ലണ്ടന്‍: ഗുരുതരമായ ചികിത്സാപ്പിഴവ് മൂലം നവജാതശിശുക്കള്‍ മരിച്ച സംഭവങ്ങള്‍ പരിശേധനയ്ക്ക് വിധേയമാക്കാന്‍ നിര്‍ദേശം. ഷ്രൂസ്ബറി ആന്‍ഡ് ടെല്‍ഫോര്‍ഡ് ഹോസ്പിറ്റല്‍ ട്രസ്റ്റിലെ അഞ്ചോളം നവജാത ശിശു മരണങ്ങള്‍ പരിശോധിക്കാനാണ് ഹെല്‍ത്ത് സെക്രട്ടറി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജനനത്തോടനുബന്ധിച്ചുണ്ടായ മസ്തിഷ്‌ക ക്ഷതങ്ങള്‍ സംബന്ധിച്ച് 27ഓളം കേസുകള്‍ ആശുപത്രിക്കെതിരെ നിലവിലുണ്ടെന്ന് ഒരു നിയമ സ്ഥാപനം അറിയിച്ചു. ഒഴിവാക്കാവുന്ന പിഴവുകള്‍ ആവര്‍ത്തിക്കുന്നതില്‍ ആശുപത്രി മുന്‍പന്തിയിലാണെന്നും വിഷയത്തില്‍ പൂര്‍ണ്ണ തോതിലുള്ള അന്വേഷണം നടത്തണമെന്നും ഒരു മെഡിക്കല്‍ നെഗ്ലിജന്‍സ് ചാരിറ്റിയും ആവശ്യപ്പെട്ടു.

പ്രവസ സമയത്തെ പിഴവുകള്‍ മൂലം ശിശുക്കള്‍ മരിച്ച സംഭവങ്ങള്‍ ആശുപത്രി കൈകാര്യം ചെയ്ത രീതി പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് ഉത്തരവിട്ടതായി കഴിഞ്ഞ മാസം ബിബിസിയാണ് റിപ്പോര്‍ട്ട് ചെയ്തത്. 2014നും 2013നുമിടയില്‍ ഒഴിവാക്കാനാകുമായിരുന്ന ഏഴോളം ശിശു മരണങ്ങള്‍ ഈ ആശുപത്രിയില്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയസ്പന്ദനം രേഖപ്പെടുത്തുന്നതിലുണ്ടായ വീഴ്ചയാണ് അഞ്ചോളം ശിശുക്കളുടെ മരണത്തിന് കാരണമായത്.

എന്നാല്‍ ഇതു മാത്രമല്ല ഈ ആശുപത്രിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍. ഇവിടെ ജനിച്ച കുട്ടികളില്‍ മസ്തിഷ്‌കത്തിന് ക്ഷതമേല്‍ക്കുന്നവരുടെ എണ്ണവും കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത്തരം ഒരു സംഭവത്തില്‍ ആശുപത്രി ട്രസ്റ്റ് 4.4 മില്യന്‍ പൗണ്ടാണ് നഷ്ടപരിഹാരമായി നല്‍കിയിരിക്കുന്നത്. സിടിജി ടെസ്റ്റുകള്‍ പരാജയപ്പെട്ടതിനു മാത്രം ട്രസ്റ്റ് നിരവധി കേസുകളാണ് നേരിടുന്നതെന്നും വിവരങ്ങള്‍ പുറത്തു വന്നിരുന്നു. രണ്ട് കേസുകളിലായി 1,50,000 പൗണ്ടാണ് നഷ്ടപരിഹാരത്തുക. സിടിജി പ്രശ്‌നം പരിഹരിക്കുന്നതിന് ആവശ്യമായ ധനസഹായം ലഭിച്ചിട്ടും ആശുപത്രിയില്‍ ചികിത്സാപ്പിഴവുകള്‍ തുടര്‍ക്കഥയാകുന്നുവെന്നാണ് വിവരം.