കുകയും ചെയ്‌തിട്ടുണ്ട് എൻ എം സി. നഴ്സിന് തന്റെ ഉത്തരവാദിത്തം സുരക്ഷിതമായും ഫലപ്രദമായും നിറവേറ്റാൻ ഇംഗ്ലീഷ് ഭാഷ വ്യക്തമായും ഫലപ്രദമായും ഉപയോഗിക്കാൻ ഉള്ള കഴിവുണ്ടായിരിക്കണമെന്ന് നിഷ്‌കർഷിക്കുന്നു. സ്റ്റാഫോര്‍ഡ്ഷയറിലെ ഏറ്റവും വലിയ ആശുപത്രിയായ റോയല്‍ സ്‌റ്റോക്ക് യൂണിവേഴ്‌സിറ്റ് ഹോസ്പിറ്റലില്‍ പ്രവര്‍ത്തിച്ചിരുന്ന റൊമേനിയക്കാരിയായ നഴ്‌സിന്റെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം മോശമെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്ന് ഇവര്‍ക്ക് നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. റോഡിക്ക ഓള്‍ട്ടീനു എന്ന നഴ്‌സിനാണ് ഈ അവസ്ഥ നേരിടേണ്ടി വന്നത്. ഇവരുടെ ഭാഷാ ജ്ഞാനത്തെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ആശുപത്രി നേരിട്ട് പരിശോധന നടത്തുകയായിരുന്നു.
സൗത്ത് വെയില്‍സിലുള്ള കെയര്‍ ഹോമില്‍ ജോലി നോക്കുന്നതിനിടെ ഇവരുടെ ഇംഗ്ലീഷ് പരിജ്ഞാനത്തെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രശ്‌നം പരിശോധിച്ച ട്രൈബ്യൂണല്‍ ജഡ്ജും ഇവര്‍ക്ക് ഭാഷ വഴങ്ങുന്നില്ലെന്ന് വിധിച്ചിരുന്നു. നഴ്‌സിംഗ് ജോലി സുരക്ഷിതമായും ഫലപ്രദമായും ചെയ്യാനുള്ള ഭാഷാ പ്രാവീണ്യം ഇല്ലാത്തതിനാല്‍ ഇവരുടെ ഫിറ്റ്‌നസ് ടു പ്രാക്ടീസ് ഇല്ലാതായെന്ന് എന്‍എംസി കണ്ടെത്തി. ഇതേത്തുടര്‍ന്ന് നഴ്‌സിംഗ് ജോലിയില്‍ നിന്ന് ഇവരെ വിലക്കിയിരിക്കുകയാണ്. റുമേനിയൻ തലസ്ഥാനമായ ബുക്കാറസ്റ്റില്‍ നടത്തിയ ഇംഗ്ലീഷ് പരിജ്ഞാന പരീക്ഷയില്‍ ഇവര്‍ക്ക് ലെവൽ 3 എന്ന കുറഞ്ഞ സ്‌കോര്‍ മാത്രമാണ് നേടാനായത്. കൂടാതെ റോയൽ സ്റ്റോക്ക് നേരിട്ട് നടത്തിയ ടെസ്റ്റിലും ഇവർ പരാജയപ്പെടുകയാണ് ഉണ്ടായത്. 11 വയസുകാര്‍ക്ക് പ്രതീക്ഷിക്കുന്ന ഭാഷാ ജ്ഞാനത്തിന്റെ ലെവലാണ് ഈ നഴ്‌സിന് നേടാനായത്.
ഒരു രജിസ്റ്റേര്‍ഡ് നഴ്‌സിന് ആവശ്യമായതിലും ഏറെ താഴെയാണ് ഇതെന്ന് വ്യക്തമായി. കെയര്‍ ഹോമില്‍ വെച്ച് ഉണ്ടായ ഒരു 999 കോളിലും ഇവരുടെ ഭാഷയേക്കുറിച്ച് മോശം അഭിപ്രായമുണ്ടായി. റോയല്‍ സ്‌റ്റോക്ക് ആശുപത്രി നടത്തിയ ഇംഗ്ലീഷ് ആന്‍ഡ് മാത്ത്‌സ് പരീക്ഷയിലും മോശം സ്‌കോര്‍ നേടാനേ ഇവര്‍ക്ക് കഴിഞ്ഞുള്ളു. ഈ വിധത്തിലുള്ള മോശം പ്രകടനം ഇവര്‍ക്ക് സുരക്ഷിതമായി നഴ്‌സിംഗ് ജോലി ചെയ്യാനാകുമോ എന്ന സംശയത്തിന് കാരണമായി. രോഗികള്‍ക്ക് മികച്ച പരിചരണം ലഭിക്കണമെങ്കില്‍ നഴ്‌സുമാര്‍ക്ക് വ്യക്തമായി ഭാഷ ഉപയോഗിക്കാന്‍ കഴിയണമെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഓള്‍ട്ടീനോ നിഷേധിച്ചു. മറ്റൊരു രാജ്യത്തു നിന്നാണ് താന്‍ വരുന്നത്. തന്റെ ഇംഗ്ലീഷ് സംസാരശൈലി ബ്രിട്ടീഷ് പൗരന്‍മാര്‍ക്കൊപ്പം എന്തായാലും കിടിപിടിക്കില്ല. ഇംഗ്ലീഷ് തന്റെ മാതൃഭാഷയല്ലാത്തത് തന്നെയാണ് ഇതിന് കാരണം. എന്നാല്‍ തനിക്ക് ഇംഗ്ലീഷ് മനസിലാകില്ലെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാകില്ല. ഇതേ വരെ ആരും തനിക്ക് ഇംഗ്ലീഷ് മനസിലാകുന്നില്ലെന്നോ താന്‍ പറഞ്ഞത് മനസിലാകുന്നില്ലെന്നോ പരാതി പറഞ്ഞിട്ടില്ലെന്നും എന്‍എംസിക്ക് അയച്ച ഇമെയിലില്‍ അവര്‍ വ്യക്തമാക്കി.
ഒരു വര്‍ഷത്തേക്ക് ഇവരെ നിരീക്ഷിക്കാനാണ് എന്‍എംസിയുടെ തീരുമാനം. അതിനിടയില്‍ ഇംഗ്ലീഷ് ഭാഷാ പരീക്ഷയുടെ ഫലങ്ങള്‍ എന്‍എംസിക്ക് അയച്ചുകൊടുക്കണം. ജോലി ചെയ്തിരുന്ന ആശുപത്രിയിലോ എന്‍എച്ച്എസ് ട്രസ്റ്റിലോ ഇവര്‍ തുടരുന്നില്ലെന്ന് ഉറപ്പാക്കണമെന്നും എന്‍എംസി നിര്‍ദേശിച്ചു. ഭാഷാ പരിജ്ഞാനം സംബന്ധിച്ച് വ്യക്തമായ നിയമങ്ങളുണ്ടെന്നും അവക്കനുസരിച്ചുള്ള നടപടികളാണ് സ്വീകരിച്ചതെന്നും വ്യക്തമാക്കിയ ആശുപത്രി വക്താവ് പക്ഷേ നഴ്‌സിനേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ വിസമ്മതിച്ചു.
Leave a Reply