മസ്കറ്റ്: ഒമാനില്‍ സ്വദേശിവത്കരണം മൂലം മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാവുന്നു. ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം പ്രധാനമായും ആരോഗ്യ മേഖലയില്‍ ജോലിയിലുള്ള നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമാണ് തൊഴില്‍ നഷ്ടമാകുക. 415 വിദേശി നഴ്സുമാര്‍ക്ക് നോട്ടീസ് ലഭിച്ചിരുന്നു. 80 വിദേശ ഡോക്ടര്‍മാരെ മാറ്റി സ്വദേശികളെ നിയമിക്കാനാണ് ഏറ്റവും അവസാനമായി തീരുമാനിച്ചിരിക്കുന്നതെന്നാണ് ഒമാന്റെ സര്‍ക്കാര്‍ ഔദ്യോഗിക മാധ്യമമായ ഒമാന്‍ ഒബ്സര്‍വര്‍ പുറത്തുവിട്ട വാര്‍ത്ത.
ആരോഗ്യമേഖലയിലെ സ്വദേശിവത്കരണത്തിന്റെ ഭാഗമായി സ്വദേശി ഡോക്ടര്‍മാര്‍ക്കായി ആരോഗ്യമന്ത്രാലയം നടത്തിയ പ്രവേശന പരീക്ഷ പൂര്‍ത്തിയായിട്ടുണ്ട്. ഇതിന്റെ ഫലം വന്നാല്‍ ഉടന്‍ തന്നെ ഇവരെ നിയമിക്കാനാണ് തീരുമാനം. കൂടാതെ പ്രവേശന യോഗ്യതകള്‍ പൂര്‍ത്തിയാക്കിയ 120 ദന്തഡോക്ടര്‍മാരേയും സ്വദേശികളില്‍ നിന്നു തന്നെ നിയമിക്കാന്‍ തീരുമാനമായതായും റിപ്പോര്‍ട്ടുകളുണ്ട്.
മലയാളികളടക്കം 415 നേഴ്സുമാര്‍ക്ക് നേരത്തെ തന്നെ ലഭിച്ച നോട്ടീസ് പ്രകാരം അടുത്ത മാസം ഒന്ന് വരെ മാത്രമേ ജോലിയില്‍ തുടരാന്‍ ആവുകയുള്ളൂ. ആരോഗ്യമേഖലയിലെ സ്വദേശിവത്കരണം നിലവില്‍ 65 ശതമാനമായി ഒമാനില്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ കാലങ്ങളായി ജോലിയില്‍ പരിചയമുള്ള വിദേശികളെ മാറ്റി പുതിയ ആളുകളെ എടുക്കുന്നത് ആരോഗ്യ സേവന രംഗത്തെ മോശമായി ബാധിക്കുമെന്നും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
Leave a Reply