തിരുവനന്തപുരം: തമിഴ്‌നാട്ടിലും കേരളത്തിലും ഭീതി വിതച്ച ഓഖി ചുഴലിക്കാറ്റിനേക്കുറിച്ച് മുന്നറിയിപ്പ് ലഭിക്കാന്‍ വൈകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ ഉച്ചക്ക് മാത്രമാണ് ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചത്. ചുഴലിക്കാറ്റില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കടലില്‍ അപകടത്തില്‍പ്പെട്ട 33 പേര്‍ തിരികെയെത്തിയിട്ടുണ്ട്. 33 വള്ളങ്ങളിലുള്ള മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയെങ്കിലും വള്ളം ഉപേക്ഷിച്ച് കപ്പലില്‍ കയറാന്‍ ഇവര്‍ തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഭക്ഷണം ലഭിച്ചാല്‍ മതി, കടലില്‍ത്തന്നെ തുടരാമെന്നാണ് ഇവര്‍ പറയുന്നത്. അല്ലെങ്കില്‍ വള്ളം കരയിലേക്ക് എത്തിക്കണെന്നാണ് അവര്‍ ആവശ്യപ്പെടുന്നതെന്നും പിണറായി വ്യക്തമാക്കി. കാണാതായവര്‍ എത്ര പേരുണ്ടെന്നത് സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ ലഭ്യമായിട്ടില്ല. നാവികസേനയും വ്യോമസേനയും കോസ്റ്റ് ഗാര്‍ഡും സംയുക്തമായാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. നേവി, എയര്‍ഫോഴ്‌സ് ഹെലികോപ്ടറുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും കാലാവസ്ഥ അനുകൂലമല്ലാത്തത് തടസമുണ്ടാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏഴ് കപ്പലുകളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്. വിഴിഞ്ഞത്ത് കണ്‍ട്രോള്‍ റൂം തുറന്നു. തീരദേശത്തുള്ളവരെ ഒഴിപ്പിക്കുന്നതിനായി 13 ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ലക്ഷദ്വീപിലും കേരളത്തിലും ഒരുപോലെ രക്ഷാപ്രവര്‍ത്തനം നടത്തേണ്ട അവസ്ഥയാണ് ഉള്ളതെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. ചുഴലിക്കാറ്റ് കേരളത്തിലും തമിഴ്‌നാട്ടിലുമായി എട്ട് പേരുടെ ജീവനെടുത്തുവെന്നാണ് വിവരം.