ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

നേഴ്‌സിംഗ് ഏജന്റുമാർ പലപ്പോഴും യുകെയിലേക്ക് എത്തുന്ന അന്താരാഷ്ട്ര നേഴ്‌സുമാരിൽ നിന്ന് സത്യം മറച്ചുവയ്ക്കുന്നതായി ബ്രിട്ടീഷ് ഇന്ത്യൻ നേഴ്‌സസ് അസോസിയേഷൻെറ (ബി ഐ എൻ എ) മേധാവി മറിമോട്ട്ടോ കൗരമസ്സി. അടുത്തിടെ യുകെയിലെത്തിയ നേഴ്‌സുമാർ വാടകയും ജീവിത ചിലവും മറ്റും അറിഞ്ഞപ്പോഴുള്ള പ്രതികരണവും അദ്ദേഹം പങ്കുവച്ചു. യുകെയിൽ ജോലിക്കായി എത്തുന്ന അന്താരാഷ്‌ട്ര നേഴ്‌സുമാർക്ക് എൻഎച്ച്എസ് ട്രസ്റ്റ് നാല് മുതൽ ആറ് ആഴ്ച വരെ താൽക്കാലിക താമസസൗകര്യം നൽകുന്നുണ്ട്. പക്ഷേ, ഈ കാലയളവിനുള്ളിൽ ഇവർ മറ്റൊരു ഭവനം കണ്ടെത്തണം. മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്ന നേഴ്സുമാർ താമസ സൗകര്യങ്ങൾക്കായി ബുദ്ധിമുട്ടുന്നത് കണക്കിലെടുത്താണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.

മിക്കപ്പോഴും തങ്ങളുടെ രാജ്യത്തിനെക്കാൾ തികച്ചും വ്യത്യസ്‌തമായ യുകെയിലെ സംസ്കാരം തന്നെ പലർക്കും പൊരുത്തപ്പെടാൻ സമയമെടുക്കും. ഇതിന് ഒപ്പം താമസസൗകര്യം കണ്ടെത്തുക എന്നത് സമ്മർദ്ദം കൂട്ടുന്നു. മിക്ക നേഴ്സുമാർക്കും ലണ്ടനിലും ഇംഗ്ലണ്ടിലും ഒരു നല്ല വീടിൻെറ വാടകയെ കുറിച്ച് ഇവർക്ക് യാതൊരു ധാരണയും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകൾക്കിടയിൽ നിലവിലുള്ള എൻഎച്ച്എസ് നേഴ്‌സുമാരുടെ ശമ്പള നിരക്കിൽ അതിജീവിക്കാനുള്ള ബുദ്ധിമുട്ട് പ്രകടിപ്പിച്ച് കൊണ്ട് ഈയടുത്ത മാസങ്ങളിൽ സമരത്തിലായിരുന്ന യൂണിയനുകളും നേഴ്‌സുമാരും ഉയർത്തിക്കാട്ടിയിരുന്നു.

ഈയിടെ ജോലിയിൽ പ്രവേശിച്ച ഇന്ത്യൻ നേഴ്‌സുമാർക്ക് തങ്ങളുടെ സാലറിയിൽ എന്ത് വാങ്ങാൻ സാധിക്കും എന്നതിനെ കുറിച്ച് പോലും ധാരണ ഉണ്ടായിരുന്നില്ല എന്ന ഞെട്ടിപ്പിക്കുന്ന വിവരവും അദ്ദേഹം പങ്കുവച്ചു. കുറഞ്ഞ ജീവിതച്ചെലവും കുറഞ്ഞ ശരാശരി വേതനവുമുള്ള ഒരു രാജ്യമായ ഇന്ത്യയിൽ നിന്ന് വരുന്നവരോട് ജീവിത ചിലവുകളെ കുറിച്ച് ധാരണ നൽകാത്തത് അന്യായമാണെന്നും അദ്ദേഹം പറഞ്ഞു.