സുരേഷ് തെക്കീട്ടിൽ
ഓണം ഇരട്ടി മധുരമാകുന്നത് എപ്പോഴാണ് ? ഓണം നമുക്ക് ഒരിക്കലും മറക്കാനാകാത്ത അനുഭവമാകുന്നത്, ഗൃഹാതുര സ്മരണകളായി മനസ്സിൽ നിറയുന്നത് എങ്ങനെയാണ് ?
ഏറ്റവും ചുരുക്കി പറഞ്ഞാൽ എല്ലാ അർത്ഥത്തിലും പ്രകൃതിയേയും ഓണത്തെയും ആഘോഷങ്ങളെയും എല്ലാം മനോഹരമാക്കുന്നത് അക്ഷരക്കൂട്ടുകൾ കൂടി ചേർന്നാണ്. ഓണത്തിന് എന്തെന്നില്ലാത്ത ചന്തമൊരുക്കുന്നത് വാക്കുകളും വരികളും കൂടി ചേർന്നാണ്. അങ്ങനെ സംഭവിക്കുന്നത് ഹൃദ്യമായ വാക്കുകളിലൂടെയും ഉള്ളു തൊടുന്ന വരികളിലൂടെയും ഓണം വർണ്ണിക്കപ്പെടുമ്പോഴാണ് . ആ വർണന മനോഹരമായ ഓർമ്മകളായി സങ്കൽപ്പങ്ങളായി നമ്മിൽ തെളിയുമ്പോഴും പടരുമ്പോഴുമാണ്. പുഴയ്ക്കും മഴയ്ക്കും,മലയ്ക്കും അരുവിക്കും, ആകാശത്തിനും പൂവിനും, പൂമ്പാറ്റയ്ക്കും മഞ്ഞുതുള്ളിക്കും, എല്ലാം സൗന്ദര്യം ഉണ്ടായത് ആ സൗന്ദര്യത്തെ സ്വന്തം ഹൃദയത്തിലേക്ക് ആവാഹിച്ച് അറിയപ്പെടുന്ന എഴുത്തുകാർ അവരുടെ സൃഷ്ടികളിൽ ആവിഷ്കരിച്ചപ്പോഴാണ് . അവതരിപ്പിച്ചപ്പോഴാണ്. അങ്ങനെയാണ് ഒഴുകുന്ന നദിയുടെ ഓളവും താളവും വീശുന്ന കാറ്റിൻ്റെ സംഗീതവുമെല്ലാം നമുക്കിടയിൽ സൗന്ദര്യ സങ്കല്പങ്ങളായി ഇതൾ വിരിയാൻ തുടങ്ങിയത്.
അതേപോലെയുള്ള രചനകളിലൂടെ കഴിഞ്ഞകാല ഓർമ്മകളിലേക്ക് വായനക്കാരെ കൊണ്ടുപോകാനും ആ കാലത്തെ പറഞ്ഞറിയിക്കാൻ കഴിയാത്ത വിധം നിർവൃതി പകരുന്ന ഓർമ്മകളായി അവതരിപ്പിക്കുവാനും സാധിച്ചു എന്നതാണ് മലയാളം യു.കെ യുടെ വിജയം . കഴിഞ്ഞ അഞ്ചുവർഷമായി ചെയ്തു കൊണ്ടിരിക്കുന്നതും അതുതന്നെ. ഓണത്തിൻ്റെ സൗന്ദര്യം ഓണത്തിൻ്റെ ചന്തം ഐതിഹ്യം, ഓണനിലാവ്, ഓണപ്പൂക്കൾ, ഓണക്കളികൾ, ഊഞ്ഞാലാട്ടം തുടങ്ങി ഓണവുമായി ബന്ധപ്പെട്ട എല്ലാ നന്മകളെയും ഒന്നും വിട്ടു പോകാതെ ഇഴ ചേർത്തെടുക്കുന്ന ഓണാഘോഷമാണ് കഴിഞ്ഞ അഞ്ചുവർഷമായി മലയാളം യുകെ ഒരുക്കുന്നത് എന്ന് മനസ്സിലാക്കിയാണ് ഇത് പറയുന്നത്. ഇക്കുറിയും ഒട്ടും വ്യത്യസ്തമായിരുന്നില്ല. അത്തം മുതൽ തിരുവോണം വരെ അക്ഷര വിരുന്ന് ഒരുക്കി മലയാളം യുകെ കെങ്കേമായിതന്നെ ഈ ഓണമവുമാഘോഷിച്ചു. പ്രശസ്ത സിനിമാസംവിധായകൻ ശ്രീ.കവിയൂർ ശിവപ്രസാദ് ഉൾപ്പെടെ കഥാകാരന്മാരും കവയിത്രികളും കവികളും ഒക്കെയായി ഒട്ടേറെ പ്രമുഖർ ഈ ഓണവിരുന്നിനായി ഒത്തു ചേർന്നു.അഥവാ ഓണ വിഭവങ്ങളുമായി അവർ എത്തി. 45 മുൻനിര എഴുത്തുകാരെയാണ് വ്യത്യസ്തതയാർന്ന എഴുത്തിന്റെ തിളക്കവുമായി മലയാളം യുകെ ഈ വേദിയിൽ അണിനിരത്തിയത്.
ശ്രദ്ധേയനായ യുവകവി അഖിൽ പുതുശ്ശേരിയുടെ ‘പണ്ടത്തെ ഓണം’ എന്ന കവിത നമ്മളെ പഴയകാല ഓണസങ്കല്പങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോയി.ചിങ്ങം എത്തി എന്നും തുമ്പപ്പൂവേ നീയെന്തേ പൂക്കാൻ വൈകുന്നു എന്നും ഈ കവി ചോദിക്കുന്നുണ്ട്. ഓണത്തിന്റെ സുഖമുള്ള ഒരു സന്ദേശം ഈ കവിതയിലൂടെ പകർന്നു നൽകാൻ ആവുന്നുണ്ട് ഇദ്ദേഹത്തിന്.
നീയും ഞാനും തനിച്ചാകുമ്പോൾ വരണ്ട ചിന്തകൾ കുളിർമഴയായി ഒഴുകും എന്നാണ് സുജാത അനിൽ തന്റെ കവിതയിൽ പറയുന്നത്. കവിത പ്രതീക്ഷയാണ്, പ്രതിഷേധമാണ്, പ്രണയമാണ് പ്രകൃതിയാണ് നിർവചിക്കാനാകാത്ത അല്ലെങ്കിൽ നിർവചനങ്ങളിൽ ഒതുങ്ങാത്ത പലതുമാണ്.ഇവിടെ ഈ കവയിത്രിക്ക് കവിത ശുഭചിന്തകളാണ്. പുതിയ കാലത്തെ ശുഭചിന്തകളോടെ വരവേൽക്കാൻ ആഹ്വാനം ചെയ്യുകയാണ് ഈ കവിതയിൽ .വെയിൽ തിന്ന് നീരു വറ്റിയ വരണ്ട ചിന്തകൾ കുളിർമഴയാൽ തളിർക്കുമെന്ന് ഈ രചന നമ്മോട് ഉറപ്പിച്ചു പറയുന്നു.
പട്ടുനൂൽ മരണം എന്ന സുരേഷ് നാരായണന്റെ കവിത നല്ല നിലവാരം പുലർത്തുന്നുണ്ട്. പുതിയ കാലത്ത് കവിത എന്തായിരിക്കണം കവിതയുടെ ധർമ്മം എന്തായിരിക്കണം എന്നുള്ള ധാരണ ഈ കവിക്കുണ്ട് എന്ന് തെളിയിക്കാൻ സുരേഷ് നാരായണനായി. വാക്കുകൾ ചേർത്തുവെക്കുമ്പോൾ വാക്കുകൾക്കിടയിൽ ജനിക്കുന്നതാണ് കവിത എന്ന് ഇദ്ദേഹം കൃത്യതയോടെ തിരിച്ചറിയുന്നു. അത് കവിതയിലൂടെ കാണിച്ചുതരുന്നു.
ശ്രീ.ജോജിതോമസിന്റെ വേറിട്ട ചിന്തകൾ എന്ന പുസ്തകത്തിന് സതീഷ് ബാലകൃഷ്ണൻ എഴുതിയ ആസ്വാദനം ശ്രദ്ധേയം. ഇത് വേണ്ട ചിന്തകളാണ് എന്ന് പുസ്തകത്തിലൂടെ യാത്ര ചെയ്ത് എഴുതി ഫലിപ്പിക്കുവാൻ ശ്രീ സതീഷ് ബാലകൃഷ്ണന് സാധിച്ചു . ജോജിതോമസിന്റെ പുസ്തകത്തിൻറെ ആഴവും വരികളുടെ ഭംഗിയും ഒട്ടും വിട്ടുപോകാതെ ആ പുസ്തകം വായിച്ച ഒരു പ്രതീതി വായനക്കാരിൽ ഉണ്ടാക്കുന്ന തരത്തിൽ എഴുതുന്നതിൽ ശ്രീ സതീഷ് ബാലകൃഷ്ണൻ വിജയിച്ചു.
മനുഷ്യരും പ്രകൃതിയും തമ്മിലുള്ള സിംഫണിയാണ് ഓണം എന്ന് തന്റെ ലേഖനത്തിൽ ജോസ്ന സാബു സെബാസ്റ്റ്യൻ വെറുതെ പറഞ്ഞു പോകുകയല്ല .മറിച്ച്ആ വലിയ സത്യം ഉള്ളിൽ പതിപ്പിക്കും വിധം നല്ല ഭാഷയിൽ ശൈലിയിൽ ലളിതമായി എഴുതി സ്ഥാപിക്കുകയാണ്.
ഡോക്ടർ പ്രമോദ് ഇരുമ്പുഴിയുടെ ലക്ഷദ്വീപ് യാത്രാ വിവരണം അതിമനോഹരം. തിണ്ണകര , ബംഗാരം എന്നീ ദ്വീപുകളിലേക്കുള്ള യാത്രയെ കുറിച്ചാണ് വിവരിക്കുന്നത്. കണ്ണുനീർത്തുള്ളിയുടെ ആകൃതിയാണത്രേ തിണ്ണകര എന്ന ദ്വീപിന് .കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു കൗതുകം . ലക്ഷദ്വീപിലെ ഏക എയർപോർട്ട് ഉള്ള അഗത്തിയിൽ നിന്നും എട്ട് കിലോമീറ്റർ വടക്കുകിഴക്കാണ് ഈ രണ്ട് ദ്വീപുകൾ. ആ ദ്വീപുകൾ സന്ദർശിച്ച ഒരു അനുഭവം ഈ വിവരണത്തിലൂടെ നൽകുവാൻ പ്രമോദ് ഇരുമ്പുഴിക്ക് സാധിച്ചിട്ടുണ്ട്. വായനയെ ഹൃദയത്തോടു ചേർത്തുവെച്ച ഈ അധ്യാപകൻ വ്യത്യസ്ത മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച് നാടാകെ അറിയപ്പെടുന്ന വ്യക്തി കൂടിയാണ്.
തിരക്കേറിയ പ്രവാസ ജീവിതത്തിനിടയിൽ വീണു കിട്ടിയ ഓണാഘോഷത്തെ കുറിച്ചാണ് ഷാനോ എം. കുമരൻ്റെ കഥ. നാട്ടിലെ സന്തോഷം നിറഞ്ഞ ഓണംകൂടലിനു ശേഷമുള്ള തിരിച്ചുപോക്ക്. വേദനാജനകമായ ഒരു കാത്തിരിപ്പിന്റെ സുഖമുള്ള വിടവാങ്ങൽ തിരിച്ചുപോക്കിൽ പ്രിയപ്പെട്ട കൂട്ടുകാർക്കുള്ള സമ്മാനങ്ങൾ, അതിലേറെ മരുന്നു സഞ്ചികൾ പിന്നെ ഒരു ക്രിസ്തുമസ് ആഘോഷത്തിന് തിരിച്ചുവരുവാനുള്ള മോഹങ്ങളും.
ഓണം ഒരു ഓർമ്മ എന്ന കഥ ഒരു കാര്യം തെളിയിക്കുന്നു കഥയുടെ ക്രാഫ്റ്റ് അറിയുന്ന എഴുത്തുകാരനാണ് ഷാനോ .എം.കുമരൻ.
(തുടരും)
സുരേഷ് തെക്കീട്ടിൽ
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്ത പാലൂർ സ്വദേശി .സവിനയം പറയട്ടെ, കഥ നിറയും കാലം, കഥയുണരും കാലം, എന്നീ മൂന്ന് കഥാസമാഹാരങ്ങളും, നിറഞ്ഞൊഴുകും നിള വീണ്ടും എന്ന കവിതാ സമാഹാരവും പത്തോർമ്മകളും പിന്നെ പാലൂരോർമ്മകളും എന്ന ഓർമ്മക്കുറിപ്പുകളും, ബീ പ്രാക്ടിക്കൽ എന്ന നോവലും പ്രസിദ്ധീകരിച്ചു. .മുക്കം ഭാസി മാഷുടെ ആത്മകഥയുൾപ്പെടെ 21 കൃതികൾക്ക് അവതാരികയെഴുതി. കഥകളും, ഹ്രസ്വ കഥകളും,കവിതകളുമായി രണ്ടായിരത്തിലധികം രചനകൾ. അഞ്ഞൂറോളം രചനകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു .
ആകാശവാണിയിലൂടെ കഥകളും കവിതകളും പ്രക്ഷേപണം ചെയ്യപ്പെട്ടു. പതിനേഴു പുരസ്കാരങ്ങൾക്ക് അർഹനായി. സോഷ്യൽ മീഡിയായിൽ ഏറ്റവും കൂടുതൽ കഥകൾ എഴുതിയ ഇന്ത്യൻ എഴുത്തുകാരൻ എന്ന യു.ആർ.എഫ് നാഷണൽ റെക്കാർഡിന് 2018ൽ അർഹനായി.
Leave a Reply