ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയുടെ 2025 – ലെ വളർച്ചാ നിരക്ക് നേരത്തെ പ്രവചിച്ചതിൻറെ പകുതിയാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഓഫീസ് ഫോർ ബഡ്ജറ്റ് റെസ്പോൺസിബിലിറ്റി (ഒബി ആർ) ആണ് ആശങ്കപ്പെടുത്തുന്ന വിവരങ്ങൾ പുറത്തുവിട്ടത്. 2025 – ലെ സാമ്പത്തിക ഉത്പാദനം 1.9 ശതമാനം വർദ്ധിക്കുമെന്നായിരുന്നു ഒബിആറിൻ്റെ നേരത്തെയുള്ള പ്രവചനം. ഇതാണ് വെട്ടി കുറച്ച് 1 ശതമാനമായി കുറച്ചത്.
വളർച്ചാ നിരക്കിൽ കുറവ് രേഖപ്പെടുത്തിയതിനെ തുടർന്ന് ചാൻസിലർ റേച്ചൽ റീവ്സിന്റെ കടുത്ത സാമ്പത്തിക അച്ചടക്ക നടപടികളിലേയ്ക്ക് തിരിയുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പ്രധാനമായും ക്ഷേമ പദ്ധതികളെ വെട്ടി കുറയ്ക്കുകളാണ് ഭരണനേതൃത്വം ആസൂത്രണം ചെയ്യുന്നത് . 2030-ഓടെ ഇന്നത്തെ ക്ഷേമ വെട്ടിച്ചുരുക്കലിൻ്റെ ഫലമായി 250,000 പേർ കൂടി കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെടുമെന്ന് കാണിക്കുന്ന വിശകലനങ്ങൾ പുറത്ത് വന്നു.
പ്രസിഡൻ്റ് ആയി ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം നടപ്പിലാക്കിയ വ്യാപാര നയങ്ങൾ കാരണം യുകെ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചാ നിരക്ക് നേരത്തെ പ്രവചിച്ചതിനേക്കാളും പിന്നിലാകുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. യുകെ ഉൾപ്പെടെയുള്ള പ്രധാന സമ്പദ് വ്യവസ്ഥകൾക്ക് പ്രതീക്ഷിച്ചതിലും കുറഞ്ഞ ജിഡിപി നിരക്ക് ആയിരിക്കും ഉണ്ടായിരിക്കുക എന്നതാണ് പ്രവചനം. ഇറക്കുമതി ചെയ്യുന്ന പല സാധനങ്ങൾക്കും യുഎസ് അമിതമായി നികുതി ചുമത്തുന്നത് ആണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. യുകെയുടെ സമ്പദ് വ്യവസ്ഥയുടെ വളർച്ച നേരത്തെ പ്രതീക്ഷിച്ചിരുന്നത് 1.7 ശതമാനമായിരുന്നു. എന്നാൽ ഈ വർഷത്തെ വളർച്ച 1.4 ശതമാനം മാത്രമെ ഉണ്ടാവുകയുള്ളൂ എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
യുകെയിൽ ക്ഷേമ ബില്ലിൽ ചിലവഴിക്കുന്ന തുക വെട്ടി കുറയ്ക്കാനുള്ള സർക്കാരിൻറെ നടപടി രാജ്യത്തുടനീളം നിരവധി പേരെ ബാധിക്കും എന്ന റിപ്പോർട്ടുകൾ നേരെത്തെ പുറത്തു വന്നിരുന്നു . ഏകദേശം പത്ത് ലക്ഷം പേർക്ക് പ്രതിവർഷം 5000 പൗണ്ട് വരെ നഷ്ടമാകും എന്നാണ് ഏറ്റവും പുതിയതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനു പുറമെ പേഴസണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്‌മെന്റ് (പി ഐ പി), ഡിസെബിലിറ്റി ബെനഫിറ്റ് എന്നീ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള നിബന്ധനകൾ കർശനമാക്കുകയും ചെയ്തു. ഇതുവഴിയായി ഈ ഇനത്തിൽ സർക്കാർ ചിലവഴിക്കുന്ന തുകയിൽ ഏകദേശം 5 ബില്യൺ പൗണ്ട് കുറവ് വരുത്താൻ സാധിക്കുമെന്നാണ് പ്രാഥമിക കണക്കുകൾ കാണിക്കുന്നത്.
Leave a Reply