എടത്വ:ജനിച്ച ഉടൻ അച്ഛൻ ഉപേക്ഷിക്കുകയും കോവിഡ് അമ്മയുടെ ജീവൻ അപഹരിക്കുകയും ചെയ്ത് അനാഥയായിത്തീർന്ന ഒൻമ്പത് മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിന് ഓണക്കോടിയുമായി സൗഹൃദവേദി എത്തി.
അമ്മൂമ്മ വത്സലയുടെ ആശ്രയത്തിൽ കഴിയുന്ന എടത്വ സ്വദേശി ജയന്തൻ്റെയും വത്സലയുടെയും ഏകമകൾ ജയന്തിയുടെ പെൺകുഞ്ഞിനാണ് ഓണക്കോടിയുമായി സൗഹൃദവേദി എത്തിയത്.
വത്സലയുടെ ഭർത്താവിൻ്റെയും മകൾ വാസന്തിയുടെയും ജീവൻ ചില ദിവസങ്ങളുടെ വ്യത്യാസത്തിൽ കോവിഡ് കവർന്നതോടെ പിഞ്ചു കുഞ്ഞിൻ്റെ സംരക്ഷണത്തിന് വത്സല മാത്രമാണുള്ളത്. എടത്വ പാണ്ടങ്കരിയിലെ മൂന്നു സെൻറ് സ്ഥലം വിറ്റിട്ടാണ് വത്സല മകളെ വിവാഹം കഴിപ്പിച്ചത്. തലവടി പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇവർ ഇപ്പോൾ പുറക്കാട്ട് ഉള്ള സഹോദരൻ്റെ വീട്ടിലാണ്.വീടും സ്ഥലവും ഇല്ലാതെ ഒൻമ്പത് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞുമായി വാസന്തി ജീവിത ദുരിതത്തിന് മുൻപിൽ പകച്ചു നിൽക്കുകയാണ്. വാസന്തിയുടെ മകൻ ബികോം വിദ്യാർഥിയാണ്.അവസാന മൂന്ന് സെമസ്റ്ററിൻ്റെ ഫീസ് അടയ്ക്കുവാൻ സാധിക്കാഞ്ഞതിനാൽ പരീക്ഷ എഴുതുവാൻ സാധിച്ചിട്ടില്ല.ഭർത്താവ് മരപ്പണിക്കാരൻ ആയിരുന്നു .മകൻ്റ പഠനത്തിനും കുഞ്ഞിൻ്റെ സംരക്ഷണത്തിനും നിത്യവൃത്തിക്കും വഴികാണാതെ ചിറകറ്റ സ്വപ്നങ്ങളുമായി വാസന്തി വിഷമിക്കുമ്പോഴാണ് ജീവിത പ്രതീക്ഷകൾക്ക് ചിറകു നൽകാൻ ‘അകലെയാണെങ്കിലും അരികിലുണ്ട് ‘ എന്ന സന്ദേശവുമായി എടത്വ സൗഹൃദ വേദി എത്തിയത്.
സൗഹൃദവേദി പ്രസിഡണ്ട് ഡോ.ജോൺസൺ വി. ഇടിക്കുളയുടെ നേതൃത്വത്തിലാണ് ഭാരവാഹികളായ രജീഷ് കുമാർ പി വി, പി ഡി സുരേഷ്, എൻ ജെ സജീവ് എന്നിവർ കഴിഞ്ഞ മാസം വത്സല താമസിക്കുന്ന പുറക്കാട്ട് എത്തിയത്.ദുരിതങ്ങളിൽ കൂടെയുണ്ടെന്ന് ആശ്വസിപ്പിച്ച് അവർ സഹായം വാഗ്ദാനം ചെയ്യുകയുമുണ്ടായി.കുഞ്ഞിനുള്ള കളിപ്പാട്ടങ്ങളും കൂടാതെ കുഞ്ഞിനുള്ള ഭക്ഷ്യവസ്തുക്കളും വത്സലയ്ക്കും മകനും ഉള്ള ഭക്ഷ്യകിറ്റും,മാസ്ക്കും സാനിറ്റൈസറും നൽകിയാണ് കഴിഞ്ഞ മാസം അവർ മടങ്ങിയത്.
കുഞ്ഞിന് ആവശ്യമായ ബേബിഫുഡും മറ്റ് കാര്യങ്ങളും സുമനസ്സുകളുടെ സഹായത്തോടെ മുടങ്ങാതെ എത്തിക്കുമെന്ന് നല്കിയ വാഗ്ദാനമാണ് സൗഹൃദ വേദി ഭാരവാഹികൾ നിറവേറ്റിയത്.സുമനസ്സുകളുടെ സഹായത്തോടെ ഇവർക്ക് ഒരു വീട് നൽകാൻ പദ്ധതിയുണ്ടെന്നും ഡോ. ജോൺസൺ വി. ഇടിക്കുള പറഞ്ഞു. എടത്വ പുത്തൻപുരയിൽ തോമസ് വർഗ്ഗീസി (മനു) ൻ്റെ സഹായത്തോടെ സർക്കാർ ഏറ്റെടുക്കുന്നത് വരെ പിഞ്ചുകുഞ്ഞിൻ്റെ പ്രതിമാസ ചെലവ് സൗഹൃദ വേദി വഹിക്കും. കൂടാതെ വത്സലയുടെ മകന് കോളജിൽ അടയ്ക്കാൻ ള്ള 36000 രൂപയും നല്കും.
Leave a Reply