ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ വീടുവാങ്ങുന്നവർക്ക് തങ്ങൾക്ക് ഇഷ്ടമുള്ള മോർട്ട്ഗേജ് അഡ്വൈസേഴ്സിനെ തിരഞ്ഞെടുക്കാനുള്ള പൂർണ അവകാശമുണ്ടെന്ന് പ്രോപ്പർട്ടി ഒംബുഡ്സ്മാൻ വീണ്ടും വ്യക്തമാക്കി. എസ്റ്റേറ്റ് ഏജന്റുമാരുടെ ചില അനധികൃത പ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവന്ന പനോരമ ഡോക്യുമെന്ററിയുടെ പശ്ചാത്തലത്തിലാണ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. എസ്റ്റേറ്റ് ഏജൻ്റ് നിർദേശിച്ച സേവനങ്ങൾ സ്വീകരിക്കണമെന്ന് നിർബന്ധിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഒംബുഡ്സ്മാൻ ചൂണ്ടിക്കാട്ടി.

വീട് വിൽപ്പന അംഗീകരിക്കുന്നതിന് മുൻപ്, ഏജന്റിന്റെ സ്വന്തം മോർട്ട്ഗേജ് ബ്രോക്കറെയോ സോളിസിറ്ററെയോ ഉപയോഗിക്കണമെന്ന് വാങ്ങുന്നവരെ നിർബന്ധിക്കുന്നത് ‘കണ്ടീഷണൽ സെല്ലിങ്’ ആയി കണക്കാക്കപ്പെടുന്നുവെന്നും ഇത് അനുവദനീയമല്ലെന്നും പുതിയ മാർഗനിർദേശത്തിൽ പറയുന്നു. വാങ്ങുന്നവർക്ക് തങ്ങളുടെ ബ്രോക്കർ, ഇൻഷുറൻസ് സേവനദാതാവ്, സോളിസിറ്റർ എന്നിവരെ സ്വതന്ത്രമായി തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും ഒംബുഡ്സ്മാൻ വ്യക്തമാക്കി.

അതേസമയം, വാങ്ങുന്നവരുടെ ഫണ്ടിന്റെ ഉറവിടം സ്ഥിരീകരിക്കാൻ എസ്റ്റേറ്റ് ഏജന്റിന് അവകാശമുണ്ടെന്ന് മാർഗനിർദേശം വ്യക്തമാക്കുന്നു. എന്നാൽ 1979 ലെ എസ്റ്റേറ്റ് ഏജന്റ്സ് ആക്ട് പ്രകാരം എല്ലാ ഓഫറുകളും വിൽപ്പനക്കാരനിലേക്ക് കൈമാറണം. ഏജന്റിന്റെ അധിക സേവനങ്ങൾ ഉപയോഗിക്കാത്തതിന്റെ പേരിൽ വാങ്ങുന്നവരോട് വിവേചനം കാണിക്കാനോ, വീടുകൾ കാണുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താനോ എസ്റ്റേറ്റ് ഏജന്റുമാർക്ക് അവകാശമില്ലെന്നും ഒംബുഡ്സ്മാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.











Leave a Reply