ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

നാളെ മാർച്ച് 26-ാം തീയതി മുതൽ യുകെയിൽ ക്ലോക്കുകളിൽ സമയം പുന:ക്രമീകരണം. അതായത് ക്ലോക്കുകളിലെ സമയം ഒരു മണിക്കൂർ മുന്നോട്ട് ആക്കി ക്രമീകരിക്കണം. എഴുപതോളം രാജ്യങ്ങളിൽ ഇത്തരത്തിൽ ഓരോ വർഷവും സമയ പുനക്രമീകരണം നടത്താറുണ്ട്. യൂറോപ്യൻ യൂണിയനിലെ എല്ലാ രാജ്യങ്ങളും ബ്രിട്ടനിലേതിന് സമാനമായ രീതിയിൽ വർഷത്തിൽ രണ്ടു സമയം പുന:ക്രമീകരിക്കാറുണ്ട്.
യൂറോപ്പിന് പുറത്തുള്ള ന്യുസിലാന്‍ഡ്, ഓസ്ട്രേലിയ, അര്‍ജന്റീന, പരാഗ്വേ, ക്യൂബ, ഹൈതി എന്നീ രാജ്യങ്ങളിലും സമയമാറ്റം നടത്താറുണ്ട്.

ക്ലോക്കിലെ സമയം മാറ്റേണ്ടി വരുമ്പോള്‍ ഒട്ടുമിക്ക ഇലക്ട്രോണിക് ഉപകരണങ്ങളിലും സമയം ഓട്ടോമാറ്റിക്കായി മാറും. 1907 മുതല്‍ക്കാണ് ബ്രിട്ടനില്‍ സമയം മാറ്റുന്ന സമ്പ്രദായം ആരംഭിച്ചത്. വില്യം വില്ലെറ്റ് എന്ന ഒരു ബില്‍ഡര്‍ ആയിരുന്നു ഇതിനു പിന്നിൽ. വേനല്‍ കാലത്ത് സൂര്യന്‍ ഉദിച്ച ശേഷവും ആളുകള്‍ ഉറങ്ങുകയാണെന്ന് ബോധ്യപ്പെട്ട വില്യം വില്ലെറ്റ് പകല്‍ വെളിച്ചം പാഴാകാതിരിക്കാനാണ് ക്ലോക്കിലെ സമയമാറ്റം നിര്‍ദ്ദേശിച്ചത്. പിന്നീട് എല്ലാ വര്‍ഷവും സമയമാറ്റം ആവര്‍ത്തിച്ചുപോന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് മാത്രമായിരുന്നു സമയമാറ്റം നടപ്പിലാക്കാതിരുന്നത്.


ഫോണുകൾ ഉൾപ്പെടെ ഇൻറർനെറ്റുമായി കണക്ട് ചെയ്യപ്പെട്ട എല്ലാ ഉപകരണങ്ങളിലും സമയക്രമീകരണത്തിന് വേണ്ടി നമ്മൾ പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യേണ്ടതില്ല . എന്നാൽ ക്ലോക്കുകളിലെയും വാച്ചുകളിലെയും സമയം ഉപഭോക്താവ് തന്നെ പുന:ക്രമീകരിക്കേണ്ടതായി വരും . സ്മാർട്ട് വാച്ചുകൾ ഇന്റർനെറ്റുമായി കണക്ട് ചെയ്യുമ്പോൾ സമയം തന്നെ മാറിക്കൊള്ളും. യുകെയിലെ ഒട്ടുമിക്ക സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാർക്ക് സമയക്രമീകരണത്തെക്കുറിച്ച് ഔദ്യോഗിക ഇമെയിൽ സന്ദേശം നൽകി കഴിഞ്ഞു. സമയക്രമം മാറുന്നത് അനുസരിച്ച് ഓഫീസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവർത്തനസമയം മാറുന്ന സാഹചര്യത്തിലാണ് ഇത്.