മെട്രിസ് ഫിലിപ്പ്
“അടിച്ചുപൊളിച്ചു കേറിവാ മക്കളെ “.. പൂക്കളുടെ ചിങ്ങമാസവും സെപ്റ്റംബറിന്റെ വസന്തകാലവും നിറഞ്ഞ, മലയാളികളുടെ ഉത്സവമായ ഓണം 2024 വരവായ്. എല്ലാ മലയാളികൾക്കും, സ്‌നേഹവും സഹോദര്യവും സന്തോഷവും നന്മകളും സമ്പൽസമൃദ്ധിയും നിറഞ്ഞ ഓണം ആശംസിക്കുന്നു. ഓണാഘോഷങ്ങൾ എല്ലായിടത്തും ആരംഭിച്ചിരിക്കുന്നു. ഓരോ ഓണവും ഓരോ ഓർമ്മകൾ ആവണം. ആ ഓർമ്മകൾക്കു മധുരം ഉണ്ടാവണം.
ഓരോ പുലർകാലവും നന്ദിയുടെയും പ്രതീക്ഷകളുടെയും ആവണം. സ്വപ്നം കണ്ടത് നാളെ ലഭിക്കും എന്ന് ഒരുറപ്പും ഇല്ലാതിരിക്കുമ്പോഴും, ഇന്ന് നമുക്ക് വേണ്ടി എന്ത് ചെയ്തു, എന്ന് കൂടി ഓർക്കുക. ഓരോ ദിവസവും നമുക്ക് ലഭിക്കുന്നത് ബോണസ് ആണെന്ന് കരുതി, നന്ദി ഉള്ളവരാകുക. ചിരിക്കു പിണങ്ങാൻ സമയം ഇല്ലാ, എന്ന് പറയുന്നപോലെ, എല്ലാവരെയും സ്നേഹിക്കുക. നമ്മുടെ മനസിന്റെ സന്തോഷത്തിനായി ദിവസവും കുറച്ചു സമയം മാറ്റി വെക്കുക. ജീവിതം ഒന്നേ ഒള്ളു എന്ന് എപ്പോഴും ഓർക്കുക. നഷ്ടപ്പെട്ടത് ഓർത്തു ദുഃഖിക്കാതെ, നാളെ പുതിയവ ലഭിക്കും എന്നുള്ള ചിന്തയാണ് വേണ്ടത്.
മലയാളികൾ, ശരിക്കും ജീവിക്കുന്നുണ്ടോ. ജീവിതകാലം മുഴുവൻ ജോലി ചെയ്ത്, പണം സമ്പാദിച്ച് , അവശനായി ഈ ലോകം വിട്ട് പോയിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ, കുറെയൊക്കെ മാറി കഴിഞ്ഞു. ലോകം കീഴടക്കി മുന്നോട്ട് കുതിക്കുന്ന മലയാളികൾ. അവൻ /ൾ, അതി ശൈത്യവും, കഠിന ചൂടും, സഹിച്ച്, ഏത് രാജ്യത്തും ജീവിച്ചു കാണിക്കുന്ന മല്ലൂസ്.
പുലർകാല സുന്ദര സ്വപ്‍നത്തിൽ ഞാനൊരു, പൂമ്പാറ്റയായി ഇന്ന് മാറി, മണ്ണിലും വിണ്ണിലും വർണ്ണചിറകുമായി, പാറിപറക്കുന്നവരായിരിക്കുന്നു.
മലയാളി അടിപൊളി ആണുട്ടോ. സ്വപ്‍നങ്ങളും പ്രതീക്ഷികളും ആഗ്രഹങ്ങളുമായി ജീവിക്കുന്ന മലയാളികൾ. Adjustment/Compromise, എന്നി വാക്കുകൾ സോഷ്യൽ മീഡിയക്ക് പുതിയതായി ചർച്ച, ചെയ്യുവാൻ അവസരം നൽകിയ മല്ലൂസ്. ആരെയും എയറിൽ, നിർത്തുവാനും ഇറക്കുവാനും ഇവർക്കുള്ള കഴിവ് അപാരം തന്നെയാണ്.
ഓണവും വിഷുവും ക്രിസ്മസുമുൾപ്പെടെ എല്ലാ ഉത്സവങ്ങളും അടിച്ചുപൊളിച്ചാഘോഷിക്കുന്ന, ലണ്ടൻ, ന്യൂയോർക്ക്, നഗരത്തിലൂടെ കൈലി മുണ്ട് മടക്കി കുത്തി പോകുന്ന ലോക മല്ലൂസ്. ചന്ദ്രനിലെ, കുമാരേട്ടന്റെ ചായക്കടയിൽ പോയി “ചേട്ടാ ഒരു ചായ” എന്ന് ചോദിക്കുന്ന, ആൾക്കൂട്ടത്തിൽ നിൽക്കുന്ന ആളോട്, “ഓ മലയാളി ആണല്ലേ” എന്ന് ചോദിച്ചു പോകുന്ന മല്ലൂസ്. ഇവരുടെ സ്വപ്‌നങ്ങൾ, ആഗ്രഹങ്ങൾ എല്ലാം ഒരുപാട് ആണു താനും. വലിയ വീട്, കാർ, സ്വത്തുക്കൾ, എല്ലാം നേടുവാൻ രാപകൽ ജോലി ചെയ്യും. തേക്കിലും മാഞ്ചിയത്തിലും ആട് വളർത്തലിലും പണം മുടക്കി വഞ്ചിതരാവുന്നതും മല്ലൂസ് ആണെന്നേ. കോടികൾ ചിലവഴിച്ചു പണിതിട്ടിരിക്കുന്ന, വലിയ വീട്ന്റെ, ഉമ്മറത്തു വാങ്ങിയിട്ടിരിക്കുന്ന, നീളൻ ചാരുകസേരയിൽ (കവിഞ്ചി ) ചാരിയിരുന്നു കൊണ്ട്, ഒരു ചായ കുടിക്കാൻ ആഗ്രഹിക്കുന്ന മലയാളികൾ. അങ്ങനെ ഇരിക്കുമ്പോൾ, ഓർമ്മിക്കാൻ കുറേ നല്ല ഓർമ്മകൾ ഉണ്ടാവണം. തൊട്ടപ്പുറത്തുള്ള ആളുടെ വീടിനെക്കാൾ വലിയ വീട്, ലോൺ എടുത്ത് പണിത്, പൂട്ടിയിട്ട്, വിദേശത്തു പോയി രാപകൽ ജോലി ചെയ്തു തളർന്നു വീഴുന്ന കാഴ്ചകളും നമുക്ക് കാണുവാൻ സാധിക്കും. ഉരുളൻ കല്ലിനും ഗർഭം ഉണ്ടെന്ന് കര പറയുന്ന, വട്ടത്തിലിരുന്ന് ഓരോ ആളുടെയും കുറ്റങ്ങളും കുറവുകളും പറഞ്ഞു കളിയാക്കി ചിരിക്കുന്ന മല്ലൂസ്. ലോകത്തിൽ നൂറ് ശതമാനം പെർഫെക്ട് ഉള്ള ആളുകൾ ഇല്ല എന്ന് ഓർക്കുക. സ്വപ്‌നങ്ങളുടെ ചിറകുകൾ വിരിച്ച് പറക്കാമെന്നേ.
പെൻഷൻ ആയിട്ട് വേണം, പറമ്പു മുഴുവൻ കിളച്ചു കപ്പയും വാഴയും നടുവാൻ, എന്ന് ആഗ്രഹിക്കുകയും, എന്നാൽ 50 വയസ്സ് കഴിയുമ്പോഴേക്കും, ഓരോ, ചെറിയ ചെറിയ അസുഖങ്ങൾ പിടിപെടുകയും, ഒരു പ്രകാരത്തിൽ, 56 വയസ്സ് തികച്ചു റിട്ടയർ ചെയ്തു, കസേരയിൽ അവശൻ ആയി ഇരിക്കാൻ വിധിക്കപ്പെട്ടവരെയല്ലെ നമ്മളൊക്കെ ഇപ്പോൾ കാണുന്നത്.
നമുക്കെല്ലാം, ഏറ്റവും ഇഷ്ട്ടമുള്ള കരിമ്പിൻ ജ്യൂസ് എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് ശ്രദ്ധിച്ചിട്ടിട്ടുണ്ടോ. കരിബിൻ തണ്ട്, ഒരു മെഷീനുള്ളിലൂടെ, പലതവണ കടത്തിവിട്ട് ഞക്കി പിഴിഞ്ഞ്, അതിലെ മുഴുവൻ ചാറും ഊറ്റി എടുത്ത്, വെറും കരിമ്പിൻ ചണ്ടിയാണ് ദൂരേക്ക് എറിയുന്നത്. ഇത് പോലെ തന്നെയാണ്, ലോകത്തിൽ, ഏത് ജോലി ചെയ്യുന്നവരുടെയും 50/59 വയസ്സിലെ മനുഷ്യന്റെ അവസ്ഥ. ഫുൾടൈം ശീതികരിച്ച, ക്യാബിനുള്ളിൽ, കറങ്ങുന്ന കസേരയിൽ ഇരുന്നു ജോലിചെയ്യുന്നവരും, ചുട്ടുപൊള്ളുന്ന, കൺസ്ട്രക്ഷൻ സൈറ്റിൽ, ജോലി ചെയ്യുന്നവരുടെയും, ആരോഗ്യവസ്ഥ, ഏതാണ്ടൊക്കെ ഒരു പോലെ തന്നെ ആയിരിക്കും. എയർകോൺ തണുപ്പിൽ നിന്നും, മനുഷ്യ ശരീരത്തിൽ ചെന്നിരിക്കുമ്പോൾ, രണ്ടുപേർക്കും കിട്ടുന്ന സുഖം ഒരുപോലെ തന്നെയാണ്.
ഓരോരുത്തരുടെയും ജോലിയുടെ സ്റ്റാറ്റസ് നോക്കി, ഫ്രണ്ട്സിനെ തെരഞ്ഞെടുക്കുന്നവർ ആണ് മലയാളികൾ. തന്നേക്കാളും, താഴെക്കിടയിൽ ജോലി ചെയ്യുന്നവരോടുള്ള പെരുമാറ്റം ഒന്ന് കാണേണ്ടതാണ്. സോഷ്യൽ മീഡിയയിൽ, ഓരോ സെലിബ്രിറ്റികളുടെയും, ഫോട്ടോകൾക്കടിയിൽ വരുന്ന കമന്റ്സ് വായിച്ചാൽ, എത്ര സഹിഷ്ണുതയും അസഹിഷ്ണുതയും ഉള്ളവർ ആണ് മലയാളികൾ എന്ന് തോന്നിപോകും.
ഈ ലോകത്തിൽ, വേദനയും സങ്കടവും, അനുഭവിക്കുന്ന ഒട്ടേറെ ആളുകൾ ഉണ്ട്. അവരോടുള്ള നമ്മുടെ വാക്കുകളും, പ്രവൃത്തികളും, സ്നേഹവും കരുണയും നിറഞ്ഞതാവട്ടെ. ജീവിതത്തിൽ നിലനിൽക്കും എന്ന് ഉറപ്പില്ലാത്തത് സ്വപ്നം, ഭാഗ്യം, വിജയം എന്നിവയാണ്. സ്നേഹവും ആത്മ വിശ്വാസം നിറഞ്ഞ നല്ല സൗഹൃദങ്ങൾ ജീവിത്തിൽ ഉണ്ടാവണം.
നിപ്പയും പ്രളയവും കൊറോണയുമൊക്കെ കേരളത്തിലൂടെ കടന്നു പോയി. അവയെ എല്ലാം ധീരതയോട് നേരിട്ടു. പ്രളയം വന്നപ്പോൾ, കൈമറന്നു പണം നൽകിയതും, നമ്മുടെ സ്വന്തം മലയാളികൾ തന്നെ ആണെന്ന് അഭിമാനത്തോടെ പറയുവാൻ കഴിയും.
1950 മുതൽ ഈ 2024 വരെയുള്ള മലയാളികളുടെ വളർച്ച വളരെ വലുതാണ്. ട്രെൻഡ്സനുസരിച്ചു, മാറ്റങ്ങൾ വരുത്തുവാൻ ഇവർ പരിശ്രമിക്കും. ഓരോ പത്തുവർഷങ്ങൾ കൂടുമ്പോഴും, ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്നു. ആദ്യ കാലങ്ങളിൽ സ്ഥലങ്ങൾ വാങ്ങി കൂട്ടുന്ന അപ്പച്ചൻമാർ, എന്നാൽ പിന്നീട് അവരുടെ മക്കൾ വലിയ വീടുകൾ പണിയുന്നു. എന്നാൽ 2020 ലേക്ക് വരുമ്പോൾ, കേരളത്തിൽ നിന്നും, വിദേശങ്ങളിലേക്ക്, ഓടിപ്പോകുന്ന മലയാളികൾ. കേരളത്തിനുള്ളിൽ സർക്കാർ ജോലി അല്ലെങ്കിൽ വൈറ്റ് കോളർ ജോബ് മാത്രം ചെയ്യാൻ ആഗ്രഹിക്കുന്നവർ, കേരളം വിട്ടാൽ, ഏത് ജോലിയും ചെയ്യാൻ മടിയില്ലാത്തവർ ആണ് താനും. കുറേ വർഷങ്ങൾ കൂടി കഴിഞ്ഞാൽ, കേരളം ബംഗാളികളുടെ നാടായി മാറും.
എത്രയൊക്കെ മല്ലൂസ് മാറിയാലും, തങ്ങളുടെ ജന്മനാടിനെ മറക്കില്ല. അത് ഈ തലമുറയിൽ ഉള്ളവരെ കൊണ്ട് തീരും. വിദേശത്തു വളർന്ന കുട്ടികൾ കേരളം എന്ന നാട് മറക്കും. നാളെ, അല്ലെങ്കിൽ റിട്ടയർ ചെയ്തിട്ട് ജീവിക്കാം എന്ന് ആരും കരുതരുതേ. ഇന്ന്, നമ്മുടെ മനസിന് ആഗ്രഹം ഉള്ളത്, എന്താണോ അത് സാധിക്കുക. ഇന്ന് കഴിഞ്ഞേ നാളെ ഉണ്ടാകു. അടിച്ചു പൊളിച്ചു ജീവിക്കു. എല്ലാവരെയും സ്നേഹിച്ചും സഹായിച്ചും ജീവിക്കുക. ജീവിതം ആസ്വദിക്കാം.
മെട്രിസ് ഫിലിപ്പ്
കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ മെട്രീസ് ഫിലിപ്പിൻെറ നിരവധി ലേഖനങ്ങൾ, വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. നാടും മറുനാടും: ഓർമ്മകൾ കുറിപ്പുകൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, ഗലിലിയിലെ നസ്രത് എന്നി മൂന്ന് പുസ്തകങ്ങൾ, എഴുതിയ മെട്രിസ് ഫിലിപ്പ്. ഉഴവൂർ കോളേജിൽ നിന്നും B. Com ബിരുദം നേടി. MG യൂണിവേഴ്സിറ്റിയിൽ നിന്നും ലൈബ്രറി സയൻസിൽ PG പഠനതിന് ശേഷം ഉഴവൂർ കോളേജിൽ, ലൈബ്രേറിയനായി ജോലി ചെയ്തു. തുടർന്ന്, വിവാഹത്തിന് ശേഷം, കഴിഞ്ഞ 19 വർഷമായി സിംഗപ്പൂരിൽ താമസിക്കുന്നു. വിവിധ മാധ്യമങ്ങളിൽ, ലേഖനങ്ങൾ സ്ഥിരമായി എഴുതുന്നുണ്ട്. സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്സ് അവാർഡ്, കേരള പ്രവാസി അവാർഡ് എന്നിവ ലഭിച്ചു. ഭാര്യ മജു മെട്രിസ്. മക്കൾ, മീഖായേൽ, നഥാനിയേൽ, ഗബ്രിയേൽ..
[email protected]
+6597526403
Singapore
Leave a Reply