റെഡിച്ച്: സേവനത്തിലൂടെ മാനവ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകകള്‍ ലോകത്തിനു കാണിച്ച് തരുന്ന നഴ്‌സുമാർ… ‘വിളക്കേന്തിയ വനിത’ എന്നറിയപ്പെടുന്ന ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ പിൻഗാമികൾ… നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12, അന്താരാഷ്ട്ര നഴ്‌സ് ദിനമായി ആചരിച്ചു നഴ്‌സുമാരെ ലോകം ബഹുമാനിക്കുന്നു. അതു കൊണ്ടു തന്നെ നഴ്‌സസ് ദിനത്തിന്റെ ചരിത്രം കേരളത്തിന്റെ അല്ല മലയാളി നഴ്‌സ്‌മാരുടെ ദിനമാണ് എന്ന് വേണമെങ്കിൽ പറയാം. കാരണം അത്രമേൽ പ്രാധാന്യം ഇന്ന് നഴ്‌സുമാർക്കുണ്ട് എന്നുള്ളതാണ്. ഒരുകാലത്ത് അധ്യാപനമാണ് ഏറ്റവും നല്ലത് എന്ന് ധരിച്ചിരുന്നവർ മലയാളികൾ.. വിദേശ നഴ്‌സിംഗ് ജോലികളുടെ ലഭ്യതയോടെ നേഴ്സിങ്ങിന് കൂടുതൽ സ്വീകാര്യത മലയാളികളിലേക്ക് കടന്നുവന്നു… നഴ്സുമാരോടുള്ള മലയാളിയുടെ മനോഭാവം മാറി എന്ന് പറയാം..
ആദ്യമൊക്കെ ഗൾഫ് രാജ്യങ്ങളായിരുന്നു നഴ്‌സുമാർക്ക് ആശ്രയം. എന്നാൽ രണ്ടായിരങ്ങളിൽ യൂറോപ്പിൽ, പ്രതേകിച്ചു യുകെയിൽ ഉണ്ടായ നഴ്സുമാരുടെ ക്ഷാമം മലയാളികൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കി.. മെച്ചപ്പെട്ട വേതനം എന്നതിനേക്കാൾ കുടുംബസമേതം ജീവിക്കാം എന്ന സാധ്യത മലയാളികളെ സംബന്ധിച്ചടത്തോളം കൂടുതൽ ആകർഷകമാക്കി.. യുകെയിൽ എത്തിപ്പെട്ട മലയാളികളിൽ കൂടുതലും സിംഗപ്പൂർ, മലേഷ്യ, ഗൾഫ് തുടങ്ങിയ രാജ്യങ്ങളിൽ ജോലി ചെയ്തിരുന്നവരായിരുന്നു… പിന്നീട് ആണ് ഇന്ത്യയിലെ പല സിറ്റികളിൽ നിന്നും മലയാളികൾ എത്തിചേർന്നത്…
ആദ്യ കാലഘട്ടങ്ങളിലെ കടമ്പ ആയിരുന്നു ഒരു പിൻ നമ്പർ ലഭിക്കുക എന്നത്.. ഇംഗ്ലീഷ് പരിജ്ഞാനത്തിലെ കുറവ് പരിഹരിച്ചുവരുമ്പോൾ കൂടുതൽ കടമ്പകൾ ഇവിടുത്തെ നഴ്‌സിംഗ് ജോലികളിലേക്ക് കടന്നു വന്നു… നഴ്സിംഗ് സ്റ്റാൻഡേർഡ് ഉയർത്തുന്നതിന് വേണ്ടി എൻ എം സി പുതിയ പരിശീലന പദ്ധതികൾ കൊണ്ടുവന്നപ്പോൾ ജോലിക്കിടയിലും പഠനത്തിന്റെ തലത്തിലേക്ക് നഴ്‌സുമാർക്ക് പ്രവേശിക്കേണ്ടതായി വന്നു എന്നതിന്റെ ബാക്കി പത്രമാണ് ഈ റീവാലിഡേഷൻ പ്രോഗ്രാം എന്ന പദ്ധതി… ഒരുപാട് സംശയങ്ങൾ സമ്മാനിച്ച് റീവാലിഡേഷന്റെ പ്രാഥമിക ഘട്ടങ്ങൾ പലരും പൂർത്തിയാക്കി എങ്കിലും പലർക്കും ഇന്നും സംശയങ്ങൾ ബാക്കി.. ഇത്തരത്തിൽ ഒരു നഴ്‌സസ് സെമിനാർ ഒരുക്കി വാർത്തയിൽ ഇടം നേടിയിരിക്കുകയാണ് റെഡിച്ചിലെ മലയാളി അസോസിയേഷന്റെ കീഴിലുള്ള നഴ്‌സ്‌സ് ഫോറം…
കഴിഞ്ഞ പത്തു വർഷമായി റെഡിച്ചിൽ മലയാളി സാന്നിധ്യം ഉണ്ടായി തുടങ്ങിയിട്ട്… നേഴ്സസ് സെമിനാർ എന്നൊരു നല്ലൊരു കാര്യത്തിനായി ഇറങ്ങിതിരിച്ചപ്പോൾ എല്ലാവരും ഒറ്റക്കെട്ടായി സഹകരിച്ചു വിജയിപ്പിച്ചു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.. സമയ നിഷ്ഠ പാലിച്ചുകൊണ്ട് ഉച്ചക്ക് ഒന്നരക്ക് തന്നെ സെമിനാര്‍ ആരംഭിച്ചു. തെരെഞ്ഞെടുക്കപ്പെട്ട ഓരോ വിഷയത്തിനും പവര്‍ പോയിന്റ് പ്രേസേന്റ്‌റേഷൻ ഉൾപ്പെടുത്തി സെമിനാറിന് ഒരു മോഡേൺ ടെക്നോളജി ലുക്ക് നൽകിയിരുന്നു. സെമിനാറിനെത്തിയ നഴ്സുമാരെ ഏഴു പേര്‍ അടങ്ങിയ ഗ്രൂപ്പുകളായി തിരിക്കുകയും അവരെ നയിക്കുവാനായി ഓരോ ഗ്രൂപ്പിനും രണ്ട് ലീഡേഴ്‌സിനേയും തിരഞ്ഞെടുത്തു. ഓരോ വിഷയങ്ങളെ പറ്റിയും വളരെ വിശദമായ ചര്‍ച്ചകള്‍… വഴി മുട്ടിയ പല പ്രശ്‌നങ്ങൾക്കും ഉത്തരങ്ങളുമായി സെമിനാർ ക്രീയേറ്റീവ് ആയി.. ഇന്നുവരെ പരിചയമില്ലാതിരുന്ന വിഷയങ്ങളിൽ അറിവ് പകർന്ന് സെമിനാർ മുന്നോട്ട്…
ബിഞ്ചു ജേക്കബ്, മേഴ്‌സി ജോണ്‍സന്‍ എന്നിവര്‍ നേതുത്വം നല്‍കിയ സെമിനാറില്‍ നഴ്‌സിംഗ് രംഗത്ത് ജോലി ചെയുന്ന കെ സി എ മെംബേര്‍സ് ആയ നാല്പതു പേരോളം സംബന്ധിച്ചു. എല്ലാത്തിന്റെയും ചുക്കാൻ പിടിച്ചു കോഓർഡിനേറ്റർ ഷിബി ബിജുമോൻ… അടുത്ത വര്‍ഷം ഒരു ദിവസം മുഴുവൻ നീളുന്ന സെമിനാര്‍ നടത്തുവാനുള്ള സാധ്യതകളും ആരാഞ്ഞ് കെ സി എ റെഡിച്ചിന്റെ ഭാരവാഹികൾ. കെ സി എ പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ് ഉത്ഘാടനം നിര്‍വഹിച്ച നേഴ്സസ് സെമിനാറില്‍ ഡോക്ടര്‍ സിദിഖി, എന്‍ എച് എസ് പ്രൊഫെഷണല്‍ കോര്‍ഡിനേറ്റര്‍ ഡോണ്‍ ടോള്‍ഹുര്‍സ്‌റ് എന്നിവര്‍ അതിഥികള്‍ ആയി സംസാരിച്ചു.
വൈകുന്നേരം ആറുമണിക്ക് മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു യൂ കെ കോര്‍ഡിനേറ്റര്‍ മുരളി വെട്ടത്തു, എബ്രഹാം എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു നടന്ന യോഗത്തില്‍ വച്ച് മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗികമായി ഉത്ഘാടനം നിര്‍വഹിക്കുകയും പ്രധാന അധ്യാപകനായി പീറ്റര്‍ ജോസഫിനെ തിരഞ്ഞെടുക്കുകയും ചെയ്തതോടുകൂടി പരിപാടികൾക്ക് സമാപനം കുറിച്ചു.
Leave a Reply