തായ് പെയ്: അവശരെയും രോഗികളെയും സഹായിക്കുന്നത് മനുഷ്യത്വമാണ്. എന്നാല്‍ തായ് വാന്‍ വിമാനക്കമ്പനിയായ ഇ വിഎ എയറിലെ എയര്‍ഹോസ്റ്റസുമാരോട് ഒരു വീല്‍ച്ചെയര്‍ യാത്രക്കാരന്‍ ആവശ്യപ്പെട്ട സഹായമാണ് കൊടുംക്രൂരത ആയിപ്പോയത്. യാത്രക്കാരന്റെ വിവിധ ആവശ്യങ്ങള്‍ മൂലം എയര്‍ഹോസ്റ്റസുമാര്‍ ഒന്നടങ്കം പൊറുതിമുട്ടുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ച ലോസ് ആഞ്ജലസില്‍ നിന്നും തായ് വാനിലേക്ക് പറന്ന വിമാനത്തിലായിരുന്നു സംഭവം.

വീല്‍ച്ചെയറില്‍ വന്ന യാത്രക്കാരന്‍ ശുചിമുറിയില്‍ പോകാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതനുസരിച്ച് അമിത ഭാരമുളളയാളെ എയര്‍ഹോസ്റ്റസുമാര്‍ ശുചിമുറിയിലെത്തിച്ചു. എന്നാല്‍ ശുചിമുറിയിലെത്തിയപ്പോള്‍ അയാള്‍ ആവശ്യപ്പെട്ട കാര്യങ്ങളാണ് അവരെ ഞെട്ടിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തന്റെ ട്രൗസറും അടിവസ്ത്രവും അഴിച്ചുനല്‍കണമെന്നായിരുന്നു ആദ്യം ആവശ്യപ്പെട്ടത്. ആദ്യം പകച്ചുപോയെങ്കിലും വീല്‍ച്ചെയറിലിരിക്കുന്ന ആളുടെ അവശത മൂലമാണെന്ന് മനസ്സിലാക്കി എയര്‍ഹോസ്റ്റസ് അതും ചെയ്തുകൊടുത്തു. എന്നാല്‍ ശുചിമുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ തുടങ്ങിയ എയര്‍ഹോസ്റ്റസുമാരെ അയാള്‍ വീണ്ടും വിളിച്ചു. തന്റെ സ്വകാര്യ ഭാഗങ്ങള്‍ കഴുകി വൃത്തിയാക്കി തരണമെന്നായിരുന്നു ആവശ്യം. ഇതില്‍ വിമുഖത കാട്ടിയ എയര്‍ഹോസ്റ്റസുമാര്‍ പറ്റില്ലെന്ന് തന്നെ മറുപടി നല്‍കി. പക്ഷേ അയാള്‍ എത്രയും പെട്ടെന്ന് വൃത്തിയാക്കിത്തരണമെന്ന് ആക്രോശിക്കുകയായിരുന്നു. ഇതോടെ നിവൃത്തിയില്ലാതെ അതും എയര്‍ഹോസ്റ്റസുമാര്‍ക്ക് ചെയ്ത് കൊടുക്കേണ്ടി വന്നു. യാത്രക്കാരന്‍ ശുചിമുറിയില്‍ നിന്നിറങ്ങാന്‍ തയ്യാറാകാതെ വന്നതോടെയാണ് അവര്‍ ആവശ്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ നിര്‍ബന്ധിതരായത്.

സംഭവത്തിന് ശേഷം ജനുവരി 21ന് എയര്‍ഹോസ്റ്റസുമാര്‍ പത്രസമ്മേളനം വിളിച്ചാണ് തങ്ങളുടെ ദുരനുഭവം അറിയിച്ചത്. യാത്രക്കാരന്‍ അനാവശ്യമായാണ് സഹായം ആവശ്യപ്പെട്ടതെന്നും വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം പുരുഷ ജീവനക്കാര്‍ അദ്ദേഹത്തെ സഹായിക്കാന്‍ ശ്രമിച്ചപ്പോള്‍ നിരസിച്ചുവെന്നും അവര്‍ പറഞ്ഞു. എന്തായാലും എയര്‍ഹോസ്റ്റസുമാരോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരനെതിരെ സമൂഹമാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധം തന്നെയാണ് ഉണ്ടാകുന്നത്