ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ലണ്ടനിൽ പുതുതായി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ 30 ശതമാനവും ഒമിക്രോൺ മൂലമെന്ന് റിപ്പോർട്ട് . മന്ത്രിമാർക്ക് ലഭിച്ച വളരെ രഹസ്യമായ റിപ്പോർട്ടിലാണ് ബ്രിട്ടനിലെ സ്ഥിതിഗതികൾ രൂക്ഷമാകുന്നതായി വ്യക്തമാക്കുന്നത്. ക്രിസ്മസ് അടുക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത് ആവശ്യമായി വരികയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുകെയിലെ പ്രമുഖ നേതാക്കളെ എല്ലാം തന്നെ വിളിച്ചുകൂട്ടി അടിയന്തര മീറ്റിംഗ് നടത്താൻ തീരുമാനമായിട്ടുണ്ട്. ഇതിൽ സ്ഥിതിഗതികൾ വിലയിരുത്തുവാനും ആവശ്യമായ നടപടികൾ സ്വീകരിക്കുവാനും ഉള്ള തീരുമാനങ്ങൾ ഉണ്ടാകും. ബ്രിട്ടനിലെ സ്ഥിതിഗതികൾ മോശമാണെന്നും ലണ്ടനും സ് കോട് ലൻഡുമെല്ലാം ഹോട്ട്സ്പോട്ടുകൾ ആയി മാറുകയാണെന്നും കമ്മ്യൂണിറ്റി സെക്രട്ടറി മൈക്കിൾ ഗോവ് വ്യക്തമാക്കി. സാഹചര്യം നേരിടാനുള്ള അടിയന്തര പ്ലാൻ പ്രധാനമന്ത്രിയുടെ ഓഫീസ് ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ആവശ്യമെങ്കിൽ വീണ്ടും വർക്ക്‌ ഫ്രം ഹോം സംവിധാനം തുടരാനും ആലോചനയുണ്ട്. ഇത്തരം നിയന്ത്രണങ്ങൾ ജനങ്ങളുടെ ക്രിസ്മസ് ആഘോഷത്തെ അപ്പാടെ തകർക്കും എന്നുള്ളതാണ് മറ്റൊരു ആശങ്ക നിലനിൽക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ലണ്ടനിലെ 32 ബറോകളിലും കേസുകൾ വർദ്ധിക്കുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സാഹചര്യങ്ങളെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആരോഗ്യവിദഗ്ദർ വ്യക്തമാക്കി. സ് കോട്ട്‌ലൻഡിലും സാഹചര്യങ്ങൾ അതിരൂക്ഷമായി കൊണ്ടിരിക്കുകയാണ്. ബ്രിട്ടനിൽ ഒമിക്രോൺ കേസുകൾ ഒരു ദിവസം തന്നെ 54 ശതമാനത്തോളമാണ് ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ഒറ്റ ദിവസം കൊണ്ട് തന്നെ 448 ഓളം ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അടുത്തയിടെ നടന്ന ഒരു പഠന റിപ്പോർട്ടിൽ 70 മുതൽ 75 ശതമാനത്തോളം ഒമിക്രോൺ ബാധയെ തടയുവാൻ ബൂസ്റ്റർ ഡോസുകൾക്ക് സാധിക്കുന്നുണ്ട് എന്നത് പ്രതീക്ഷ നൽകുന്നതാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന കർശന നിർദേശമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.