ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ പ്രമുഖ മൊബൈൽ നെറ്റ്വർക്ക് കമ്പനികളായ O2, വോഡാഫോൺ, EE, ത്രീ എന്നീ സേവനദാതാക്കൾ £1.1 ബില്യൺ തുകയ്ക്കുള്ള കേസ് നേരിടുകയാണ് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ലോയൽറ്റി പെനൽറ്റി ക്ലെയിം എന്നറിയപ്പെടുന്ന ഈ കേസിൽ, ലക്ഷക്കണക്കിന് പഴയ ഉപഭോക്താക്കളിൽ നിന്ന് കരാർ കാലാവധി കഴിഞ്ഞിട്ടും ഹാൻഡ്സെറ്റ് തുക ഈടാക്കിയതായാണ് ആരോപിക്കപ്പെടുന്നത് . 2015 ഒക്ടോബർ 1 മുതൽ ഈ വർഷം മാർച്ച് 31 വരെ എടുത്ത 10.9 ദശലക്ഷം ഫോൺ കരാറുകൾ ഇതിൽ ഉൾപ്പെടുന്നു.

കേസിൽ വിജയിച്ചാൽ ഓരോ കരാറിനും £104 വരെ നഷ്ടപരിഹാരം ലഭിക്കാമെന്നാണ് അറിയാൻ സാധിച്ചത്. ഉപഭോക്തൃ അവകാശ പ്രവർത്തകനായ ജസ്റ്റിൻ ഗട്ട്മാൻ സമർപ്പിച്ച ഈ നിയമനടപടിക്ക് കോംപറ്റിഷൻ അപ്പീൽ ട്രൈബ്യൂണൽ വിചാരണാനുമതി നൽകിയിട്ടുണ്ട്. കാലാവധി കഴിഞ്ഞിട്ടും സേവനദാതാക്കൾ നിരക്ക് കുറയ്ക്കാതെ അന്യായമായി അധിക പണം ഈടാക്കിയെന്ന ആരോപണം ഗുരുതരമാണെന്നാണ് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത് .

അതേസമയം, ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന നിലപാടിലാണ് നെറ്റ്വർക്ക് കമ്പനികൾ. O2യും EEയും കേസ് അടിസ്ഥനമില്ലാത്തതാണ് എന്ന് അഭിപ്രായപ്പെട്ടു. വോഡാഫോൺ–ത്രീ കമ്പനി കേസിനെ തുടർന്ന് മുന്നോട്ടുള്ള നടപടികൾ പരിഗണിക്കുമെന്ന് അറിയിച്ചു. എല്ലാ യോഗ്യരായ ഉപഭോക്താക്കളും പ്രത്യേകമായി പുറത്തു പോകാനുള്ള നടപടികൾ സ്വീകരിക്കാത്ത പക്ഷം സ്വമേധയാ ഈ കേസിന്റെ പരിധിയിൽ ഉൾപ്പെടും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.











Leave a Reply