മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ എം എം മണിയുടെ ഔദ്യോഗിക വാഹനത്തിന്റെ ടയര്‍ ഊരിത്തെറിച്ച് അപകടം. എംഎല്‍എയുടെ വാഹനത്തിന്റെ പിന്‍വശത്തെ ഇടതുഭാഗത്തെ ടയറാണ് ഓട്ടത്തിനിടെ ഊരിത്തെറിച്ചത്. കേരള തമിഴ്‌നാട് അതിര്‍ത്തിയായ കമ്പംമെട്ട് ചെക്ക്‌പോസ്റ്റിന് സമീപം 100 മീറ്റര്‍ മാറിയാണ് അപകടമുണ്ടായത്. വാഹനത്തിന് വേഗത കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി. എം എം മണിയും പിഎമാരും വാഹനത്തിനുള്ളിലുണ്ടായിരുന്നു. ഇന്നലെ രാവിലെ കൂട്ടാര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കമ്പംമെട്ടിലെ ശാഖയുടെ ഉദ്ഘാടനത്തിനായി എത്തുന്നതിനിടെയാണ് സംഭവം.

വാഹനത്തിന്റെ ടയര്‍ പല തവണ ഊരിത്തെറിച്ച് അപകടമുണ്ടാകുന്നതിന് പിന്നില്‍ അസാധാരണത്വവും ദുരൂഹതയും ആരോപിക്കപ്പെടുന്നുണ്ട്. ഉടുമ്പന്‍ചോല എംഎല്‍എയുടെ വാഹനത്തിന് ടയര്‍ ഊരിത്തെറിച്ച് അപകടം ഉണ്ടാകുന്നത് നാലാം തവണയാണ്. ദുരൂഹത ചൂണ്ടിക്കാട്ടിയതിനേത്തുടര്‍ന്ന് അപകടങ്ങളെക്കുറിച്ച് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ചക്രം നട്ടുകള്‍ ഊരിയ നിലയിലും ഒടിഞ്ഞു മാറിയ നിലയിലും കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം.

2018 മേയ് 26ന് കുമളി-മൂന്നാര്‍ സംസ്ഥാന പാതയില്‍ നെടുങ്കണ്ടത്തിനു സമീപം കല്‍കൂന്തലില്‍ വെച്ചു മന്ത്രി സഞ്ചരിച്ചിരുന്ന വാഹനം റോഡില്‍ നിന്നും തെന്നി നീങ്ങിയിരുന്നു. ഇതിനെ തുടര്‍ന്ന് എസ്‌കോര്‍ട്ടിനെത്തിയ പൊലീസും, മന്ത്രി എം എം മണിക്കൊപ്പമുണ്ടായിരുന്നവരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാറിന്റെ പിന്നിലെ ടയറിന്റെ നട്ടുകളില്‍ ഒന്ന് ഊരിപ്പോയ നിലയിലും, മറ്റൊന്ന് പകുതി ഊരിയ നിലയിലും കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസും, മന്ത്രിക്കൊപ്പം ഉണ്ടായിരുന്നവരും ചേര്‍ന്ന് നട്ടുകള്‍ മുറുക്കിയശേഷമാണ് യാത്ര തുടര്‍ന്നത്.

മന്ത്രി എം എം മണി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനത്തിന്റെ ചക്രം നട്ടുകള്‍ ഊരിയപ്പോയ സംഭവത്തില്‍ കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ഈ കേസ് പിന്നീട് എഴുതിത്തള്ളി. ഇതിന് ശേഷം മന്ത്രിയായിരുന്ന സമയത്ത് തന്നെ മറ്റൊരു തവണയും ചക്രം നട്ടുകള്‍ ഊരിയ നിലയില്‍ കണ്ടെത്തിയിരുന്നു. രണ്ടാം തവണ എംഎല്‍എ ആയ ശേഷം രണ്ട് തവണയാണ് വാഹനം സമാനമായ അപകടത്തില്‍പ്പെടുന്നത്. എം എം മണിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി പോയ പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞ് അപകടം സംഭവിച്ച് മൂന്ന് പൊലീസുകാര്‍ക്ക് പരുക്കേറ്റ സംഭവം നടന്നിരുന്നു. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍ പെട്ടത്.