സുരേഷ് തെക്കീട്ടിൽ

മലയാളം യു കെയിൽ പ്രസിദ്ധീകരിച്ച ഓണ വിഭവങ്ങളിലൂടെ ഞാൻ യാത്ര തുടരുകയാണ്. ആവർത്തിക്കുന്നു. ഇത് ആഴമേറിയ ഒരു പഠനമല്ല. അത്തരം പഠനം, വിശദമായ വിശകലനം ഭൂരിഭാഗം രചനകളും അർഹിക്കുന്നു എന്നും അത് കൂടുതൽ കരുത്തോടെ അപഗ്രഥനത്തിന് വിധേയമാക്കാൻ പ്രാപ്തരായവർക്ക് മുന്നിൽ എത്തണമെന്നും ഞാൻ തിരിച്ചറിയുന്നുണ്ട്. അങ്ങനെ സംഭവിക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നുമുണ്ട്. ഇവിടെ എനിക്കും എൻ്റെ എഴുത്തിനും പരിമിതി ഉണ്ടെന്നുള്ള ബോധ്യവും, ബോധവും ഉൾക്കൊണ്ടു തന്നെയാണീ വിലയിരുത്തൽ .

വിജ്ഞാനം വാച്യമാകുമ്പോൾ എന്ന ശ്രീ.ബിനോയ് എം .ജെയുടെ ശ്രദ്ധേയമായ ലേഖനത്തെ ആഴമേറിയ അറിവിൻ്റെ ബഹിർസ്ഫുരണം എന്ന് തന്നെ സത്യസന്ധമായി വിശേഷിപ്പിക്കാം. മനുഷ്യരിൽ വിജ്ഞാനം എങ്ങനെ സംഭവിക്കുന്നു? ഈ പ്രപഞ്ചത്തിലുള്ള എന്തിനേയും, ഏതിനേയും അറിയാനുള്ള കഴിവ് ഏവർക്കുമുണ്ടെന്നും ബാഹ്യമായ ഏതെങ്കിലും സംവേദനം അറിവുകളെ ഉണർത്തുന്നുവെന്നും ലേഖനം സമർത്ഥിക്കുന്നു. മനസ്സ് വിജ്ഞാനത്തെ മറക്കുന്നുവെന്നും തെറ്റായ അറിവുകളുടെ സമാഹാരമാണ് മനസ്സ് എന്നും ലേഖകൻ അഭിപ്രായപ്പെടുമ്പോൾ അത് വെറും ഒരു അഭിപ്രായപ്രകടനം മാത്രമായി അനുഭവപ്പെടില്ല .അവിടെയാണ് എഴുത്തിൻ്റെ വിവരണങ്ങളുടെ കാമ്പും കരുത്തും. മൂന്ന് പതിറ്റാണ്ടിലധികമായി തത്വചിന്ത പഠിക്കുകയും ഇരുപതു വർഷങ്ങളായി സാധന തുടരുകയും ചെയ്യുന്ന എഴുത്തുകാരന്റെ ലേഖനത്തെ സമീപിക്കുമ്പോൾ പുലർത്തേണ്ട ശ്രദ്ധയും സൂക്ഷ്മതയും ഞാൻ എൻ്റെ വായനയിൽ പാലിച്ചു എന്നാണ് ഈ ലേഖനത്തെ കുറിച്ച് എനിക്ക് പറയുവാനുള്ളത്. അറിയേണ്ടതായ കാര്യങ്ങൾ അറിയാവുന്ന ഒരാൾ അറിയാൻ അഗ്രഹിക്കുന്നവർക്കായി എഴുതുന്നു. അതാണ് ഈ ലേഖനത്തെ കുറിച്ച് എൻ്റെ വായനാനുഭവം.

മലയാളികളുടെ സ്വപ്നങ്ങൾ . ശ്രീ .മെട്രിസ് ഫിലിപ്പ് തൻ്റെ ലേഖനത്തിൽ കൈകാര്യം ചെയ്യുന്നത് നിസ്സാര വിഷയമല്ല. ഈ കാലഘട്ടം ചർച്ച ചെയ്യേണ്ടതായ പ്രധാന വിഷയം തന്നെയാണ്. അദ്ദേഹത്തിൻ്റെ ഭാഷയും ശൈലിയും സരസവും ഹൃദ്യവുമാണ്. അതിനാൽ തന്നെ വായന ഏറെ രസകരവും. ഒരു ശരാശരി മലയാളിയുടെ ജീവിതത്തെ ഭംഗിയായി വരച്ചിടുവാനുള്ള ശ്രമം നന്നായി വിജയിച്ചിട്ടുണ്ട്. ആ സ്വഭാവ വിശേഷങ്ങൾ സൂക്ഷ്മ നിരീക്ഷണത്തിലൂടെ മനസ്സിലാക്കി കൃത്യമായി എഴുതിയ ലേഖനം ശക്തമായ സന്ദേശമാണ് നൽകുന്നതും . നാളെ എന്നത് ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ലാതിരിക്കുമ്പോൾ ഇന്ന് നമുക്ക് വേണ്ടി നാം എന്ത് ചെയ്തു എന്ന് ചോദ്യത്തിന് ഉത്തരം തേടേണ്ടതുണ്ട്. പ്രസക്തം തന്നെയാണ് ഈ നിരീക്ഷണം .ഓരോ ദിവസവും നമുക്ക് ലഭിക്കുന്ന ബോണസ് ആണ് ജീവിതം എന്ന തിരിച്ചറിവ് , മുഴുവൻ ജീവിതകാലവും ജോലി ചെയ്ത് പണം സമ്പാദിച്ച് അവശനായി ഈ ലോകം വിട്ടു പോയിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു എന്ന് പറയുന്നതിൽ നിന്നും പുതിയ തലമുറ അതിനു തയ്യാറല്ല എന്ന സൂചന കാണാം . ഇത് നൂറു ശതമനവും ശരിയാണ്. റിട്ടയർ ചെയ്തിട്ട് ജീവിക്കാമെന്ന് ആരും കരുതരുത്. ഇന്ന് മനസ്സാഗ്രഹിക്കുന്നത് എന്തോ അത് ചെയ്യുക അത് സാധിക്കുക ഇന്ന് കഴിഞ്ഞേ നാളെ ഉള്ളൂ ലേഖനം പറയുന്നു ജീവിതം ആസ്വദിക്കുവാൻ ഈ ലേഖനം ഉപദേശിക്കുന്നു. മറ്റുള്ളവർക്കായി ജീവിച്ചു മരിച്ചവർ സത്യത്തിൽ നിങ്ങൾ ഇങ്ങനെ ആകരുതേ എന്ന പാഠം നൽകിയാണ് കടന്നു പോയത്.നാം മനസ്സിലാക്കിയാൽ നമുക്കു കൊള്ളാം .അതു തന്നെ അത്ര തന്നെ .

ഫാത്തിമ മാതാ നാഷണൽ കോളേജിലെ ഒന്നാം വർഷ എം .എ വിദ്യാർത്ഥിനിയായ ഗംഗ.പി.യുടെ കവിതയാണ് “എനിക്ക് പ്രണയം” എന്ന തലക്കെട്ടിൽ വന്നിരിക്കുന്നത് . പ്രണയ കാഴ്ചകൾ പകർത്തുകയാണ് ഈ യുവ കവയിത്രി നിരാശയിലും പ്രതീക്ഷയെഴുതി ജീവിതത്തെ പുലരും പ്രണയം എന്ന് അവർ എഴുതുന്നു ഈ മികച്ച ആശയം വരികളിലൂടെ സ്ഥാപിക്കാൻ ശ്രമിക്കുന്നു.

“നിന്റെ നിഴലും എൻ്റെ നിലാവും” എന്നാണ് ശ്രീമതി. മിന്നു സിൽജിത് തന്റെ കവിതയ്ക്ക് പേര് നൽകിയിരിക്കുന്നത്. സ്വപ്നങ്ങളിൽ മാഞ്ഞുപോയ ഒരു നിലാവിനെ കുറിച്ചാണ് കവിത. നിറയെ പൂത്തുലഞ്ഞ വാകമരച്ചുവട്ടിൽ തുമ്പ പൂക്കളത്തിന് അരികിൽ നിന്നാണ് നിൻ്റെ നിഴലും എൻ്റെ നിലാവും പ്രണയത്തിലായത്. .എന്നാൽ ദിവാസ്വപ്നങ്ങളിൽ മഞ്ഞു പോയ നിലാവിനെ കുറിച്ചാണ് കവിത തുടർന്നു പറയുന്നത്. എങ്കിലും ഒരു ഓണ നിലാവും തൊടിയിലെ വാടാമല്ലി ചെടികളും പൂവിളികളും കാത്ത് ആളൊഴിഞ്ഞ ഹൃദയ ശിഖരങ്ങളുടെ നിഴലിൽ ഒരു ക്ലാവ് പിടിച്ച ഊഞ്ഞാൽ അവശേഷിക്കുന്നുണ്ട്. ക്ലാവ് പിടിച്ച ഒരു ഊഞ്ഞാൽ അതിമനോഹരം ഈ പ്രയോഗം. കവിതയെ കവിതയാക്കുന്നതിൽ ഇത്തരം ഭാവനകൾ പ്രയോഗങ്ങൾ വഹിക്കുന്ന പങ്ക് ഏറെ വലുതാണ്. നിഷേധിക്കാനാവില്ല. നിഷേധിച്ചിട്ട് കാര്യവുമില്ല .ആത്മാർത്ഥമായി പറയട്ടെ നല്ല കവിത.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശ്രീ.എം.ജി.ബിജുകുമാർ പന്തളം എഴുതിയ കഥയാണ് അമൃതവർഷിണി. ഈ അടുത്തകാലത്ത് ഞാൻ വായിച്ച കഥകളിൽ ഉള്ളിൽ തട്ടിയ മികച്ച രചനകളിലൊന്നായി “അമൃതവർഷിണി”യെ ഞാൻ ചേർത്തു വെക്കുന്നു. കഥാപാത്രത്തെ അവതരിപ്പിക്കുന്ന സമയം നടത്തുന്ന പുതുമയാർന്ന ചില പരിസര വർണനകൾ കഥയ്ക്ക് മികവിൻ്റെ തികവ് സമ്മാനിക്കുന്നുണ്ട്. വായനക്കാരിലേക്ക് കഥ പൂർണതയോടെ പകർത്താൻ നന്നായി അറിയുന്ന കഥാകാരൻ ആദ്യാവവസാനം വായനക്കാരനെ കഥ അനുഭവിപ്പിക്കുകയാണ് .കഥ ജീവിത നൊമ്പരങ്ങളെ ,അടയാളപ്പെടുത്തുന്നതിനോടൊപ്പം പൊതു സമൂഹം നിശ്ചയിച്ച് വരയിട്ട് നൽകിയ മാനദണ്ഡങ്ങൾ മറികടന്ന് പൂക്കുന്ന പ്രണയത്തെ ആ പ്രണയ സൗരഭത്തെ എല്ലാം എത്ര മനോഹരമായാണ് കഥയിൽ വിളക്കി ചേർത്തിരിക്കുന്നത്. ഒരു സ്ത്രീയുടെ പൂർണത അമ്മയാവുക എന്നത് കൂടിയാണ് എന്ന സത്യത്തെ ‘ അത് ഒരു ഉത്തരം കൂടിയാണ് പല പ്രശ്നങ്ങൾക്കും എന്ന വസ്തുതയെ കുടി കഥ ചിത്രീകരിക്കുന്നു. എന്നെ ഏറെ അത്ഭുതപ്പെടുത്തിയ ഈ കഥ എഴുതിയ എഴുത്തുകാരന്റെ ബയോഡേറ്റ ആ അത്ഭുതത്തിന് അവകാശമില്ല എന്ന കൃത്യമായ ഉത്തരം തന്നു എന്നു കൂടി പറയട്ടെ. ഇനിയും മികവുറ്റ കഥകൾ പ്രതീക്ഷിക്കട്ടെ.ആശംസകൾ.

(തുടരും)

സുരേഷ് തെക്കീട്ടിൽ

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്ത പാലൂർ സ്വദേശി .സവിനയം പറയട്ടെ, കഥ നിറയും കാലം, കഥയുണരും കാലം, എന്നീ മൂന്ന് കഥാസമാഹാരങ്ങളും, നിറഞ്ഞൊഴുകും നിള വീണ്ടും എന്ന കവിതാ സമാഹാരവും പത്തോർമ്മകളും പിന്നെ പാലൂരോർമ്മകളും എന്ന ഓർമ്മക്കുറിപ്പുകളും, ബീ പ്രാക്ടിക്കൽ എന്ന നോവലും പ്രസിദ്ധീകരിച്ചു. .മുക്കം ഭാസി മാഷുടെ ആത്മകഥയുൾപ്പെടെ 21 കൃതികൾക്ക് അവതാരികയെഴുതി. കഥകളും, ഹ്രസ്വ കഥകളും,കവിതകളുമായി രണ്ടായിരത്തിലധികം രചനകൾ. അഞ്ഞൂറോളം രചനകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു .
ആകാശവാണിയിലൂടെ കഥകളും കവിതകളും പ്രക്ഷേപണം ചെയ്യപ്പെട്ടു. പതിനേഴു പുരസ്കാരങ്ങൾക്ക് അർഹനായി. സോഷ്യൽ മീഡിയായിൽ ഏറ്റവും കൂടുതൽ കഥകൾ എഴുതിയ ഇന്ത്യൻ എഴുത്തുകാരൻ എന്ന യു.ആർ.എഫ് നാഷണൽ റെക്കാർഡിന് 2018ൽ അർഹനായി.