ജീവനക്കാരുടെ കുറവു മൂലം ബുദ്ധിമുട്ടുന്ന ആശുപത്രി വാര്‍ഡുകളില്‍ നഴ്‌സുമാര്‍ ശാരീരികാതിക്രമങ്ങള്‍ക്ക് വിധേയരാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതിന്റെയടിസ്ഥാനത്തില്‍ ബോഡി ക്യാമറ ധരിക്കാന്‍ തങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് നഴ്‌സുമാര്‍ ആവശ്യപ്പെടുന്നു. രോഗികളില്‍ ചിലര്‍ തങ്ങളെ ഇടിക്കുകയും തൊഴിക്കുകയും ബന്ദിയാക്കുകയും ചെയ്യാറുണ്ടെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗിന്റെ വാര്‍ഷിക കോണ്‍ഗ്രസിലാണ് നഴ്‌സുമാര്‍ വെളിപ്പെടുത്തിയത്. ബോഡി ക്യാമറ ധരിക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കും ഈ വെളിപ്പെടുത്തല്‍ തുടക്കമിട്ടിരിക്കുകയാണ്.

ബോഡി ക്യാമറ ധരിക്കുന്നത് രോഗികളുമായുള്ള ബന്ധം തകര്‍ക്കുമെന്ന് ഒരു പക്ഷം അഭിപ്രായപ്പെടുന്നു. ഇതിനു പകരം സെക്യൂരിറ്റി ജീവനക്കാരെ നിയോഗിച്ച് കൂടുതല്‍ സംരക്ഷണം ഏര്‍പ്പെടുത്തുകയാണ് വേണ്ടതെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. എന്‍എച്ച്എസ് ജീവനക്കാര്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഈ ചര്‍ച്ച ഉയര്‍ന്നു വന്നിരിക്കുന്നത്. ഒരു അക്യൂട്ട് വാര്‍ഡില്‍ രോഗി തന്നെ ബന്ദിയാക്കിയ അനുഭവം സൗത്ത് കോസ്റ്റിലെ വലിയൊരു ഡിസ്ട്രിക്റ്റ് ജനറല്‍ ഹോസ്പിറ്റലില്‍ നഴ്‌സായ ഷെല്ലി പിയേഴ്‌സ് പങ്കുവെച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തനിക്കെതിരെയുണ്ടായ അഞ്ച് ഗുരുതരമായ ആക്രമണങ്ങളെയും ചെറിയ നിരവധി സംഭവങ്ങളെയും കുറിച്ച് ബെല്‍ഫാസ്റ്റില്‍ നടക്കുന്ന കോണ്‍ഗ്രസില്‍ ഇവര്‍ വിശദീകരിച്ചു. എല്ലാ ദിവസവും അതിക്രമങ്ങളെ നേരിടേണ്ടി വരികയാണ് നഴ്‌സിംഗ് സമൂഹമെന്നും അവര്‍ പറഞ്ഞു. എന്‍എച്ച്എസ് നഴ്‌സുമാര്‍ നേരിടുന്ന അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണെന്ന് കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച കണക്കുകള്‍ പറയുന്നു. 2016-17 വര്‍ഷത്തില്‍ 56,435 അതിക്രമങ്ങളാണ് ആശുപത്രികളില്‍ ഉണ്ടായത്. 2015-16 വര്‍ഷത്തില്‍ ഇത് 51,447 മാത്രമായിരുന്നു. 9.7 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഇതില്‍ രേഖപ്പെടുത്തിയത്.