മലയാളം യുകെ ന്യൂസ് ടീം.

അക്ഷര നഗരിയായ കോട്ടയത്തിനും സാക്ഷര കേരളത്തിനും നാണക്കേട് സമ്മാനിച്ച് കോട്ടയം ഭാരത് ഹോസ്പിറ്റൽ മാനേജ്മെൻറിൻറെ നടപടികൾ പൊതുജന മധ്യത്തിൽ വിമർശന വിധേയമാകുന്നു.  ഡ്യൂട്ടിക്ക് എത്തിയ നഴ്സിനോട് നിങ്ങളുടെ കോൺട്രാറ്റ് ഇന്ന് കൊണ്ട് തീർന്നിരിക്കുന്നു. നാളെ മുതൽ ജോലിക്ക് വരേണ്ടതില്ല എന്ന രണ്ടു വാചകത്തിൽ, വർഷങ്ങളായി ഇവിടെ ജോലി ചെയ്തിരുന്നവരെ പുറത്താക്കി കുപ്രസിദ്ധി നേടിയിരിക്കുകയാണ് ഹോസ്പിറ്റൽ മാനേജ്മെൻറ്. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻറെ യൂണിറ്റ് ആരംഭിച്ചതു മുതൽ ആണ് മാനേജ്മെന്റിൻറെ പ്രതികാര നടപടികൾ ആരംഭിച്ചത്. പ്രശ്നം പരിഹരിക്കാൻ ഇടപെടേണ്ട ചില ഉദ്യോഗസ്ഥർ അവരുടെ ബന്ധുക്കൾക്ക് ഇവിടെ സൗജന്യ ചികിത്സ തരപ്പെടുത്തിയതായി പറയപ്പെടുന്നു. മാനേജ്മെന്റിൻറെ സൗജന്യ സുഖചികിത്സ ലഭിക്കുന്നതിനാൽ ഉത്തരവാദിത്വപ്പെട്ട മേലധികാരികൾ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടുന്നതിൽ വിമുഖത കാട്ടുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുഎൻഎയുമായി ബന്ധപ്പെട്ട നോട്ടീസ് കൊടുക്കാൻ ചെന്ന നഴ്സിനോട് അപമര്യാദയായി പെരുമാറിയ നഴ്സിംഗ് സൂപ്രണ്ടിനെതിരെ നടപടി ആവശ്യപ്പെട്ട് നഴ്സുമാർ ഒന്നടങ്കം മിന്നൽ പണിമുടക്ക് നടത്തിയിരുന്നു. തുടർന്ന് നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ നഴ്സിംഗ് സൂപ്രണ്ട് പരസ്യമായി മാപ്പ് പറഞ്ഞതിനെ തുടർന്ന് നഴ്സുമാർ സമരം പിൻവലിക്കുകയായിരുന്നു. ജോലിക്ക് കയറിയ നഴ്സുമാരെ മാനസികമായി തളർത്തുന്ന നീചമായ നടപടികളാണ് പിന്നീട് മാനേജ്മെന്റിൻറെ ഭാഗത്തു നിന്ന് ഉണ്ടായത്. നഴ്സുമാരെയും യുഎൻഎ ഭാരവാഹികളെയും പൊതുജന മധ്യത്തിൽവച്ച് പരസ്യമായി അപമാനിക്കുന്ന പ്രവർത്തനമാണ് മാനേജ്മെൻറ് നടത്തിയത്.

ജോലിയിലുള്ള നഴ്സുമാരോട് മുദ്രപത്രത്തിൽ ഒപ്പിട്ടു വാങ്ങിയാണ് പീഡനത്തിൻറെ തുടക്കം. ഹോസ്പിറ്റൽ മാനേജ്മെന്റ് തങ്ങളുടെ ഇഷ്ടമനുസരിച്ച് കോൺട്രാക്റ്റ് കാലാവധി പിന്നീട് തീരുമാനിക്കും. നഴ്സുമാരെ ചൊൽപ്പടിയ്ക്കു നിർത്താനുള്ള ആയുധമായി ഈ മുദ്രപത്രം പിന്നെ മാറുകയായി. അഞ്ചു നഴ്സുമാരെയാണ് കോൺട്രാക്റ്റ് കാലാവധി കഴിഞ്ഞു എന്ന് പറഞ്ഞ് മാനേജ്മെൻറ് നോട്ടീസ് പോലും നല്കാതെ തൊഴിൽ രഹിതരാക്കിയത്. ഇവരെ തിരികെ ജോലിയിൽ എടുക്കണമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ മാനേജ്മെൻറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ ആഗസ്റ്റ് ആദ്യവാരം മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താൻ നഴ്സുമാർ നോട്ടീസ് നല്കിയിട്ടുണ്ട്.

ഇവിടെ ജോലി ചെയ്യുന്ന നഴ്സുമാർ ഈവനിംഗ് ഷിഫ്റ്റിനു ശേഷം പാതിരാത്രിയിൽ വീട്ടിൽ പോവേണ്ട രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഷിഫ്റ്റിൻറെ സമയം പുനക്രമീകരിക്കാനും മാനേജ്മെൻറ് തയ്യാറാകണമെന്ന് നഴ്സുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാപനത്തിന്റെൻറെ സൽപ്പേരിനു കളങ്കം വരുത്തി എന്നാരോപിച്ചു കൊണ്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ അംഗങ്ങൾക്ക് എതിരെ ആക്ഷേപം ചൊരിഞ്ഞ് സമൂഹ മധ്യത്തിൽ താറടിക്കുന്ന രീതിയിലാണ് മാനേജ്മെന്റ് ഇവിടെ പെരുമാറുന്നത്. ഇവിടെ ജോലി ചെയ്യുന്ന 150 ലേറെ യുഎൻഎ അംഗങ്ങളായ നഴ്സുമാർ പിരിച്ചുവിടലിൻറെ ഭീഷണി നേരിടുന്നുണ്ട്.