യുകെ ഉൾപ്പെടെ നിരവധി വികസിത രാജ്യങ്ങളിലേക്കാണ് മലയാളി നഴ്സുമാർ കുടിയേറിയിരിക്കുന്നത്. ലോകമെങ്ങും നഴ്സിങ് മേഖലയിലുള്ള വമ്പിച്ച സാധ്യതകൾ തന്നെയാണ് ഈ കുടിയേറ്റത്തിന് പിന്നിൽ. എന്നാൽ മലയാളി നഴ്സുമാരെ സംബന്ധിച്ചിടത്തോളം പ്രധാനമായിട്ടുള്ള ഒരു പോരായ്മ അവർ കരിയർ രംഗത്തെ ഉയർച്ചകൾ തേടി പോകാറില്ല എന്നുള്ളതാണ്.
യുകെ പോലുള്ള രാജ്യങ്ങളിൽ മലയാളി നഴ്സുമാർ ബാൻഡ് ഫൈവ് വിൽ ജോലി ആരംഭിക്കുകയും, വിരമിക്കുകയും ചെയ്യുന്നത് ഒരേ ഗ്രേഡിൽ തന്നെയാണെന്നത് വലിയ പോരായ്മ തന്നെയാണ്. ഇത്തരത്തിലുള്ളവർക്ക് പ്രചോദനമാണ് അമേരിക്കയിൽനിന്നുള്ള ജെയ്ൻസ് ആൻഡ്രേഡിന്റെ കഥ.
താൻ തൂപ്പുകാരി ആയി ജോലി ആരംഭിച്ച ഹോസ്പിറ്റലിൽ തന്നെ നേഴ്സിംഗ് പ്രാക്ടീഷണർ ആയിട്ടാണ് പത്തുവർഷംകൊണ്ട് ജെയ്ൻസ് എത്തിച്ചേർന്നത്. നഴ്സിംഗ് പ്രാക്ടീഷണർക്ക് രോഗികൾക്ക് പ്രിസ്ക്രിപ്ഷൻ വരെ നൽകാൻ ആയിട്ട് സാധിക്കും. ഡോക്ടർമാർക്ക് അടുത്തു തന്നെയുള്ള ശമ്പള സ്കെയിലിലാണ് നഴ്സിംഗ് പ്രാക്ടീഷണറും ജോലി ചെയ്യുന്നത്.ന്യൂയോർക്കിലെ ബഫാലോ സ്വദേശിയാണ് ജെയ്ൻസ്. നിശ്ചയദാർഡ്യവും കഴിവുകളിൽ വിശ്വാസവുമുണ്ടെങ്കിൽ ലോകത്ത് ഒന്നും അസാധ്യമല്ലെന്ന് ജെയ്ൻസ് പറയുന്നു.
ഫാസ്റ്റ്ഫുഡ് ഭക്ഷണശാലയിൽ ജോലി ചെയ്യുന്നതിനിടെയാണ് 2010 ൽ ജെയ്ൻസിനെ തേടി ജീവിതം മാറ്റി മറിച്ച ആ വിളി എത്തുന്നത്. അഭിമുഖം വിജയകരമായി പൂർത്തിയാക്കിയ ജെയ്ൻസ് മസാറ്റ്ച്യൂസെറ്റ്സിലെ ബേ സ്റ്റേറ്റ് മെഡിക്കൽ സെന്ററിൽ കസ്റ്റോഡിയൽ സ്റ്റാഫായി ചേർന്നു. സ്വന്തം ജോലി ചെയ്യുന്നതിനൊപ്പം ജെയ്ന്‍സ് നഴ്സുമാരെയും അവർ രോഗികളെ പരിചരിക്കുന്ന രീതിയും ശ്രദ്ധിച്ചു. നഴ്സാവുകയെന്ന ആഗ്രഹം ജെയ്ൻസിന്റെ ഉള്ളിൽ വളർന്നു. തുടർന്ന് അതേ ആശുപത്രിയിലെ നഴ്സിങ് സ്കൂളിൽ പഠിക്കാൻ ചേർന്നു. ഇന്ന് ആശുപത്രിയിൽ ട്രോമാ സർജറി വിഭാഗത്തിൽ നഴ്സാണ് ജെയ്ൻസ്.
പത്തുവർഷത്തെ കഠിനാധ്വാനമാണിതെന്ന് പറഞ്ഞ് ആദ്യ ജോലിയുടെ ഐഡി കാർഡ് മുതൽ നഴ്സിന്റെ കാർഡ് വരെ വച്ച ചിത്രം ജെയ്ൻസ് പങ്കുവച്ചു. പ്രചോദനം പകരുന്ന ജീവിതമാണ് ജെയ്ൻസിന്റേതെന്ന് സമൂഹമാധ്യമങ്ങളിൽ പലരും അഭിപ്രായപ്പെടുന്നു. കോവിഡ് കാലത്ത് പ്രതീക്ഷകള്‍ നഷ്ടപ്പെട്ട് മടുത്തിരിക്കുമ്പോൾ മുന്നോട്ട് പോകാനുള്ള ഊർജം പകരുന്നതാണ് ജെയ്ൻസിന്റെ ജീവിതമെന്ന് സമൂഹ മാധ്യമങ്ങൾ വാഴ്ത്തുന്നു.
Leave a Reply