ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇന്ധനക്ഷാമം രൂക്ഷമായി തുടരുമ്പോൾ തന്നെ ബ്രിട്ടനിലെ സൂപ്പർമാർക്കറ്റുകളും കാലിയാകുന്നു. അവശ്യസാധനങ്ങൾ വാങ്ങുന്നതിനായി നിരവധി ആളുകളാണ് കഴിഞ്ഞ ദിവസം സൂപ്പർമാർക്കറ്റിന് പുറത്ത് ട്രോളിയുമായി കാത്തുനിന്നത്. ഭക്ഷ്യക്ഷാമം കാരണം ഈ വർഷം ടെസ്കോ, സെയ്ൻസ്ബറി, അസ്ഡ, മോറിസൺസ് എന്നിവരുടെ വില്പനയിൽ 2 ബില്യൺ പൗണ്ടിന്റെ ഇടിവാണ് ഉണ്ടായത്. ഭക്ഷ്യക്ഷാമം രൂക്ഷമാകുമെന്ന പരിഭ്രാന്തിയിൽ ടോയ്‌ലറ്റ് റോൾ ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങാൻ ആളുകൾ കൂട്ടമായി എത്തിയതോടെ സൂപ്പർമാർക്കറ്റുകളും കാലിയാകുന്ന സ്ഥിതിയിലെത്തി. രാവിലെ 11 മണിക്ക് തുറന്ന യുഎസ് റീട്ടെയിൽ ഔട്ട്‌ലെറ്റിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.

നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്ക് പ്രകാരം, 17 ശതമാനം ആളുകൾക്ക് ആവശ്യമായ ഭക്ഷണസാധനങ്ങൾ ലഭിച്ചില്ല. ക്രിസ്മസ് കാലം വരാനിരിക്കെ മൂന്നിലൊന്ന് പേരും ഭക്ഷണപാനീയങ്ങളുടെ ലഭ്യതക്കുറവിൽ ആശങ്കാകുലരാണെന്ന് റീട്ടെയ്ൽ മാഗസിനായ ദി ഗ്രോസറിന്റെ സർവ്വേയിൽ തെളിഞ്ഞു. അതുകൊണ്ട് സാധനങ്ങൾ എത്രയും വേഗം വാങ്ങി ശേഖരിക്കാനാണ് ജനങ്ങൾ ശ്രമിക്കുന്നത്. അതേസമയം, തക്കാളി സോസ്, ബേക്ക് ബീൻസ് എന്നിവയ്ക്ക് പല രാജ്യങ്ങളിലും വില ഉയരുമെന്ന മുന്നറിയിപ്പും ഉണ്ടായി.

എച്ച്ജിവി ഡ്രൈവർ ക്ഷാമം മൂലമുണ്ടാകുന്ന വിതരണ ശൃംഖലയിലെ വിലക്കയറ്റം, വർദ്ധിച്ചുവരുന്ന ഗ്യാസ് വില, ലണ്ടനിലെയും സൗത്ത് ഈസ്റ്റ്‌ മേഖലകളിലെ ഇന്ധനക്ഷാമം, നികുതി വർദ്ധനവ് തുടങ്ങി ഒന്നിലധികം പ്രതിസന്ധികളാണ് ബ്രിട്ടൻ അഭിമുഖീകരിക്കുന്നത്. എച്ച്ജിവി ഡ്രൈവർമാരായി 5,000 പേരെ പരിശീലിപ്പിക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് പദ്ധതി വിപുലീകരിക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി നാദിം സഹാവി പറഞ്ഞു. എന്നാൽ അടുത്ത മാസം വരെ സൗജന്യ കോഴ്സുകൾ ആരംഭിക്കാത്തതിനാൽ, ഈ ക്രിസ്മസിൽ ജനങ്ങൾ നേരിടുന്ന പ്രതിസന്ധി ലഘൂകരിക്കാൻ സർക്കാരിന് കഴിയുന്നില്ല. ഭക്ഷ്യക്ഷാമവും ശൂന്യമായ ഷെൽഫുകളും വരും ദിനങ്ങളിലും വലിയ ആശങ്കയ്ക്ക് കാരണമാകും.