ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: യുകെയിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രായം സ്ഥിരീകരിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറത്തുവിട്ട് നിയന്ത്രണ ഏജൻസിയായ ഓഫ്കോം. അടുത്ത വർഷം മാർച്ചിൽ വിലക്ക് പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇൻസ്റ്റഗ്രാം, ടിക്ടോക്, സ്നാപ്ചാറ്റ് ഉൾപ്പെടെ പത്ത് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കുള്ള കുട്ടികളുടെ പ്രവേശനം തടയുകയാണ് ലക്ഷ്യം. പാസ്പോർട്ട് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ പരിശോധിക്കൽ, ബാങ്കിങ് വിവരങ്ങൾ ഉപയോഗിച്ചുള്ള പ്രായപരിശോധന, മുഖം വിശകലനം ചെയ്ത് പ്രായം കണക്കാക്കുന്ന സാങ്കേതികവിദ്യ, ഡിജിറ്റൽ ഐഡി സേവനങ്ങൾ എന്നിവയാണ് ഓഫ്കോം നിർദേശിച്ച നാല് പ്രധാന മാർഗങ്ങൾ. നിർദേശങ്ങൾക്ക് സർക്കാർ അംഗീകാരം ലഭിച്ചാൽ നിരവധി മുതിർന്ന ഉപയോക്താക്കൾക്കും തങ്ങളുടെ പ്രായം സ്ഥിരീകരിക്കേണ്ടിവരും.

പ്രായപരിശോധന നടപ്പാക്കുന്നതിനുള്ള കൃത്യമായ രീതി തീരുമാനിക്കേണ്ടത് സോഷ്യൽ മീഡിയ കമ്പനികളാണെന്ന് ഓഫ്കോം വ്യക്തമാക്കി. പരിശോധനകൾ ഉപയോക്താക്കളുടെ സ്വകാര്യതയും വ്യക്തിവിവരങ്ങളുടെ സുരക്ഷയും ഉറപ്പാക്കുന്ന തരത്തിലായിരിക്കണം. ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് തടയാൻ മൊബൈൽ ഫോണുകളുടെ തലത്തിൽ തന്നെ പ്രായപരിശോധന വേണമെന്ന നിർദേശവും ചില കമ്പനികൾ മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാൽ ആപ്പിൾ, ഗൂഗിൾ തുടങ്ങിയ കമ്പനികൾ പരിശോധന ഏർപ്പെടുത്തിയാലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് സ്വന്തം നിലയിൽ പ്രായം സ്ഥിരീകരിക്കാനുള്ള ഉത്തരവാദിത്തം ഒഴിവാകില്ലെന്നാണ് ഓഫ്കോമിന്റെ നിലപാട്. പരിശോധനകൾ മറികടന്ന് ചില കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും ഏജൻസി സമ്മതിക്കുന്നു.

ഓസ്ട്രേലിയയിൽ സമാനമായ വിലക്ക് ഏർപ്പെടുത്തിയിട്ടും നിരവധി കുട്ടികൾ നിയന്ത്രണങ്ങൾ മറികടന്ന് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. യുകെയിൽ ഈ അനുഭവങ്ങളിൽനിന്ന് പാഠം ഉൾക്കൊണ്ട് സാങ്കേതിക കമ്പനികളുടെ ഉത്തരവാദിത്തം ഉറപ്പാക്കണമെന്ന് കുട്ടികളുടെ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന സംഘടനകൾ ആവശ്യപ്പെട്ടു. വിലക്ക് നടപ്പാക്കുന്നതിനൊപ്പം കുട്ടികളെ സുരക്ഷിതമായ ഓൺലൈൻ ഉപയോഗത്തിന് തയ്യാറാക്കുകയും മാതാപിതാക്കളും അധ്യാപകരും അവരുമായി തുറന്ന ചർച്ചകൾ നടത്തുകയും വേണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഓഫ്കോമിന്റെ പ്രായപരിശോധനാ നിർദേശങ്ങൾ സർക്കാർ പരിഗണിച്ചുവരികയാണ്. ഇതിൽ അന്തിമ തീരുമാനം ഈ വർഷം അവസാനത്തോടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.











Leave a Reply