ലണ്ടന്‍: ടോറി സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ നടപ്പാക്കുന്ന നയങ്ങള്‍ക്കെതിരെ വീണ്ടും സമരമുഖം തുറക്കുന്നു. ശമ്പളവര്‍ദ്ധനവ് വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിനെതിരെ സമരം ചെയ്യണമെന്ന അഭിപ്രായവുമായി നഴ്‌സുമാര്‍. എന്‍എച്ച്എസ് നഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവ് 1 ശതമാനമായി കുറച്ച നടപടി അടുത്ത സര്‍ക്കാര്‍ ഇല്ലാതാക്കിയില്ലെങ്കില്‍ ഈ വര്‍ഷം അവസാനത്തോടെ സമരത്തിലേക്ക് നീങ്ങാനാണ് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് വ്യക്തമാക്കുന്നത്. ആദ്യമായാണ് ആര്‍സിഎന്‍ ഇത്തരത്തില്‍ ഒരു സമരത്തിനൊരുങ്ങുന്നത്. നഴ്‌സുമാര്‍ക്കിടയില്‍ ഈ വിഷയത്തില്‍ അഭിപ്രായ രൂപീകരണത്തിനായി നടത്തിയ വോട്ടെടുപ്പില്‍ ബഹുഭൂരിപക്ഷവും സമരത്തിന് അനുകൂലമായാണ് വോട്ട് ചെയ്തത്.
2,70,000 അംഗങ്ങളുള്ള ആര്‍സിഎനിലെ 50,000ത്തോളം അംഗങ്ങള്‍ ഈ പോളില്‍ പങ്കെടുത്തു. സമരം പ്രാവര്‍ത്തികമാക്കുന്നതിന് മുമ്പായി ഒരു അഭിപ്രായ സര്‍വേ കൂടി നടത്താനാണ് ആര്‍സിഎന്‍ പദ്ധതിയിടുന്നത്. കുറഞ്ഞ ശമ്പളനിരക്കാണ് ആയിരക്കണക്കിന് നഴ്‌സിംഗ് പോസ്റ്റുകള്‍ ഒഴിഞ്ഞു കിടക്കാന്‍ കാരണമെന്ന് സംഘടന ആരോപിക്കുന്നു. 2010 മുതല്‍ 14 ശതമാനം വേതനം വെട്ടിക്കുറയ്ക്കലാണ് നഴ്‌സുമാര്‍ അനുഭവിച്ചു വരുന്നത്. പൊതമേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ വെട്ടിക്കുറയ്ക്കലുകള്‍ മൂലമാണ് ഇപ്രകാരം ഉണ്ടായത്. 1 ശതമാനം വെട്ടിക്കുറയ്ക്കല്‍ നഴ്‌സിംഗ് മേഖലയില്‍ ഔദ്യോഗകമായി പ്രഖ്യാപിച്ചത് 2015ലാണ്.
ഇതിനപ്പുറം സഹിക്കാനാവില്ലെന്ന സന്ദേശമാണ് നഴ്‌സുമാര്‍ നല്‍കുന്നതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ മിഷേല്‍ ബ്രൗണ്‍ പറഞ്ഞു. സര്‍ക്കാര്‍ നയങ്ങളോടുള്ള രോഷപ്രകടനമാണ് ഇത്. രാഷ്ട്രീയ നേതൃത്വം ഇക്കാര്യം പരിഗണിക്കണമെന്നും വിഷയത്തില്‍ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.നഴ്‌സിംഗ് മേഖലയില്‍ നിലവിലുള്ള നിയമന പ്രതിസന്ധി തെരഞ്ഞെടുപ്പ് വിഷയമായി ഉന്നയിക്കണമെന്നും രാഷ്ട്രീയ പാര്‍ട്ടികളോടും അവര്‍ ആവശ്യപ്പെട്ടു.
Leave a Reply