ലണ്ടന്‍: പഴയ 10 പൗണ്ട് നോട്ടുകളുടെ കാലാവധി മാര്‍ച്ച് 1 വരെ മാത്രമായിരിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. പ്ലാസ്റ്റിക് നോട്ടുകള്‍ അവതകരിപ്പിച്ചതോടെയാണ് പേപ്പര്‍ നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സെപ്റ്റംബര്‍ 14നായിരുന്നു പത്ത് പൗണ്ടിന്റെ പ്ലാസ്റ്റിക് നോട്ടുകള്‍ നിലവില്‍ വന്നത്. മാര്‍ച്ച് ഒന്ന് മുതല്‍ പഴയ നോട്ടുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ലെങ്കിലും ബാങ്കുകളില്‍ അവ മാറ്റിയെടുക്കാന്‍ സൗകര്യമുണ്ടായിരിക്കുമെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. 2000 നവംബര്‍ 7നാണ് ചാള്‍സ് ഡാര്‍വിന്റെ ചിത്രത്തോടുകൂടിയ 10 പൗണ്ടിന്റെ നോട്ട് അവതരിപ്പിച്ചത്.
അന്ധര്‍ക്കും ഭാഗികമായി അന്ധതയുള്ളവര്‍ക്കും തിരിച്ചറിയാനുള്ള ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയ ആദ്യത്തെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നോട്ടാണ് പുതിയ പ്ലാസ്റ്റിക് നോട്ടുകള്‍. പ്ലാസ്റ്റിക് നോട്ടുകള്‍ അവതരിപ്പിച്ചതിനു ശേഷം ഇപ്പോള്‍ വിനിമയത്തിലുള്ള 10 പൗണ്ട് നോട്ടുകളില്‍ 55 ശതമാനവും പ്ലാസ്റ്റിക് നോട്ടായി മാറിക്കഴിഞ്ഞു. 359 മില്യന്‍ പേപ്പര്‍ നോട്ടുകളും നിലവിലുണ്ട്. നോവലിസ്റ്റ് ജെയിന്‍ ഓസ്റ്റന്റെ ചിത്രമാണ് ഈ നോട്ടിലുള്ളത്. കുറഞ്ഞത് 5 വര്‍ഷമെങ്കിലും ഒരു നോട്ടിന് ആയുസുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കുറഞ്ഞ അളവില്‍ മൃഗക്കൊഴുപ്പ് പ്ലാസ്റ്റിക് നോട്ടുകളുടെ നിര്‍മാണത്തില്‍ ഉപയോഗിക്കുന്നുണ്ടെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വെളിപ്പെടുത്തിയതിനു പിന്നാലെ വിവാദങ്ങളും ഉയര്‍ന്നിരുന്നു. 5 പൗണ്ട് നോട്ടുകള്‍ അവതരിപ്പിച്ചപ്പോള്‍ ഉയര്‍ന്ന വിവാദങ്ങള്‍ 10 പൗണ്ടിനു പിന്നാലെയും തുടരുകയാണ്. നിരോധിച്ച 5 പൗണ്ടിന്റെ പേപ്പര്‍ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ഇപ്പോഴും കഴിയുമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കി.
Leave a Reply