അനിൽ ഹരി

ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിൻ്റെ ഓണാഘോഷം ‘തുമ്പപ്പുലരി 2025’ സെപ്റ്റംബർ 6 ന് ലിവർപൂൾ കാർഡിനൽ ഹീനൻ സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. കേരളത്തിലെ പരമ്പരാഗത ചടങ്ങ് ആയ തൃക്കാക്കര അപ്പനെ വെച്ച് ഓണം കൊള്ളൽ ചടങ്ങ് നടത്തി ഓണാഘോഷത്തിന് തുടക്കം കുറിച്ചു. തുടർന്ന് LMHS ബാലഗോകുലത്തിലെ കുട്ടികൾ ആലപിച്ച പ്രാർത്ഥനാ ഗീതത്തോടെ പരിപാടികൾ ഔപചാരികമായി ആരംഭിച്ചു. ഓണത്തപ്പനും പൂക്കളവുമൊക്കെയായി കേരളീയത്തനിമ നിറഞ്ഞു തുളുമ്പിയ വേദി എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി.

തുടർന്ന് പുറത്ത് തെളിഞ്ഞ കാലാവസ്ഥയിൽ പച്ചപ്പ് നിറഞ്ഞ മൈതാനത്ത് വെച്ച് നടത്തിയ ഓണക്കളികളും എല്ലാവരേയും ഉത്സാഹത്തിമിർപ്പിലാഴ്ത്തി. കുട്ടികൾക്കും മുതിർന്നവർക്കുമായി ഒരുക്കിയ കളികൾ എല്ലാവരും ആസ്വദിച്ചെങ്കിലും വടം വലിയായിരുന്നു കളികളിൽ കേമൻ! ഓണക്കളികൾ കഴിഞ്ഞതും താലപ്പൊലിയുടെയും ചെണ്ടമേളത്തിൻ്റെയും അകമ്പടിയോടെ മാവേലിത്തമ്പുരാന്റെ എഴുന്നള്ളത്തും നടന്നു. ഘോഷയാത്ര ഓഡിറ്റോറിയത്തിൽ എത്തിയപ്പോൾ എല്ലാവരും മാവേലിയുടെ അനുഗ്രഹമേറ്റു വാങ്ങി സന്തുഷ്ടരായി. തുടർന്ന് സാത്വിക ആർട്ട് & കൾച്ചറൽ സെൻ്ററിൻ്റെ ചെണ്ട ടീം അദ്ധ്യാപകൻ ശ്രീ സായി യുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ഗംഭീരൻ മേളം കാണികളുടെ മനസ്സിൽ താളക്കാെഴുപ്പ് പകർന്നു. അതിനുശേഷം തിരുവാതിര ചുവടുകൾ വെച്ച് തരുണീമണികൾ മാവേലിത്തമ്പുരാൻ്റെ വരവേല്പിന് കൂടുതൽ മിഴിവേകി. തുടർന്നു നടന്ന മലയാളി മങ്ക മത്സരം മലയാളി സ്ത്രീകളുടെ സൗന്ദര്യത്തെയും ആത്മവിശ്വാസത്തെയും കഴിവിനെയും ഉയർത്തിക്കാട്ടുന്ന ഒരനുഭവമായി.

വിഭവ സമൃദ്ധമായ ഓണസദ്യ കഴിച്ചു വന്ന കാണികളുടെ കണ്ണിനും മനസിനും കുളിർമയേകുന്ന കലാപരിപാടികളുടെ ഗംഭീര വിരുന്നായിരുന്നു പിന്നീട് LMHS ഒരുക്കിയത്. സാത്വിക യിലെ നൃത്താദ്ധ്യാപിക ശ്രീമതി സുപ്രിത ഐത്തലിൻ്റെ കുഞ്ഞു ശിഷ്യർ അവതരിപ്പിച്ച ഭരതനാട്യം ഏവരുടെയും മനം കവർന്നു. പിന്നീട് വന്ന കുട്ടികളുടെ ചെണ്ട ടീം നടത്തിയ മേളം കൊട്ടിക്കയറിയത് പ്രേക്ഷക മനസ്സുകളിലേക്കാണ്. ശ്രുതിമനോഹരമായ പാട്ടും സുപ്രിത ടീച്ചറുടെ സീനിയർ ടീമിൻ്റെ അതിമനോഹരമായ സുബ്രഹ്മണ്യ കൗത്വം നൃത്താവിഷ്ക്കാരം ഭാരതത്തിൻ്റെ ക്ലാസിക്കൽ നൃത്ത പാരമ്പര്യത്തിൻ്റെ ഉത്തമോദാഹരണമായി. മാറുന്ന കാലത്തിൻ്റെ അടയാളം പേറിയ ബോളിവുഡ് ഫ്യൂഷൻ ഡാൻസുകളും നാടൻ നൃത്തവും പാട്ടുകളും പരിപാടിയുടെ മാറ്റ് കൂട്ടി. എന്നാൽ സാത്വികയിലെ നൃത്താദ്ധ്യാപകരായ കൃഷ്ണപ്രിയ – അർപ്പിത എന്നിവർ പ്രസിദ്ധ കവി ശ്രീ ഇടശ്ശേരി ഗോവിന്ദൻ നായരുടെ പൂതപ്പാട്ട് എന്ന കവിതയെ ആസ്പദിച്ച് ചെയ്ത നൃത്താവിഷ്കാരം പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ കോൾമയിർ കൊള്ളിച്ചു. പൂതപ്പാട്ടിൻ്റെ സ്വത്വം ഒട്ടും നഷ്ടപ്പെടാതെ വിവിധ നൃത്തശൈലികൾ കോർത്തിണക്കിയ ഈ നൃത്തം പരിപാടിയുടെ തീം ഡാൻസ് എന്ന വിശേഷണത്തിന് അർഹം തന്നെ എന്നത് കൈയ്യടികളുടെ പ്രകമ്പനം തെളിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

LMHS പ്രസിഡൻ്റ് ശ്രീ സായ് കുമാർ ഉണ്ണികൃഷ്ണൻ സദസ്സിനെ സംബോധന ചെയ്ത് സംസാരിച്ചു. ഓണത്തിൻ്റെ സന്ദേശം ഓരോരുത്തരും ജീവിതത്തിൽ പകർത്തുന്നുണ്ടോ എന്ന് വിചിന്തനം ചെയ്യാൻ അദ്ദേഹം ആഹ്വാനിച്ചു. തുടർന്ന് ജുനാ അഖാടയുടെ മേധാവി മഹാമണ്ഡലേശ്വർ സ്വാമി ശ്രീ ആനന്ദവനം ഭാരതിയുടെ ഓണസന്ദേശവും പ്രക്ഷേപണം ചെയ്യുകയുണ്ടായി. അതു പോലെ തന്നെ സാത്വിക ആർട്ട് & കൾച്ചർ സെൻ്ററിൻ്റെ ഭാരവാഹികൾ സാത്വികയുടെ നാൾ വഴികളെക്കുറിച്ച് സംസാരിച്ചു. സാത്വികയിലെ അദ്ധ്യാപകരും കുട്ടികളും താന്താങ്ങളുടെ അനുഭവങ്ങളും സദസ്സുമായി പങ്കുവെച്ചു

സമാജത്തിലെ GCSE, A- level പരീക്ഷകൾ പാസ്സായ കുട്ടികളെ ആദരിക്കുന്ന ചടങ്ങും തുമ്പപുലരി യുടെ ഭാഗം ആയി നടത്തുകയുണ്ടായി. മലയാളി മങ്ക മത്സര വിജയികൾക്കും റാഫിൾ വിജയികൾക്കും യഥാവിധം സമ്മാനദാനം നടത്തുകയുണ്ടായി. LMHS ഭജന ടീമിൻ്റെ അതിഗംഭീര ഓണം മാഷപ്പോടെ കലാപരിപാടികൾക്ക് തിരശ്ശീല വീണു. തുടർന്ന് ജോയിൻ്റ് സെക്രട്ടറി ശ്രീമതി നിഷ മുണ്ടേക്കാട്കലാ ആസ്വാദകർക്ക് ഈ മികച്ച ദൃശ്യവിരുന്ന് സമ്മാനിക്കാൻ അഹോരാത്രം പ്രയത്നിച്ച നമ്മുടെ അംഗങ്ങൾ, അധ്യാപകർ ,നൃത്ത സംവിധായകർ, കലാകാരന്മാർ അണിയറയ്ക്ക് പിന്നിൽ പ്രവർത്തിച്ച സാങ്കേതിക വിദഗ്ധർ, അസംഖ്യം വോളണ്ടിയർമാർ ഒപ്പം തുമ്പപ്പുലരി 2025 സ്പോൺസർ ചെയ്തു കൊണ്ട് ഈ ഓണാഘോഷത്തിന് നിറം പകർന്ന നമ്മുടെ മികച്ച സ്പോൺസർമാർ തുടങ്ങി തുമ്പപുലരി 2025 ൻ്റെ വിജയത്തിനായി പരിശ്രമിച്ച എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പ്രകാശനം നടത്തി. കൂടെ LMHS ൻ്റെ തുടർന്നുള്ള പരിപാടികൾക്കുള്ള ഡേറ്റുകൾ കൂടെ പ്രഖ്യാപിച്ചു.

അയ്യപ്പവിളക്ക് 26:ജനുവരി (10/01/2026)
വിഷുപ്പുലരി 26:ഏപ്രിൽ (11/04/2026)
തുമ്പപുലരി 26: ഓഗസ്റ്റ് (29/08/2026).

ഇതോടെ ഔദ്യോഗികമായി ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിൻ്റെ ഓണാഘോഷം ആയ തുമ്പപ്പുലരി 2025 സമാപിച്ചു.