ന്യൂസ് ഡെസ്ക് മലയാളം യുകെ
കൊച്ചി : കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചു. യുകെ യിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിലും ഡൽഹിയിലും നടത്തിയ സാംപിൾ പരിശോധനയിലാണ് ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. യുകെയിൽ നിന്ന് അബുദാബിയിൽ എത്തിയ ശേഷം എത്തിഹാദ് എയർവെയ് സിൽ ഡിസംബർ ആറിനാണ് ഇദ്ദേഹം കൊച്ചിയിലെത്തിയത്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും രണ്ടാം ദിവസം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു.
ഇദ്ദേഹത്തോടൊപ്പം കൊച്ചിയിലെത്തിയ ഭാര്യയും ഭാര്യാമാതാവും കോവിഡ് പോസിറ്റീവായതായും ആരോഗ്യമന്ത്രി അറിയിച്ചു. ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ സാംപിൾ പരിശോധന ഫലം കാത്തിരിക്കുകയാണ്. ഇദ്ദേഹത്തിൻ്റെ ഭാര്യ മാതാവ് നിലവിൽ നിരീക്ഷണത്തിലാണ്.
രോഗിയുമായി സമ്പർക്കംപുലർത്തിയവരെ കണ്ടെത്തിയിട്ടുണ്ടെന്നും വിമാനത്തിലുണ്ടായിരുന്ന 149 യാത്രക്കാരേയും വിവരം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 26 മുതൽ 32 വരെയുള്ള സീറ്റുകളിലെ യാത്രക്കാരെയാണ് ഹൈ റിസ്ക് കാറ്റഗറിയിൽപ്പെടുത്തി ക്വാറൻ്റൈൻ ചെയ്തത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗബാധിതൻ പൂർണ ആരോഗ്യവാനാണെന്നും മന്ത്രി വ്യക്തമാക്കി.
Leave a Reply