ലണ്ടന്‍: ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിനേക്കാള്‍ പരീക്ഷാ ഫലങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സ്‌കൂളുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഓഫ്‌സ്റ്റെഡ്. എക്‌സാം ഫാക്ടറികള്‍ മാത്രമായി ചുരുങ്ങുന്ന സ്‌കൂളുകളെ നിരീക്ഷിക്കുമെന്ന് ഓഫ്‌സ്റ്റെഡ് മേധാവി അമാന്‍ഡ സ്പീല്‍മാന്‍ പറഞ്ഞു. ലീഗ് ടേബിള്‍ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്താനായി തന്ത്രങ്ങള്‍ പയറ്റുന്ന സ്‌കൂള്‍ അധികൃതര്‍ ലജ്ജിക്കണമെന്നും അവര്‍ പറഞ്ഞു. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് വര്‍ഷത്തോളം മോക്ക് ടെസ്റ്റുകള്‍ നടത്തുന്നതും മറ്റും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ബാഡ്ജുകളും സ്റ്റിക്കറുകളും വാങ്ങാന്‍ മാത്രമാണ് പഠനം എന്ന തോന്നല്‍ ഇത്തരം രീതികള്‍ സൃഷ്ടിക്കും. കുട്ടികളുടെ താല്‍പര്യങ്ങളേക്കാള്‍ സ്‌കൂളുകളുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന വരുന്ന സംവിധാനമാണ് ഇതെന്നും അവര്‍ കുറ്റപ്പെടുത്തി. ലീഗ് ടേബിളിനെ അടിസ്ഥാനമാക്കി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം അളക്കുന്ന സര്‍ക്കാര്‍ നയത്തിനും വിപരീതമാണ് ഓഫ്‌സ്റ്റെഡ് ചീഫിന്റേത് എന്ന് വ്യക്തമാക്കുകയാണ് അമാന്‍ഡയുടെ പ്രസ്താവന. ബെര്‍ക്ക്ഷയറില്‍ നടന്ന വിദ്യാഭ്യാസ കോണ്‍ഫറന്‍സിലാണ് ഈ പരാമര്‍ശങ്ങള്‍ ഇവര്‍ നടത്തിയത്.
അസോസിയേഷന്‍ ഓഫ് സ്‌കൂള്‍ ആന്‍ഡ് കോളേജ് ലീഡേഴ്‌സ് സ്പീല്‍മാന്റെ ഈ പ്രസ്താവനയെ സ്വാഗതം ചെയ്തു. സ്‌കൂള്‍ പരിശോധനകളുടെയും ലീഗ് ടേബിള്‍ സ്ഥാനങ്ങളുടെയും മുകളിലായി കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് ഓഫ്‌സ്‌റ്റെഡ് ഊന്നല്‍ നല്‍കുന്നതെന്നും ഇതിനെ തങ്ങള്‍ സര്‍വാത്മനാ സ്വാഗതം ചെയ്യുകയാണെന്നും ജനറല്‍ സെക്രട്ടറി ജെഫ് ബാര്‍ട്ടന്‍ പറഞ്ഞു.
Leave a Reply