ജോസ് ജെ. വെടികാട്ട്

ഓ ! ജൂൺ ! നീ പിറക്കുന്നത് അന്ധകാരം വരുമ്പോളൊരു ചെറുതിരി തെളിക്കാൻ !

ഭാവിയിൽ നടക്കാനിരിക്കുന്ന പാതകളിലേക്ക്, പഥികർ ദീർഘനിശ്വാസമുതിർക്കേണ്ട പാതകളാകാം അവ, നയിക്കേണ്ട ഭൂമികളിലേക്ക് നീ മെല്ലേ വാതിൽ തുറക്കുന്നു !

മരീചികകൾ മനസ്സിൽ താലോലിക്കും പൈതങ്ങളേ സരസ്വതിക്ഷേത്രങ്ങളാം വിദ്യാലയങ്ങളിലേക്ക് ആനയിക്കുന്നു,

പൈതങ്ങൾക്ക് പുസ്തകക്കെട്ടും ചോറുപൊതിയും ഒരുക്കി നൽകി അയക്കുമ്പോളീ അമ്മമാരുടെ ജീവിതമരുഭൂമിയിൽ നീ മരുപ്പച്ചയായ് ഭവിക്കുന്നു !

സരസ്വതിയാമ ധന്യതയിൽ സ്വർണ്ണരാജിത പുലർവേളകളിൽ ആകാശപ്പറവകൾ കൂട്ടമായ് ചിറകടിച്ചെങ്ങോ പറന്നു പോകുന്നു തെല്ലും ഭയമില്ലാതെ !

കൂട്ടമായ് പറക്കുന്നതു കാരണം അവക്ക് കൈവരുന്നു ഭയമുക്തി!

സ്നേഹോഷ്മളതയാൽ സമ്മാനിതരായ പോൽ കുടകൾ ചൂടി പൈതങ്ങൾ മഴയേ എതിരേൽക്കുന്നു !

പൈതങ്ങൾ തൻ മനസ്സിലെ പിൻവിളി പോൽ, ഹൃദ്സ്പന്ദങ്ങൾ പോൽ, മാരിക്കാറാം ഇരുൾ പുടവ നീർത്തുന്നു ,വൈകാതെ മാനം തെളിയുന്നു , പൊന്നിളം വെയിൽ തെളിയുന്നു പൈതങ്ങൾ തൻ മനസ്സിൽ പ്രജ്ഞയുദിക്കും പോൽ!

മാറി മാറി എത്ര മനോമുകുരഭാവങ്ങൾ നിനക്ക് ജൂൺ !

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചതുർ അശ്വങ്ങളെ പൂട്ടിയ മാരിവിൽ തേരിൽ സ്വപ്നരാജകുമാരനണയുമ്പോൽ , സന്ധ്യാസുമേരു സങ്കല്പങ്ങൾക്ക് നിറമേകുമ്പോൾ , മനസ്സിലെങ്കിലും തോൽവി പൃകാത്ത രജപുത്രൻ ഉണ്ണിക്ക് മാതൃകയാകുമ്പോൾ, രജപുത്രകഥ വിദ്യയായ് ഒപ്പിയെടുക്കും ഉണ്ണി കാംക്ഷിക്കുന്നതെന്ത്? ‘അശോകചക്രമോ രജപുത്രവീര്യമോ?”

ഓ ! ജൂൺ! നീ വാതിൽ തുറക്കുന്നത് ഇരുളിന്റെ പൊരുൾ തേടി വെളിച്ചത്തിലേക്ക് നയിക്കപ്പെടാനോ?

ഇരുളിന്റെ പൊരുൾ തേടി വെളിച്ചത്തിനു പകരം ഇരുളിലേക്ക് തന്നെ നയിക്കപ്പെടാനോ?!

ഇരുളിന്റെ പൊരുൾ ഇരുളിനെ സാധൂകരിക്കുമെന്നോ? !

ഓ ജൂൺ ! ഓളപരപ്പിന്നാഴത്തിൽ ഒരു ചെറുമൺതരി പതിക്കും പോൽ , ഒരു ചെറുപുഷ്പം വാടിക്കൊഴിയുമ്പോൽ , മിഴിനീർ തൂകും പോൽ സാന്ദ്രം ലോലം നിൻ മനം ജൂൺ !

ഈ ഭൂവിലേറ്റം മനസമന്വയിയും നീ തന്നെ ജൂൺ !

ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷം അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ.  അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .