കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണത്തെ അനുസ്മരിച്ച് എറണാകുളം കാക്കനാടിനടുത്തു വാഴക്കാല സെന്റ് ജോസഫ്സ് പള്ളിയിൽ ഓണകുർബാന നടത്തപ്പെട്ടു. സാധാരണയിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഈ കുർബാന നടത്തപ്പെട്ടത്. ക്ഷേത്രത്തിലെ പൂജാരികളെ പോലെ മുണ്ട് പുതച്ചാണ് വൈദികർ കുർബാന അർപ്പിച്ചത്. കേരളീയ വസ്ത്രം ധരിച്ചാണ് വിശ്വാസികളെല്ലാം പള്ളിയിലെത്തിയത്. വിളവെടുപ്പിന്റെ ഉത്സവമായ ഓണത്തിന്റെ പ്രതീകമായി വിശ്വാസികൾ പഴങ്ങളും വിഭവങ്ങളും മറ്റും കാണിക്കയായി അർപ്പിച്ചു.
കുരിശും മെഴുകുതിരിയും കൊണ്ട് അലങ്കരിക്കപ്പെടുന്ന അൾത്താര, ഇന്ന് നിലവിളക്കും നിറപറയും കൊണ്ട് അലങ്കരിക്കപ്പെട്ടു. വിശ്വാസികളെ ചന്ദനം തൊട്ടാണ് വൈദികർ പള്ളിയിലേക്ക് സ്വീകരിച്ചത്. കുർബാന കൊടുക്കുന്നതിലും ഹൈന്ദവ രീതിയാണ് സ്വീകരിച്ചത്. കുർബാന യിലുടനീളമുള്ള പാട്ടുകളെല്ലാം ഓണപ്പാട്ടിന്റെ ഈണത്തിൽ ആയിരുന്നു ഇടവക ജനങ്ങൾ ആലപിച്ചത്.
കുർബാനയ്ക്ക് ശേഷം വിവിധ തരം പൂക്കൾ കൊണ്ട് മനോഹരമായ അത്തപ്പൂക്കളവും വിശ്വാസികൾ ഒരുക്കി. മതസൗഹാർദ്ദത്തിന് ഉത്തമ ഉദാഹരണം വെളിവാക്കി എല്ലാവരും പായസം കുടിച്ചാണ് കുർബാന അവസാനിപ്പിച്ചത്. ഓണം എന്നത് ഒരു മതത്തിന്റെ മാത്രമല്ല, മറിച്ച് കേരളീയ ജനതയുടെ ഉത്സവമാണ് എന്ന വെളിവാക്കുന്നതായിരുന്നു ഈ കുർബാന.
Leave a Reply