ലണ്ടന്‍: സ്‌കൂളുകള്‍ തങ്ങളുടം മികവ് കാട്ടുന്നതിനായി മോശം വിദ്യാര്‍ത്ഥികളെ പരീക്ഷകളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതായി നിരീക്ഷണം. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് ഓഫ്‌സ്റ്റെഡ് അറിയിച്ചു. പ്രഖ്യാപനം ഓഫ്‌സ്റ്റെഡിന്റെ പുതിയ ചീഫ് ഇന്‍സ്‌പെക്ടറായി ചുമതലയേല്‍ക്കുന്ന അമാന്‍ഡ സ്പീല്‍മാന്‍ വെള്ളിയാഴ്ച നടത്തും. ലീഗ് ടേബിളില്‍ സ്ഥാനം നേടാനായി മികവ് പ്രകടിപ്പിക്കാത്ത് വിദ്യാര്‍ത്ഥികളെ നോണ്‍ അക്കാഡമിക് തലങ്ങളിലേക്ക് മാറ്റുകയാണെന്നും ഇത് വന്‍ അഴിമതിയാണെന്നും സ്പീല്‍മാന്‍ പറഞ്ഞു.
ലീഗ് ടേബിളുകളില്‍ ഇടം പിടിക്കുന്നതിനേക്കാള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരത്തിനാണ് സ്ഥാനം കൊടുക്കേണ്ടത്. പരീക്ഷാഫലം പ്രധാനമാണെങ്കിലും സാറ്റ്, ജിസിഎസ്ഇ, എലെവല്‍ എന്നിവയില്‍ വിജയം കൊയ്യുന്നതിനു വേണ്ടി മാത്രം പാഠ്യപദ്ധതിയെ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് സ്പീല്‍മാന്‍ പറഞ്ഞു. ജീവിത വിജയത്തിനാണ് വിദ്യാഭ്യാസം അല്ലാതെ പരീക്ഷയിലെ ഗ്രേഡുകള്‍ക്കായല്ലെന്നും അവര്‍ പറഞ്ഞു. അസോസിയേഷന്‍ ഓഫ് സ്‌കൂള്‍ ആന്‍ഡ് കോളേജ് ലീഡേഴ്‌സ് വാര്‍ഷിക കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അവര്‍.
വിദ്യാഭ്യാസം അതിന്റെ വിശാലമായ അര്‍ത്ഥത്തില്‍ സ്‌കൂളുകള്‍ നല്‍കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ് ഓഫ്‌സ്റ്റെഡ് ലക്ഷ്യമിടുന്നതെന്നാണ് സൂചന. ഉത്തരവാദിത്തത്തിന്റെ സമ്മര്‍ദ്ദമാണ് ചില സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെ ഈ വിധത്തില്‍ വേര്‍തിരിക്കുന്നതെന്നാണ് സ്പീല്‍മാന്‍ പറയുന്നത്. കുട്ടികള്‍ക്ക് അവരുടെ ഭാവിക്കായി മികച്ച വിദ്യാഭ്യാസം നല്‍കണോ തങ്ങളുടെ സ്‌കൂളുകള്‍ക്ക് ലീഗ് ടേബിളില്‍ ഉന്നത സ്ഥാനം നേടിക്കൊടുക്കണോ എന്ന വിഷയത്തിലുള്ള ഹെഡ്ടീച്ചര്‍മാരുടെ ആശയക്കുഴപ്പം ഈ വിഷയത്തില്‍ വ്യക്തമാണെന്നും അവര്‍ പറഞ്ഞു.
നമ്മുടെ പാഠ്യപദ്ധതിയെ ചിലര്‍ ഇടുങ്ങിയതാക്കി മാറ്റുകയാണ്. പരീക്ഷാഫലം മോശമാകുമെന്നതിനാല്‍ കുട്ടികളെ മാറ്റിയിരുത്തുന്നു. ഇതി അഴിമതിയില്‍ കുറഞ്ഞ മറ്റൊന്നുമല്ലെന്ന് അവര്‍ കോണ്‍ഫറന്‍സില്‍ വ്യക്തമാക്കി. ഈ പ്രസംഗത്തിനു പിന്നാലെ ഓഫ്‌സ്റ്റെഡ് നാഷണല്‍ ഡയറക്ടര്‍ ഫോര്‍ എഡ്യുക്കേഷന്‍ സീന്‍ ഹാഫോര്‍ഡിന്റെ പ്രസ്താവനയും എത്തി. ചില സ്‌കൂളുകള്‍ വന്‍ തോതില്‍ കുട്ടികളെ നോണ്‍ അക്കാഡമിക് ക്വാളഇഫിക്കേഷനിലേക്ക് മാറ്റുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് കുട്ടികള്‍ക്ക് ഉപകാരപ്രദമാവില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. സ്‌കൂള്‍ റോളുകളില്‍ നിന്ന് കുട്ടികളെ ഇപ്രകാരം മാറ്റുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.