ഡോ . ഐഷ വി
പഠന കാലത്തും ഔദ്യോഗിക ജീവിത കാലത്തും കലാലയത്തിലെ ഓണാഘോഷങ്ങൾ എന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നതാണ്. ഓണക്കളികളും പൂക്കളങ്ങളും സദ്യയും കേരളീയ വേഷവുമൊക്കെ ഓണാഘോഷത്തെ വർണ്ണാഭമാക്കും. 1990 കളുടെ തുടക്കത്തിൽ കോഴിക്കോട് REC യിൽ പഠിക്കുന്ന കാലത്ത് ഓരോ ബാച്ചും ഒരു പൂക്കളം വീതം ഇട്ടിരുന്നു ഞങ്ങളുടെ ബാച്ചിൻ്റെ പൂക്കളത്തിൻ്റെ ഡിസൈൻ വരച്ചു കൊണ്ടുവന്നത് രാധികാ രാജയായിരുന്നു.
ഒരു വൃത്തത്തിനകത്ത് കഥകളി രൂപയും വള്ളം കളിയുടെ ദൃശ്യവും ഒത്തു ചേരുന്നതായിരുന്നു ആ ഡിസൈൻ. പ്രൊഡക്ഷൻ ഡിപ്പാർട്ടുമെൻ്റിൻ്റെ താഴെയുള്ള ഒരു ഹാളിലായിരുന്നു ഞങ്ങൾക്ക് പുക്കളമിടാൻ സ്ഥലം ലഭിച്ചത്. 5 പെൺകുട്ടികളും 25 ആൺകുട്ടികളും ഉള്ള ക്ലാസ്സിലെ ആൺകുട്ടികൾ പൂക്കൾ വാങ്ങി എത്തിച്ചിരുന്നു .
ആന്ധ്രാക്കാരായ റെഡ്ഡിയും ശ്രീനിവാസലുവും ബീഹാറിയായ ബിരാജും ഒറീസക്കാരനായ ദിലീപും തമിഴ് നാട്ടുകാരായ കുമരേശനും അനുപമയും വേണുഗോപാൽ പൈയുമൊക്കെ കൗതുകത്തോടെ ഞങ്ങളോടെപ്പം പൂക്കളമിടാൻ കൂടി . തെന്നിന്ത്യയും വടക്കേ ഇന്ത്യയും എന്ന വ്യത്യാസമില്ലാതെ നോർത്തിന്ത്യൻസ് എന്നായിരുന്നു മലയാളിക്കുട്ടികൾ ഇവരെ കുറിച്ച് പറഞ്ഞിരുന്നത്. അതു കേൾക്കുമ്പോൾ അല്പസ്വല്പം മലയാളം പഠിച്ചു വരുന്ന വെങ്കട്ട റെഡി തിരുത്തും. എല്ലാം നോർത്തിൻഡ്യൻസല്ല സൗത്ത് ഇന്ത്യൻസും ഉണ്ട്. അതായിരുന്നു REC യുടെ നാനാത്വത്തിലെ ഏകത്വം .
എല്ലാ ക്ലാസ്സുകളിലും സംസ്ഥാന ഭേദമെന്യേ വിദ്യാർത്ഥികൾ ഇത്തരം ആഘോഷങ്ങൾ ആസ്വദിച്ചിരുന്നു. അതിനാൽ ഓണം കോഴിക്കോട് REC കാമ്പസിനകത്ത് കേരളീയോത്സവം മാത്രമല്ല , ഇന്ത്യയുടെ ഒരു പരിഛേദത്തിലെ എല്ലാവരും ആഘോഷിക്കുന്ന ഒന്നായിരുന്നു എന്ന് പറയാം. അതിനാൽ തന്നെ ഈ കൂട്ടുകാരെല്ലാം പൂക്കളമിടാൻ ഒരേ മനസ്സോടെ ഒത്തു ചേർന്നു. ചിലർ പൂക്കൾ ഇറുത്തെടുത്തു. രാധികയുടെ നിർദ്ദേശമനുസരിച്ച് പൂക്കള ഡിസൈനിൻ്റെ ഓരോ ഭാഗത്തും വിന്യസിക്കേണ്ട പൂവിതളുകൾ നിറച്ചു. കൊച്ചു പൂക്കളം ഇട്ടു ശീലിച്ചിരുന്ന എന്നെ സംബന്ധിച്ചിടത്തോളം വലിയ പൂക്കളം ഒരുക്കുക എന്നത് ആദ്യം വലിയ ജോലിയായി തോന്നി എന്നാൽ കൂട്ടുകാരെല്ലാം ഒത്തൊരുമിച്ച് ചെയ്ത പ്പോൾ അത് വളരെ നിസ്സാരമായി തീർന്നു. പൂക്കളത്തിൻ്റെ സമീപത്തു തന്നെ നിലവിളക്ക്, നിറപറ, ഓണത്തപ്പൻ, ഓണപ്പുടവ എന്നിവയൊക്കെ ഒരുക്കിയിരുന്നു. നന്നായി പാട്ടു പാടുമായിരുന്ന ദീപ്തിയും ലീനയും മറ്റു കൂടുകാരുമൊത്ത് അക്കാര്യങ്ങളിൽ മുഴുകിയിരുന്നു. കുറച്ചു പേർ ബലൂണൂകൾ ഊതി വീർപ്പിച്ച് കെട്ടിത്തൂക്കുകയും വെയിലിൻ്റെ ചൂടേറ്റ് അത് പൊട്ടുമ്പോൾ അവർ പൊട്ടിച്ചിരിക്കുകയും ചെയ്തിരുന്നു. പൂക്കളം പൂർത്തിയായപ്പോൾ അധ്യാപകരെത്തി വിലയിരുത്തിപ്പോയി. ഞങ്ങളുടെ പൂക്കളത്തിന് സമ്മാനമൊന്നും ലഭിച്ചില്ല. പക്ഷേ അതെല്ലാം നല്ല ഓർമ്മകളായി നിലനിൽക്കുന്നു.
ഉച്ചയ്ക്ക് രാധികയുടെ വീട്ടിലായിരുന്നു . ഹോസ്റ്റൽ അന്തേവാസികളുടെ ഗൃഹാതുരത്വം മനസ്സിലാക്കി ഇടയ്ക്കാക്കെ ഞങ്ങളെ സാമൂതിരി കോവിലകമായ മാങ്കാവ് പടിഞ്ഞാറേ കോവിലകത്തേയ്ക്ക് ക്ഷണിക്കുന്ന പതിവ് രാധികയ്ക്കുണ്ടായിരുന്നു. അവിടെ വടക്കേ പത്തായപ്പുരയിലായിരുന്നു രാധികയുടെ അച്ഛാമ്മയും മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെ താമസിച്ചിരുന്നത്.
ഞങ്ങൾ ചെല്ലുന്ന ദിവസം രാധികയുടെ അമ്മയും മേയമ്മമാരും അമ്മായിമാരും ദേഹണ്ഡം നടത്തും. വീട്ടുകാരെ പരിചയപ്പെട്ട ശേഷം മച്ചകത്തെ കൃഷ്ണനെ വച്ചിരിക്കുന്ന മുറിയിൽ ഞങ്ങൾ കൂട്ടുകാരെല്ലാം കൂടിയിരുന്ന് കുറച്ചു നേരം സൊറ പറയും. പിന്നെ കോവിലകത്തെ ക്ഷേത്രങ്ങൾ കുളങ്ങൾ എടുപ്പുകൾ ഒക്കെ കണ്ട് ഒന്ന് ചുറ്റിയടിച്ച് വരുമ്പോഴേയ്ക്കും സദ്യയ്ക്ക് കാലമാകും. കാളൻ , ഓലൻ മുതായവയുടെ ഒക്കെ രുചി ആദ്യമായറിഞ്ഞത് അവിടെ നിന്നാണ് . കേരളത്തിൻ്റെ തെക്കൻ ജില്ലകളിലെ സദ്യയിൽ നിന്നും അല്പം വ്യത്യസ്തമായ രുചിയിലുള്ള വിഭവങ്ങൾ അവിടെ നിന്നും ലഭിച്ചിരുന്നു. കോവിലകത്ത് എല്ലാം അന്നന്ന് വയ്ക്കുന്ന ഭക്ഷണമായിരുന്നു ഉപയോഗിച്ചിരുന്നത്. ഫ്രിഡ്ജിൽ വച്ചതൊന്നും ഉപയോഗിക്കാറില്ലായിരുന്നു. അച്ചാറും അന്നന്നു തന്നെയാണുണ്ടാക്കുക
കാഴ്ചകളൊക്കെ കണ്ടു വന്ന ഞങ്ങൾക്ക് ഹാളിലെ തറയിൽ ഇരുവശത്തും പായ വിരിച്ച് ഇലയിട്ട് വിളമ്പി തന്നു. ഒരു പന്തി കഴിയുമ്പോൾ പായും ഇലകളും എടുത്തു മാറ്റി തറയൊന്നു തൂത്ത് വൃത്തിയാക്കിയ ശേഷമാണ് അടുത്ത പന്തിയിൽ പായും ഇലയും ഇടുക.
സദ്യയ്ക്കു ശേഷം ഫോട്ടോയൊക്കെ എടുത്ത് ഞങ്ങൾ ഹോസ്റ്റലിലേയ്ക്ക് പോകാനൊരുങ്ങും. രാധിക ഞങ്ങളെ ബസ്സ് സ്റ്റോപ്പു വരെ അനുഗമിക്കും. തിരിച്ചു വരുന്ന വഴി ചാലപ്പുറത്ത് താമസിയ്ക്കുന്ന ദീപ്തി ജെ മേനോൻ്റെ വീട്ടിൽ കയറും. ദീപ്തിയുടെ അമ്മയും കുറെ പലഹാരങ്ങൾ തരും
അങ്ങനെ ഹോസ്റ്റലിലേയ്ക്കു മടങ്ങുന്ന ഞങ്ങൾ ഓണാവധി തുടങ്ങുമ്പോൾ വീട്ടിലേക്ക് മടങ്ങും.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. മലയാളം യുകെയിൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരം ഓർമ്മച്ചെപ്പ് തുറന്നപ്പോൾ എന്ന പേരിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Leave a Reply