ലണ്ടന്‍: പഴയ പേപ്പര്‍ നോട്ടുകള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക്കില്‍ നിര്‍മിച്ച പുതിയ 5 പൗണ്ട് നോട്ടുകള്‍ അവതരിപ്പിച്ചതു മുതല്‍ പരാതികളുടെ പ്രളയമായിരുന്നു. നോട്ടിന്റെ നിര്‍മാണത്തില്‍ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നു എന്ന ആരോപണവുമായി വെജിറ്റേറിയന്‍മാരും ഹിന്ദുമത വിശ്വാസികളും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പരാതിയുമായെത്തിയിരിക്കുന്നവര്‍ വിചിത്രമായ വാദമാണ് ഉന്നയിക്കുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ് പുതിയ പരാതിക്കാര്‍. കൊക്കെയ്ന്‍ പോലുള്ള മയക്കുമരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ തങ്ങളുടെ മൂക്ക് മുറിയുന്നു എന്നാണ് ഇവരുടെ പരാതി.

നോട്ടില്‍ വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്റെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. ഈ നോട്ടുകളാണ് മയക്കുമരുന്ന് മൂക്കിലേക്ക് വലിച്ചുകയറ്റാന്‍ ഉപയോഗിക്കുന്നത്. കട്ടിയുള്ള പ്ലാസ്റ്റിക്കിന്റെ അരികുകള്‍ കൊണ്ട് മൂക്ക് മുറിയുന്നതിന് ഇവര്‍ പ്രത്യേക പേരും നല്‍കിയിട്ടുണ്ട്. ”വിന്‍സ്റ്റണ്‍” ചെയ്യപ്പെട്ടു എന്നതാണ് ആ പ്രയോഗം. ദി മെട്രോ ദിനപ്പത്രമാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്യുന്നത്. തനിക്കു മാത്രമേ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിരുന്നുള്ളു എന്ന് കരുതി സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍ സമാനമായി ഒട്ടേറെപ്പേര്‍ക്ക് മൂക്കില്‍ മുറിവുണ്ടായതായി അറിഞ്ഞുവെന്ന് പേര് വെളിപ്പെടുത്താത്ത ഒരാള്‍ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് ദൈവം തന്ന സമ്മാനം എന്നായിരുന്നു തങ്ങള്‍ പുതിയ നോട്ടിനെക്കുറിച്ച് വിചാരിച്ചിരുന്നത്. എന്നാല്‍ ഇത് തങ്ങള്‍ക്ക് മുറിവുകളാണ് സമ്മാനിക്കുന്നതെന്ന് ഇവര്‍ പറയുന്നു. ഇത്തരത്തില്‍ നോട്ടുകള്‍ ദുരുപയോഗം ചെയ്യുന്നത് രോഗങ്ങള്‍ പരക്കാന്‍ കാരണമാകുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഹെപ്പറ്റൈറ്റിസ് ബി, സി, എച്ച്‌ഐവി മുതലായ മാരക രോഗങ്ങള്‍ പകരാന്‍ ഇത് കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്.