ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുകുലുക്കിയിട്ട് 18 മാസം കഴിയുമ്പോൾ ബ്രിട്ടൻ അഭിമുഖീകരിക്കുന്നത് കടുത്ത പ്രതിസന്ധിയെയാണ്. ജൂലൈ -19ന് ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുമ്പോൾ രാജ്യം നേരിട്ടേക്കാവുന്ന രോഗവ്യാപനത്തേക്കുറിച്ചുള്ള ആശങ്കയിലാണ് ശാസ്ത്രജ്ഞരും ആരോഗ്യവിദഗ്ധരും. ജനങ്ങൾക്ക് കോവിഡ് -19 നെക്കുറിച്ച് ശരിയായ അവബോധം നൽകേണ്ട ഈ സമയത്ത് ഇപ്പോഴും എൻഎച്ച്എസിൻെറ വെബ്സൈറ്റിൽ കോവിഡ് തിരിച്ചറിയാൻ നൽകിയിരിക്കുന്നത് ആദ്യകാല ലക്ഷണങ്ങൾ മാത്രമാണെന്ന വിമർശനം ഉന്നയിച്ചിരിക്കുകയാണ് ലണ്ടനിലെ കിംഗ്സ് കോളേജിലെ എപ്പിഡെമിയോളജി പ്രൊഫസറായ ടിം സ്‌പെക്ടർ. ലോകത്തിലെ തന്നെ ഏറ്റവും വിപുലമായി കോവിഡിനെ കുറിച്ചുള്ള പഠനത്തിന് നേതൃത്വം കൊടുക്കുന്ന സോയി കോവിഡ് സ്റ്റഡിക്ക് നേതൃത്വം നൽകുന്നത് പ്രൊഫസർ ടിം സ്‌പെക്ടറാണ്.
എൻഎച്ച്എസിൻെറ വെബ്സൈറ്റിൽ ചുമ, പനി, മണം നഷ്ടപ്പെടുന്നത് എന്നിവ മാത്രമാണ് രോഗത്തിൻറെ പ്രധാന ലക്ഷണങ്ങളായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. എന്നാൽ നിലവിൽ അസാധാരണ ക്ഷീണം, തലവേദന, തൊണ്ടവേദന, മൂക്കൊലിപ്പ് എന്നിവയടക്കം ഇരുപതിലധികം ലക്ഷണങ്ങൾ കോവിഡ് 19 -ന്റേതായി തിരിച്ചറിയപ്പെട്ടിട്ടുണ്ട്. കണ്ടുപിടിക്കപ്പെട്ട പുതിയ ലക്ഷണങ്ങളെ കുറിച്ച് ജനങ്ങൾക്ക് ശരിയായ അബോധം നൽകിയില്ലെങ്കിൽ തങ്ങൾക്ക് കോവിഡ് ബാധിച്ചത് തിരിച്ചറിയപ്പെടാതെ പോകാനുള്ള സാധ്യത ഉണ്ടെന്ന് പ്രൊഫസർ അഭിപ്രായപ്പെട്ടു. പ്രതിരോധ കുത്തിവെയ്പ്പ് എടുത്തതിനുശേഷവും കോവിഡ് ബാധിക്കാനുള്ള സാധ്യതയുണ്ട്. എന്നാലും പ്രതിരോധ കുത്തിവയ്‌പ്പ് എടുത്തവരിൽ രോഗം അപകടകാരിയാവാൻ സാധ്യത വളരെ കുറവാണ്. കോവിഡ് രോഗ ബാധിതരിൽ 80 -തിൽ ഒരാൾക്ക് ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ നമ്മുടെ ആരോഗ്യ സംവിധാനങ്ങൾ അതിനെ നേരിടാൻ സജ്ജമായിരിക്കണമെന്ന് പ്രൊഫസർ ടിം സ്‌പെക്ടർ പറഞ്ഞു.
Leave a Reply