യൂറോപ്യന്‍ യൂണിയന്‍ നഴ്‌സുമാര്‍ക്ക് ബ്രെക്‌സിറ്റിനുശേഷം എന്‍എച്ച്എസ് സേവനങ്ങള്‍ ലഭിക്കണമെങ്കില്‍ പണം നല്‍കേണ്ടി വരും. പ്രതിവര്‍ഷം 600 പൗണ്ട് വീതം ഇവര്‍ അടക്കേണ്ടി വരുമെന്നാണ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. ഈ നീക്കം സ്റ്റാഫിംഗ് പ്രതിസന്ധി രൂക്ഷമാക്കുമെന്ന് എന്‍എച്ച്എസ് നേതൃത്വം മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ യൂറോപ്പിതര രാജ്യങ്ങളില്‍ നിന്നെത്തുന്ന കുടിയേറ്റക്കാരില്‍ നിന്ന് ഈടാക്കുന്ന ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് ബ്രെക്‌സിറ്റിനു ശേഷം യൂറോപ്പില്‍ നിന്നുള്ളവര്‍ക്കു കൂടി ബാധകമാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് ഹോം ഓഫീസ് സ്ഥിരീകരിച്ചു. നഴ്‌സുമാരുടെ കുടുംബങ്ങള്‍ ഈ സര്‍ചാര്‍ജ് മൂലം ഇപ്പോള്‍ത്തന്നെ പലയിടങ്ങളിലായാണ് കഴിയുന്നതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പറയുന്നു.

കുട്ടികളെ സ്വന്തം രാജ്യത്ത് ഉപേക്ഷിച്ചാണ് മിക്ക നഴ്‌സുമാരും ഇവിടെ ജോലി ചെയ്യുന്നതെന്ന ആര്‍സിഎന്‍ വിശദീകരിച്ചു. കെനിയയില്‍ നിന്നുള്ള ഈവലിന്‍ ഒമോന്‍ഡി എന്ന നഴ്‌സ് രണ്ട് മുതിര്‍ന്നവര്‍ക്കും നാല് കുട്ടികള്‍ക്കുമായി 3600 പൗണ്ടാണ് നല്‍കി വരുന്നത്. ഈ ഫീസ് താങ്ങാനാവാത്തതിനാല്‍ ഇവര്‍ ആറും എട്ടും വയസുള്ള ഇളയ കുട്ടികളെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയച്ചിരിക്കുകയാണെന്ന് ആര്‍സിഎന്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി. 2015ലാണ് ഈ സര്‍ചാര്‍ജ് അവതരിപ്പിച്ചത്. കുടിയേറ്റക്കാര്‍ക്ക് വരാന്‍ സാധ്യതയുള്ള മെഡിക്കല്‍ ചെലവുകള്‍ പരിഗണിച്ചാണ് ഇത് ഈടാക്കുന്നത്. ഒരാള്‍ക്ക് 200 പൗണ്ട് എന്ന നിലയിലാണ് വര്‍ക്ക് പെര്‍മിറ്റിനു വേണ്ടി ഈ തുക നല്‍കേണ്ടതായി വരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ സര്‍ചാര്‍ജുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഇനി കൂടുതല്‍ രൂക്ഷമാകുമെന്ന് ആര്‍സിഎന്‍ ചീഫ് ജാനറ്റ് ഡേവിസ് വാര്‍ഷിക കോണ്‍ഫറന്‍സില്‍ പറയും. ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ നഴ്‌സുമാരിലേക്ക് കൂടി ഈ ഫീസ് ബാധകമാക്കിയാല്‍ അതുകൊണ്ടുണ്ടാകുന്ന നഷ്ടം വിശദീകരണങ്ങള്‍ക്ക് അപ്പുറമായിരിക്കുമെന്നും അവര്‍ സൂചിപ്പിക്കും. എന്‍എച്ച്എസിന് നിലവില്‍ 43,000 നഴ്‌സുമാരുടെ കുറവാണുള്ളത്. 1,40,000 യൂറോപ്യന്‍ നഴ്‌സുമാര്‍ നിലവില്‍ ഹെല്‍ത്ത് സര്‍വീസില്‍ ജോലി ചെയ്യുന്നുണ്ട്. അതിരൂക്ഷമായ സ്റ്റാഫിംഗ് പ്രതിസന്ധിക്കിടയില്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് കൂടുതല്‍ പ്രതിസന്ധിക്കിടയാക്കുകയേയുള്ളുവെന്നാണ് വിലയിരുത്തപ്പെടുന്നത്.