കോളേജ് അധികൃതരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് നഴ്സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തു. തലയോലപ്പറമ്പ് ഗവണ്‍മെന്റ് ജൂണിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിംഗ് സ്‌കൂളിലെ രണ്ടാം വര്‍ഷ എ എന്‍. എം വിദ്യാര്‍ത്ഥിനി തൊടുപുഴ പുളിമൂട്ടില്‍ ഷാജിയുടെ മകള്‍ ശ്രീക്കുട്ടി (20) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 7.30ന് ആയിരുന്നു സംഭവം. അധികൃതരുടെ മാനസിക പീഡനമെന്ന് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. രാവിലെ കുളിമുറിയില്‍ കയറിയ ശ്രീക്കുട്ടി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാതിരുന്നതോടെ മറ്റു കുട്ടികള്‍ വാതില്‍ തുറന്നപ്പോള്‍ ഷവര്‍ പൈപ്പില്‍ തൂങ്ങിയ നിലയില്‍ കാണുകയായിരുന്നു. ഉടന്‍ തന്നെ സഹപാഠികളും സ്‌കൂളിലെ ജീവനക്കാരിയും ചേര്‍ന്ന് വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്രീക്കുട്ടിയുടെ മരണത്തിനു കാരണം നഴ്സിങ് സ്‌കൂള്‍ അധികൃതരുടെ മാനസിക പീഡനമാണെന്നും, ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഹോസ്റ്റല്‍ മെസില്‍ ഭക്ഷണം മോശമായെന്നാരോപിച്ച് മൂന്നു മാസം മുമ്പ് ചില കുട്ടികള്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി അധ്യാപകര്‍ക്ക് നല്‍കി. ഇതു സംബന്ധിച്ച് അധികൃതര്‍ അന്വേഷണം നടത്തിയിരുന്നു. ഏഴു കുട്ടികളാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്നത്. ഇതു സംബന്ധിച്ച് അധികൃതര്‍ക്ക് വിവരം നല്‍കിയത് ശ്രീക്കുട്ടിയാണെന്ന് പറയുന്നു. ഇതോടെ കുട്ടികള്‍ക്കിടയില്‍ ചേരിതിരിവുണ്ടായതായും പറയപ്പെടുന്നു. സംഭവത്തെ തുടര്‍ന്ന് അധികൃതരുടെ ഭാഗത്തുന്നിനും മാനസിക പീഡനമുണ്ടായതായും ബന്ധുക്കള്‍ പറഞ്ഞു. അതേ സമയം ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ സംഭവം പി ടി എ യോഗം ചേര്‍ന്ന് വിശദീകരിക്കുകയും തുടര്‍ന്ന് പ്രശ്നം പരിഹരിച്ചിരുന്നതായും മറ്റുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് തലയോലപറമ്പ് എസ്ഐ വി എസ് സുധീഷ്‌കുമാര്‍ പറഞ്ഞു. മൃതദേഹം വൈക്കത്തു നിന്നും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റ് മോര്‍ട്ടം നടത്തുകയും ചെയ്തു.
Leave a Reply