ന്യൂസ് ഡെസ്ക്, മലയാളം യുകെ

കോവിഡ് മഹാമാരിയുടെ സമയത്ത് ലോകമെങ്ങും പേടിച്ചു വിറച്ചപ്പോഴും ഉറക്കമൊഴിച്ച് ആതുര ശുശ്രൂഷ ചെയ്തവരാണ് നേഴ്സുമാർ. യുകെയിലെ ഭൂരിപക്ഷം മലയാളികളും ആതുര ശുശ്രൂഷ മേഖലകളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരായതുകൊണ്ട് തന്നെ കോവിഡ് സമയം ഓരോ യുകെ മലയാളി കുടുംബങ്ങൾക്കും പ്രതിസന്ധിയുടെ കാലഘട്ടമായിരുന്നു. അവരുടെ അർപ്പണബോധവും സഹിഷ്ണുതയും എണ്ണമറ്റ ജീവനുകൾ രക്ഷിച്ചപ്പോൾ അസാധാരണമായ വെല്ലുവിളികളെയാണ് നേഴ്സുമാർക്ക് അഭിമുഖീകരിക്കേണ്ടി വന്നത്. കോവിഡ് കേസുകളുടെ എണ്ണം കൂടുന്നത് അനുസരിച്ച് പലർക്കും അധിക ഷിഫ്റ്റുകളും 12 മണിക്കൂറിലധികം ജോലി ചെയ്യേണ്ട സാഹചര്യവും ഉണ്ടായിരുന്നു. മറ്റ് മേഖലകളിൽ ജോലി ചെയ്തിരുന്നവർ വർക്ക് ഫ്രം ഹോമിന്റെ സംരക്ഷണത്തിൽ നിന്നപ്പോൾ യുദ്ധമുഖത്തെ മുൻനിര പോരാളികളായിരുന്നു യുകെ മലയാളി നേഴ്സുമാർ. ജോലിക്കിടെ അണുബാധയേറ്റ് മിക്കവർക്കും കോവിഡ് ബാധിച്ചു. കഠിനമായ ജോലി ഭാരവും ലോങ്ങ് കോവിഡ് ബാധിച്ചതും മൂലം പലരും ദീർഘകാല ശാരീരിക വൈഷമ്യങ്ങളുടെ പിടിയിലാണ് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


എന്നാൽ ജോലിയുടെ ഭാഗമായി ലോങ്ങ് കോവിഡ് ബാധിച്ചവർക്ക് യുകെ സർക്കാർ ധനസഹായം ഒന്നും ലഭിക്കുന്നില്ലെന്ന കടുത്ത ആക്ഷേപമാണ് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്നത്. പാൻഡമിക്കിന്റെ സമയത്ത് ലോങ്ങ് കോവിഡ് ബാധിച്ച ആയിരക്കണക്കിന് നേഴ്സുമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും ഉള്ള സാമ്പത്തിക സഹായം യഥാസമയം നൽകണമെന്ന് റോയൽ കോളേജ് ഓഫ് നേഴ്സിംഗ് ആവശ്യപ്പെട്ടു. ഇൻഡസ്ട്രിയൽ ഇൻജറീസ് ആൻഡ് അഡ്വൈസറി കൗൺസിൽ (ഐഐഎസി) ലോങ്ങ് കോവിഡിനെ ഒരു തൊഴിലിനോട് അനുബന്ധിച്ചുള്ള രോഗമായി പരിഗണിക്കണമെന്ന് രണ്ടുവർഷം മുമ്പ് ശുപാർശ ചെയ്തിരുന്നു.
എന്നാൽ ഇൻഡസ്ട്രിയൽ ഇൻജുറീസ് ആൻഡ് ഡിസേബിൾമെൻ്റ് ബെനിഫിറ്റുകൾ (ഐഐഡിബി) ആക്സസ് ആനുകൂല്യത്തിനായി അപേക്ഷിക്കാൻ ഇപ്പോഴും നേഴ്സുമാർക്ക് സാധിക്കുന്നില്ല. ഐഐഡിബിൽ 70 ലധികം രോഗങ്ങൾ ഉൾക്കൊള്ളുന്നുണ്ടെങ്കിലും കോവിഡ് ഇപ്പോഴും ലിസ്റ്റ് ചെയ്യുന്നില്ല. ഇതാണ് ജീവനക്കാർക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതിന് തടസ്സം നിൽക്കുന്നത്.


ലോങ്ങ് കോവിഡ് കാരണം നേഴ്സുമാർ ഉൾപ്പെടെയുള്ള പല ആരോഗ്യ പ്രവർത്തകരും ജോലിയിൽ നിന്ന് നേരത്തെ വിരമിക്കുന്ന സാഹചര്യവും ഉണ്ടായി കൊണ്ടിരിക്കയാണ് . ഇത്തരക്കാർ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് കടന്നു പോകുന്നത്. കോവിഡ് ഇപ്പോഴും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നതിനാൽ സർക്കാർ നേഴ്സുമാരോടും മറ്റു ആരോഗ്യ പ്രവർത്തകരോടും വഞ്ചന ആണ് കാണിച്ചിരിക്കുന്നത് എന്ന് 25 വർഷമായി കുട്ടികളുടെ തീവ്ര പരിചരണ വിഭാഗത്തിലെ നേഴ്സ് ആയ ലിസ പറഞ്ഞു. ലോങ്ങ് കോവിഡ് കാരണമുള്ള ശാരീരിക പ്രശ്നങ്ങളെ തുടർന്ന് നേരത്തെ ജോലിയിൽ നിന്ന് വിരമിക്കാൻ അവർ നിർബന്ധിതയായിരുന്നു. ലോങ്ങ് കോവിഡ് ബാധിച്ച നേഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെ സർക്കാർ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആർ സി എൻ വർക്ക് ആൻഡ് പെൻഷൻ സെക്രട്ടറി ലിസ് കെൻഡലിന് അടുത്തിടെ കത്തയച്ചിരുന്നു.