ലണ്ടന്‍: റോഡപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്റെ ശ്വാസകോശം മെഡിക്‌സ് ‘ഡിറ്റര്‍ജന്റ്’ ഉപയോഗിച്ച് ക്ലീന്‍ ചെയ്തതായി റിപ്പോര്‍ട്ട്. സാല്‍ഫോര്‍ഡ് റോയല്‍ ആശുപത്രി അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരുടെ അശ്രദ്ധമുലമുണ്ടായി ഗുരുതര ചികിത്സാ പിഴവ് ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്. അതേസമയം ശ്വാസകോശം ‘ഡിറ്റര്‍ജന്റ്’ ഉപയോഗിച്ച് ക്ലീന്‍ ചെയ്തതാണോ മരണ കാരണമെന്ന് വ്യക്തമായിട്ടില്ല. 2017 സെപ്റ്റംബറിലാണ് സംഭവം നടക്കുന്നത്. 68 കാരനായ വില്യം ഹന്ന കാറപടകടത്തില്‍ പരിക്കേറ്റാണ് സാല്‍ഫോര്‍ഡ് റോയല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുന്നത്. പരിക്ക് അതീവ ഗുരുതരമായിരുന്നു. ശരീരത്തില്‍ നിരവധി എല്ലുകള്‍ പൊട്ടുകയും തലച്ചോറിന് കാര്യമായ ക്ഷതമേല്‍ക്കുകയും ചെയ്ത വില്യമിന്റെ ആരോഗ്യനിലയില്‍ ആദ്യം മുതല്‍ തന്നെ അപകടാവസ്ഥയിലായിരുന്നു.

തലച്ചോറിലെ പരിക്കും എല്ലുകളുടെ പൊട്ടുകള്‍ക്കും പുറമെ വില്യമിന്റെ ശ്വാസകോശത്തിനും കാര്യമായ തകരാറ് സംഭവിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. അദ്ദേഹത്തിന് ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി മനസിലായതോടെ അടിയന്തരമായി ശ്വാസകോശം ക്ലീന്‍ ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു. ക്ലീന്‍ ചെയ്യുന്നതിനായി ഉപകരണങ്ങള്‍ ശുദ്ധീകരിക്കുന്ന ‘ഡിറ്റര്‍ജന്റാണ്’ മെഡിക്‌സ് ഉപയോഗിച്ചത്. ഓപ്പറേഷന്‍ തീയേറ്ററില്‍ സജ്ജീകരിച്ചിരുന്ന ട്രോളിയില്‍ കരുതിയിരുന്നത് ക്ലീനിംഗ് ലിക്യുഡിന് പകരം ഡിറ്റര്‍ജന്റായിരുന്നു. കുപ്പിയിലെ ലേബലാണ് പിഴവിന് ആധാരമായിരിക്കുന്നത്. ലേബലില്‍ എഴുതിയിരുന്ന ലിക്യുഡ് ആയിരുന്നില്ല കുപ്പിക്ക് അകത്തുണ്ടായിരുന്നത്. ഈ ബോട്ടില്‍ നഴ്‌സിംഗ് ജീവനക്കാരിലൊരാള്‍ ഡോക്ടര്‍ക്ക് കൈമാറുകയും ചെയ്തു.

ലേബലിലെ തെറ്റ് കൃത്യമായ മനസിലാക്കാന്‍ കഴിയാതിരുന്നതോടെ വലിയ ചികിത്സാ പിഴവിലേക്ക് കാര്യങ്ങളെത്തുകയായിരുന്നു. ഇതിന് ആഴ്ച്ചകള്‍ക്ക് ശേഷം വില്യം മരണപ്പെടുകയും ചെയ്തു. സാല്‍ഫോര്‍ഡ് ആശുപത്രി അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് പിന്നീട് ചികിത്സാ പിഴവ് കണ്ടെത്തിയത്. അതേസമയം മരണകാരണം ഡിറ്റര്‍ജന്റ് ആണോയെന്ന വ്യക്തമായിട്ടില്ല. കൂടുതല്‍ അന്വേഷണം നടക്കുകയാണ്. നഴ്‌സിംഗ് ജീവനക്കാരുമായി ഡോക്ടര്‍മാര്‍ നടത്തിയ ആശയവിനിമയത്തില്‍ വലിയ അപാകതയയുണ്ടായതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.