ലണ്ടന്‍: വാരാന്ത്യത്തില്‍ 160 വിമാനങ്ങള്‍ റദ്ദാക്കി യാത്രക്കാരെ ബുദ്ധിമുട്ടിച്ച റയന്‍എയര്‍ വരും ദിവസങ്ങളിലും വിമാനങ്ങള്‍ റദ്ദാക്കും. മൂന്നു ദിവസങ്ങളിലായി 160ലേറെ സര്‍വീസുകള്‍ റദ്ദാക്കുമെന്ന് കമ്പനി അറിയിച്ചു. പൈലറ്റുമാരുടെ അവധി ക്രമീകരിക്കുന്നതിലുണ്ടായ പിഴവു മൂലമാണ് വാരാന്ത്യത്തില്‍ സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നതെന്നായിരുന്നു വിശദീകരണം. മുപ്പതിനായിരത്തിലേറെ യാത്രക്കാര്‍ ഐറിഷ് ബജറ്റ് എയര്‍ലൈനുണ്ടായ പ്രതിസന്ധിയില്‍ യുകെയിലും വിദേശത്തുമായി കുടുങ്ങി.

സ്റ്റാന്‍സ്‌റ്റെഡ് വിമാനത്താവളമാണ് സര്‍വീസുകള്‍ റദ്ദാക്കിയതു മൂലം ഏറ്റവും പ്രതിസന്ധിയിലായത്. ഇന്ന് മാത്രം എസെക്‌സിലേക്കും തിരിച്ചുമുള്ള 22 ബോയിംഗ് 737 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ബാഴ്‌സലോണ, ബുഡാപെസ്റ്റ്, ഓസ്ലോ, പ്രാഗ് എന്നിവടങ്ങളിലേക്ക് ലിങ്ക് ചെയ്യുന്ന വിമാനങ്ങളാണ് ഇവ. സ്റ്റാന്‍സ്റ്റെഡില്‍ നിന്നും തിരിച്ചുമുള്ള ആറ് ഡൊമസ്റ്റിക് സര്‍വീസുകള്‍ റദ്ദാക്കി. എഡിന്‍ബറയ്ക്കുള്ള നാല് സര്‍വീസുകളും ഗ്ലാസ്‌ഗോയ്ക്കുള്ള രണ്ട് സര്‍വീസുകളുമാണ് ഇവ.

യുകെയിലെ മറ്റ് വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ കാര്യമായി തടസപ്പെട്ടിട്ടില്ല. ഡബ്ലിന്‍, ഹാംബര്‍ഗ്, ക്രാക്കോ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ് മാഞ്ചസറ്റര്‍ വിമാനത്താവളത്തില്‍ റദ്ദാക്കിയത്. ഗാറ്റ്വിക്കില്‍ നിന്നും തിരിച്ചുമുള്ള ഡബ്ലിന്‍, ബ്രിസ്ര്‌റ്റോള്‍ സര്‍വീസുകളും ബര്‍മിംഗ്ഹാം-മാഡ്രിഡ് സര്‍വീസുകളും റദ്ദാക്കി. 20-ാം തിയതി വരെ റദ്ദാക്കിയ വിമാനങ്ങളില്‍ ടിക്കറ്റ് എടുത്ത യാത്രക്കാര്‍ക്ക് അറിയിപ്പുകള്‍ നല്‍കിയതായി കമ്പനി അറിയിച്ചു.