കവരത്തി: കേരളത്തിലും തമിഴ്‌നാട്ടിലും നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ 135 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കുന്നു. മിനിക്കോയ്,കവരത്തി, കല്‍പേനി, അമിനി, കടമത്ത്, ബിത്ര, ആന്ത്രോത്ത്, അഗതി, കില്‍ട്ടന്‍ ദ്വീപുകളില്‍ കനത്ത മഴ തുടരുകയാണ്. പലയിടങ്ങളിലും വീടുകള്‍ക്ക് കാര്യമായ തകരാറുകള്‍ നേരിട്ടു. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകര്‍ന്നു. നൂറിലേറെ വര്‍ഷം പഴക്കമുള്ള ലൈറ്റ്ഹൗസിനു തകരാറുകളുണ്ടായെന്നാണ് വിവരം.
നാവികസേന ദ്വീപിലെ രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തെത്തിയിട്ടുണ്ട്. കേരളത്തില്‍ വീശിയതിനേക്കാള്‍ ശക്തി പ്രാപിച്ച് അതിതീവ്ര വിഭാഗത്തിലാണ് കാറ്റ് ലക്ഷദ്വീപില്‍ എത്തിയത്. ഇന്ന് 190 കിലോമീറ്റര്‍ വേഗതയില്‍ വരെ ദ്വീപില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കല്‍പേനിയിലെ ഹെലിപ്പാഡും വെള്ളം അടിച്ചു കയറാതിരിക്കാന്‍ തയ്യാറാക്കിയ സംവിധാനങ്ങളും തിരയില്‍ തകര്‍ന്നു.
ലക്ഷദ്വീപില്‍ നിന്ന് ഞായറാഴ്ചയോടെ ഓഖി ഗുജറാത്ത് തീരത്തെത്തുമെന്നാണ് പ്രവചനം. ഇതോടെ കാറ്റ് ശക്തികുറഞ്ഞ ന്യൂനമര്‍ദ്ദമായി മാറും. വമ്പന്‍ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
Leave a Reply