പിങ്കി എസ്

ഓണത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ എല്ലാവരുടേയും മനസിലേക്ക് ഓടി വരിക സമത്വ സുന്ദരമായ ഒരു ലോകത്തെക്കുറിച്ചുള്ള ഭാവനയാണ്. മാവേലി നാടു വാണീടും കാലം… എന്നു തുടങ്ങുന്ന ഓണപ്പാട്ട് കുട്ടിക്കാലത്ത് എൻ്റെ മനസിനെ വളരെയധികം സ്വാധീനിച്ച ഒന്നാണ്. അതിൻ്റെ രചയിതാവ് ആരെന്ന ചോദ്യം കേരളത്തിൻ്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിൽ ഉയർന്നു നിൽക്കുന്നു. സഹോദരൻ അയ്യപ്പൻ സാമൂഹ്യ പരിഷ്ക്കരണത്തിൻ്റെ ഭാഗമായി എഴുതിയതാണെന്നു ഒരു വിഭാഗവും അതിനു മുമ്പ് തന്നെ ഓണപ്പാട്ടായി തലമുറകൾ കൈമാറി വന്നതാണെന്നും വാദമുണ്ട്. 1921 ൽ സഹോദരൻ എന്ന മാസികയിൽ അയ്യപ്പൻ ഈ പാട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി. പലവരികളും പിന്നീട് മുറിച്ചു മാറ്റുകയും കൂട്ടി ചേർക്കുകയും ചെയ്തതാണെന്ന വാദവും നിലനിൽക്കുന്നു.

പ്രൈമറി പഠന കാലത്ത് സ്കൂളിൽ ടീച്ചർ ഈ പാട്ട് ചൊല്ലി കേൾപ്പിക്കുമ്പോൾ അത്ഭുതത്തോടെ ടീച്ചറിനെ നോക്കുന്ന ഒരു പാട് പേരുടെ മുഖം ഇന്നും മനസിൽ ഉണ്ട്. വൈകിട്ട് സ്കൂൾ വിട്ടു വന്ന് ഇങ്ങനെയൊരു ലോകം ഉണ്ടായിരുന്നുവോ എന്ന് അമ്മൂമ്മയോട് ആകാംക്ഷയോടെ ചോദിക്കുന്ന ഒരു കുട്ടി എൻ്റെ ഓർമ്മചിത്രത്തിലുണ്ട്.

മാവേലിത്തമ്പുരാൻ്റെ നാടിനെക്കുറിച്ചുള്ള കഥകളും ഭരണവും സമത്വസുന്ദരമായ ലോകത്തെക്കുറിച്ചും ഒടുവിൽ വാമനൻ ചവിട്ടി താഴ്ത്തിയതിനെക്കുറിച്ചുമൊക്കെ അമ്മൂമ്മ വാചാലയാകും. അതുപോലെ കർക്കിടക മാസത്തിൻ്റെ അവസാന ദിവസം വീടും പരിസരവും വൃത്തിയാക്കി മുഴുവൻ മാലിന്യവും തെക്കേ മൂലയിൽ കൊണ്ടു കളയും . മൂധേവി പോ,പോ… ശ്രീദേവി വാ, വാ…എന്ന് എന്നെക്കൊണ്ട് അമ്മൂമ്മ വിളിപ്പിച്ചിരുന്നുവെന്നാണ് ഓർമ്മ. ദൗർഭാഗ്യങ്ങൾ ഒക്കെ പോയി ഐശ്വര്യം വരാനാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് എനിക്കു പറഞ്ഞ് തന്നിരുന്നത്.

അത്തം തുടങ്ങി പത്ത് നാളും പൂക്കളം അമ്മൂമ്മക്ക് നിർബന്ധമാണ്. അയൽക്കാരി പങ്കയമ്മൂമ്മയുടെ വീട്ടിൽ നിന്നു എടുത്തു കൊണ്ടു വരുന്ന ചാണകം മെഴുകിയ തറയിൽ നാടൻ പൂക്കൾ കൊണ്ടാണ് പൂക്കളം ഒരുക്കുക. അതിരാവിലെ ഞാനും കൂട്ടുകാരി ഫിജിയും വേലിയരികിലും വീടുകളിലും നിൽക്കുന്ന പൂക്കൾ പറിക്കാൻ പോകുന്നതും സുഖമുള്ള ഒരോർമ്മ തന്നെ.

മിക്കവാറും എല്ലാ വീടുകളിൽ ഊഞ്ഞാലിടും. ഊഞ്ഞാലിലെ തണ്ടു വലി, കാഞ്ഞിൽ പിടിത്തം ഇതൊക്കെ ഞങ്ങൾ കുട്ടികളുടെ മത്സരയിനങ്ങൾ ആണ്. ഏറ്റവും പൊക്കത്തിൽ ഊഞ്ഞാൽ ആടുന്നതും ആട്ടുന്നതും വല്ലാതെ ഹരം പിടിപ്പിച്ചിരുന്നു.

തിരുവോണ ദിനത്തിലെ ഏറ്റവും വലിയ സന്തോഷം കുടുംബാംഗങ്ങൾ ഒരുമിച്ച് ഇലയിട്ട് ഉണ്ണുന്ന പായസം കൂട്ടിയുള്ള വിഭവ സമൃദ്ധമായ സദ്യയാണ്. എല്ലാ ബന്ധുക്കളും ഉള്ളത് കൊണ്ട് ഞങ്ങൾ കുട്ടികൾക്ക് ഒരുമിച്ച് വിളയാനും സന്തോഷിക്കാനും സാഹസക്കളികളിൽ ഏർപ്പെടാനും പറ്റിയ അവസരം.ഓണത്തിന് മാത്രം തൂശനിലയിൽ വിളമ്പുന്ന ചില സ്പെഷ്യൽ കറികളുടെ രുചിക്കൂട്ടുണ്ട്. വിളക്ക് കത്തിച്ച് മാവേലിയെ സങ്കൽപ്പിച്ച് ഇല ഇടുന്ന പതിവുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അന്ന് ഇന്നത്തെ പോലെ റസ്റ്റോറൻ്റ് ഓണം വ്യാപകമല്ലാതിരുന്നതിന്നാലും, കടകളിൽ കിട്ടുന്ന വിഭവങ്ങൾക്ക് പരിമിതി ഉള്ളതിനാലും, ഓണസദ്യ ഞങ്ങളെ ഹരം കൊള്ളിച്ചിരുന്നു. കുട്ടിക്കാലത്തെ രസമുള്ള ഓണയോർമ്മകൾ എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവുമാണ്. അന്ന് ടെലിവിഷൻ വ്യാപകമല്ലാതിരുന്നതിനാൽ, മുതിർന്ന സ്ത്രീകൾക്ക് അടുക്കള പരസ്പര സഹകരണത്തിൻ്റെയും ആശയ കൈമാറ്റത്തിൻ്റേയും നാട്ടുവിശേഷങ്ങളുടേയും ഇടമായിരുന്നു.ഇന്ന് ചാനലുകൾ വിളമ്പുന്ന ഡിജിറ്റൽ ഓണത്തിലും ഓർഡർ കൊടുത്താൽ വീട്ടിൽ എത്തുന്ന സദ്യയിലേക്കും അണുകുടുംബങ്ങളുടെ ഓണാഘോഷം ചുരുങ്ങിയിരിക്കുന്നു.

ഹൈന്ദവമായതെല്ലാം മഹത്തരം എന്ന തരത്തിലേക്ക് ഭൂരിപക്ഷത്തിൻ്റെ ചിന്ത മാറുന്ന ഇക്കാലത്ത് എല്ലാ മനുഷ്യരേയും തുല്യരായി കാണുന്ന , കള്ളമില്ലാത്ത ചതിയില്ലാത്ത പൊളിവചനങ്ങൾ ഇല്ലാത്ത ഓണ സങ്കൽപ്പത്തിന് ഏറെ പ്രസക്തിയുണ്ട്. ഐതിഹ്യങ്ങളുടേയും മിത്തുകളുടേയും ബാലപാഠങ്ങൾ മനസിൽ കോറിയിട്ടു തന്ന കഥകളിലൂടെ, സാമൂഹിക ചുറ്റുപാടുകൾ വിവരിച്ചു തന്ന പാട്ടുകളിലൂടെ, ഗണിതത്തിലേക്ക് വഴി പിടിച്ചു നടത്തിയ, എല്ലാ ജീവ ജാലങ്ങളേയും സ്നേഹിക്കാൻ പഠിപ്പിച്ച, എൻ്റെ അച്ഛൻ്റെ അമ്മക്ക് എൻ്റെ ഓണയോർമ്മകൾ ഞാൻ സഹർഷം സമർപ്പിക്കുന്നു.

പിങ്കി എസ്

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്. ബാങ്കിംഗ് ദേശസാൽക്കരണത്തിന്റെ 52-ാം വാർഷികത്തോടനുബന്ധിച്ച് ഊർജ്ജസ്വല ബാങ്കിംഗ്, ഊർജ്ജസ്വല ഭാരതം എന്ന വിഷയത്തെ മുൻനിർത്തി രാജ്യത്തെ പ്രഗൽഭമതികളെ ഉൾക്കൊള്ളിച്ച് AlBEA നടത്തിയ ഒരു മാസം സെമിനാർ പ്രബന്ധങ്ങൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് പുസ്തകമാക്കിയിട്ടുണ്ട്.