ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ശമ്പള വർധനയാവശ്യപ്പെട്ട് നേഴ്സുമാർ പണിമുടക്കിലേക്കെന്ന് റോയൽ കോളേജ് ഓഫ് നേഴ്‌സിംഗ് (ആർസിഎൻ). അഞ്ച് ശതമാനം പൊതുമേഖലാ ശമ്പള വർധന സ്വീകാര്യമല്ലെന്നും നേഴ്സുമാരുടെ കഠിനാധ്വാനം കണക്കിലെടുത്ത് 16% വർധനയാണ് ആവശ്യമെന്നും ആർസിഎൻ നേതാവ് പാറ്റ് കുള്ളൻ പറഞ്ഞു. നേഴ്‌സുമാർ, അധ്യാപകർ, പോലീസ്, സർക്കാർ ഉദ്യോഗസ്ഥർ, സായുധ സേനാംഗങ്ങൾ എന്നിവരടങ്ങുന്ന 25 ലക്ഷം പൊതുമേഖലാ ജീവനക്കാർക്ക് അഞ്ച് ശതമാനം ശമ്പള വർധന സർക്കാർ അംഗീകരിക്കുമെന്ന് ഒരു കാബിനറ്റ് മന്ത്രി ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞു.
നേഴ്‌സുമാരുടെ ശമ്പള വർധന പ്രഖ്യാപിക്കുന്നതിലെ കാലതാമസം അവസാനിപ്പിക്കാൻ പുതിയ ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ വർധന പ്രഖ്യാപിച്ചത്. സർക്കാർ തീരുമാനത്തിനായി മൂന്ന് മാസം കാത്തിരിക്കേണ്ടി വന്നതിനാൽ നേഴ്‌സുമാർക്ക് ഉടനടി ശമ്പള വർധന നൽകണമെന്ന് ആർസിഎൻ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വർഷവും ശമ്പള വർധനയ്‌ക്കായി നേഴ്സുമാർ പ്രചാരണം നടത്തിയിരുന്നു. അതേസമയം, ശമ്പളം, ജോലി വ്യവസ്ഥകൾ എന്നിവയെ ചൊല്ലിയുള്ള തർക്കങ്ങൾ വഷളായ സാഹചര്യത്തിൽ ട്രെയിൻ ഡ്രൈവർമാർ 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു.
Leave a Reply