റ്റിജി തോമസ്

പറമ്പിന്റെ അതിരിൽ തന്നെയാണ് പുഴ . പുഴയെന്നൊന്നും പറയാനില്ല . ഒരു ചെറിയ തോടാണ്.ഏതാണ്ട് മുപ്പതോളം വർഷങ്ങൾക്ക് ശേഷം പുഴയെ ആദ്യമായി കാണാൻ പോകുകയാണ്.

അച്ഛനും അമ്മയ്ക്കും ജോലി സംബന്ധമായുള്ള ഒട്ടേറെ നാടുകളിലെ അലച്ചിലിന് ശേഷം സ്വസ്ഥമായി ജീവിക്കാൻ ഒരു വീട് . തറവാട് ഭാഗം ചെയ്തപ്പോഴുള്ള അന്യവത്ക്കരണത്തിൻ്റെ നീണ്ട വർഷങ്ങൾക്ക് ശേഷം അയാളുടെ ആഗ്രഹപ്രകാരമായിരുന്നു സ്വന്തം നാട്ടിൽ പുഴയോരത്തു തന്നെ സ്ഥലവും വീടും ഉൾപ്പെടെ മേടിച്ചത്.

ഒട്ടേറെ സ്ഥലങ്ങൾ അന്വേഷിച്ചു . ഒന്നും ഇഷ്ടപ്പെട്ടില്ല .പുഴയുടെ തീരത്തുള്ള പല സ്ഥലങ്ങളും കണ്ടെങ്കിലും 2018 -ലെ വെള്ളപ്പൊക്കത്തിന്റെ പേടിയിൽ പലതും വേണ്ടെന്ന് വെച്ചു. അങ്ങനെയാണ് ഒടുക്കം ആദ്യം വിൽക്കുന്നില്ലെന്ന് ഉടമ പറഞ്ഞ ഈ സ്ഥലം കണ്ടെത്തിയത്. ആയിരക്കണക്കിന് അകലെ നിന്ന് വീഡിയോ കോളിലൂടെ പറമ്പും വീടും കണ്ട് ഇഷ്ടപ്പെട്ടു. അഡ്വാൻസ് കൊടുക്കാൻ അയാൾക്ക് അധികം ആലോചിക്കേണ്ടതായി വന്നില്ല. ചെറുപ്പത്തിലെ കളിച്ചു വളർന്ന പുഴയിലെ കുട്ടൻ കടവിൻ്റെ കരയിൽ തന്നെ വീടും പറമ്പും കിട്ടിയത് ഇരട്ടി മധുരമായി…

ഫ്ലൈറ്റിലിരുന്ന് അയാൾ അകക്കണ്ണിൽ കണ്ടത് മുഴുവനും പുതിയതായി വാങ്ങിയ പുരയിടവും അരികിലൂടെ ഒഴുകുന്ന പുഴയുമായിരുന്നു. വീടിൻ്റെ മുന്നിൽ കൂടിയുള്ള പാതയുടെ അപ്പുറം സാമാന്യം വലിയ ഒരു കുന്നുമുണ്ട് . കുന്ന് ചുരത്തുന്ന ഒട്ടേറെ ചെറു അരുവികൾ ചെന്നെത്തുന്നത് പറമ്പിന് പിറകിലുള്ള പുഴയിലേയ്ക്കാണ്. പുതിയതായി വാങ്ങിയ സ്ഥലത്തിൻറെ അരികിലൂടെ ഒരു ചെറു അരുവി ഒഴുകി പുറകിലൂടെ ഒഴുകുന്ന പുഴയിൽ ചേരുന്നതിന്റെ ഓർമ്മകളിൽ അയാൾ തൻറെ സീറ്റിൽ നിവർന്നിരുന്നു.

വിമാനത്തിന്റെ ആകാശ വാതിലുകളിലൂടെ പുറത്തേയ്ക്ക് നോക്കുമ്പോൾ അങ്ങ് മേഘ പടലങ്ങൾക്കും താഴെ ചെറിയ ചെറിയ വെളുത്ത നീണ്ട വരകൾ പോലെ . അതെല്ലാം ചെറിയ ചെറിയ പുഴകളും അരുവികളും ആണെന്ന് അയാൾക്ക് തോന്നി. അതിന്റെയെല്ലാം കരയിൽ ഏതോ രാജ്യത്തെ ഏതോ നാട്ടിലെ പേരറിയാത്ത എത്രയോ പേർ ജീവിക്കുന്നുണ്ട്…

ചെറുമയക്കത്തിൽ അയാൾ പുഴകളിലൂടെയും അരുവികളിലൂടെയും വെള്ളം ഒഴുകുന്നതിന്റെ കളകളാരവം കേട്ടു …

പണ്ട് വളരെ പണ്ടാണ് അയാൾക്ക് തോടിന്റെ ഉത്ഭവസ്ഥാനം കാണണമെന്ന് തോന്നി. വേനൽക്കാലമാണ്.
പുഴ വറ്റി വരണ്ടു കിടക്കുന്നു. അയാൾ തനിയെ നടന്നു .അധികം നീണ്ടു നിന്നില്ല യാത്ര . വറ്റിവരണ്ടു കിടന്ന പുഴയുടെ മണൽ പരപ്പിൽ വെയിൽ കാഞ്ഞു കിടന്ന ചേര പാമ്പിൻറെ ശരവേഗത്തിലുള്ള പാച്ചിലിൽ അതിലും വേഗത്തിൽ തിരിഞ്ഞോടിയത് ഓർത്ത് അയാൾ തന്നെയിരുന്നു ചിരിച്ചു.

പണ്ട് പാലങ്ങൾ കുറവായിരുന്നു. വഴിമുറിച്ച് തോട് ഒഴുകിയിരുന്ന സ്ഥലത്ത് വെള്ളം തെറ്റിച്ച് സ്കൂളിൽ പോയിരുന്നത് ഓർമ്മയായി അയാളിലേയ്ക്ക് വീണ്ടുമെത്തി. മഴ കനക്കുന്ന സമയങ്ങളിൽ ഒറ്റത്തടി പാലത്തിലൂടെ കടക്കണമായിരുന്നു.

തോട്ടിൽ പല ഇടങ്ങളിലായി ഒട്ടേറെ കുളിക്കടവുകൾ. കടവുകൾക്കെല്ലാം ഓരോരോ പേരുകൾ ഉണ്ടായിരുന്നു. വെള്ളപ്രാമുറി കടവ് , നായ്ക്കൻ കടവ് പിന്നെ കുട്ടൻ കടവും…

പല കടവുകൾ ഓരോരോ വീട്ടുപേരുകളിൽ അടയാളപ്പെടുത്തിയപ്പോൾ കുട്ടൻ കടവ് മാത്രം വേറിട്ട് നിന്നു .

കുട്ടികളുടെ കളി സംഘത്തിലെ നേതാവായിരുന്ന ജാനകി ആണ് കുട്ടൻ കടവിന്റെ ചരിത്രം പറഞ്ഞത് . പണ്ട് വളരെ പണ്ട് കുട്ടൻ എന്നൊരാൾ അവിടെ ജീവിച്ചിരുന്നത്രേ.

കിറുക്കൻ കുട്ടൻ …

കുട്ടനെ കുറിച്ച് ജാനകി ഒട്ടേറെ കഥകൾ പറഞ്ഞു. ജീവിതത്തിൻറെ നല്ലൊരു സമയം കുട്ടൻ കുളിക്കടവിലായിരുന്നത്രെ.
നാട്ടിലെ ഏറ്റവും നല്ല കുളികടവ് കുട്ടൻ കടവായിരുന്നു. കടവിൽ നിന്ന് തുണികൾ അലക്കുവാൻ പാകത്തിലുള്ള പാറക്കല്ലുകൾ മറ്റുള്ള കടവുകളെക്കാൾ കുട്ടൻ കടവിനെ വ്യത്യസ്തമാക്കി.

പക്ഷേ കുട്ടൻ കടവിൽ പണ്ടൊക്കെ ആണുങ്ങൾ മാത്രമേ കുളിക്കാൻ എത്താറുണ്ടായിരുന്നുള്ളൂ അത്രെ .കിറുക്കൻ കുട്ടൻ എല്ലാ ദിവസവും പത്തും പന്ത്രണ്ടും തവണ കുളിക്കാനായി കടവിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കുട്ടൻ ഉണ്ടായിരുന്ന കാലത്ത് പെണ്ണുങ്ങൾ കുട്ടൻ കടവിൽ നിന്ന് അകന്നുനിന്നു. കുളിക്കാത്തപ്പോൾ അയാൾ മീൻ പിടിക്കാനായി തോട്ടിലുണ്ടാവും. എത്ര മുഴുത്ത മീനിനെയും പാമ്പിനെക്കാൾ വലുപ്പമുള്ള ആരകനെയും പാറക്കെട്ടുകൾക്കിടയിൽ നിന്ന് അയാൾ പിടിക്കും…
പിന്നെന്നോ കുട്ടൻ ഓർമ്മയായപ്പോൾ അന്നാട്ടിലെ ഏറ്റവും പ്രശസ്തമായ കുളിക്കടവായി കുട്ടൻ കടവ് മാറി… എത്രപേർക്ക് വേണമെങ്കിലും കുളിക്കാനും തുണി തല്ലി അലക്കാനും ഉള്ള പാറക്കെട്ടുകൾ കുട്ടൻകടവിനെ മറ്റുള്ള കടവുകളേക്കാൾ ജനപ്രിയമാക്കി…

അവധി ദിവസങ്ങളിൽ കുട്ടികൾ എല്ലാവരും ഒന്നിച്ച് കുളിക്കാനിറങ്ങും. ഏത് കടവ് വേണമെന്ന് തീരുമാനിച്ചിരുന്നത് കൂട്ടത്തിലെ നേതാവായിരുന്നു.

ആദ്യം അവരുടെ നേതാവ് ഇന്ദിരയായിരുന്നു. ഇന്ദിര മുതിർന്ന് കോളേജിൽ ചേർന്നപ്പോൾ ജാനകി… അതിന് ശേഷം താനായിരുന്നു നേതാവ്.

പക്ഷേ ആരെങ്കിലും പാമ്പ് എന്ന് വിളിച്ചു പറഞ്ഞു പേടിപ്പിക്കുമ്പോൾ ആദ്യം കരയിലേയ്ക്ക് ഓടിക്കയറുന്ന കാര്യത്തിലും താൻ മുന്നിൽ ആയിരുന്നു. കടവിലെ കല്ലുകൾക്കിടയിലെ മുഷിയേയും ആരകനെയും പേടിയില്ലാത്ത , പാമ്പിനെ കണ്ട് പേടിക്കുന്ന സംഘാംഗങ്ങളെ മൂങ്ങാംകുഴിയിട്ട് പിടിച്ച് പൊക്കി തെളിവ് കാണിച്ച് അത് വെറും കമ്പാണെന്ന് തെളിയിക്കുന്ന ഇന്ദിരയുടെ നേതൃപാടവം ഒരിക്കലും തനിക്ക് ആർജിക്കാനായില്ല.

പക്ഷേ വെള്ളം തെറ്റി കളിയിൽ താനായിരുന്നു വിജയിച്ചിരുന്നത് …

വെള്ളം കൈകളിൽ എടുത്ത് എതിരാളിയുടെ കണ്ണുകളിലേയ്ക്ക് തന്നെ എയ്തു വിടുന്ന വിദ്യ …
രണ്ടുപേർ നേർക്ക് നേർ നിന്ന് വെള്ളം തെറ്റി കളിക്കുമ്പോൾ ജല കണങ്ങൾ ആകാശത്ത് ഏറ്റുമുട്ടി ചിതറി തെറിക്കാറാണ് പതിവ്. പക്ഷേ എതിരാളിയുടെ കണ്ണുകളിലേയ്ക്ക് ഏറ്റവും ശക്തമായി വെള്ളം തെറ്റിച്ച് കീഴ്പ്പെടുത്തുന്നതിൽ താൻ എപ്പോഴും ജയിച്ചു കൊണ്ടേയിരുന്നു.

കുട്ടികളുടെ കളികളിൽ വെള്ളം കലങ്ങുമ്പോൾ അലക്കാനും കുളിക്കാനും വരുന്ന പെണ്ണുങ്ങൾക്ക് ദേഷ്യം വരും.
” മൂങ്ങയെ പോലെ കണ്ണുകൾ ചുവന്നത് കണ്ടില്ലേ …”

” ഒത്തിരിനേരമായല്ലോ തുടങ്ങിയിട്ട് …ഇതുവരെ വീട്ടിൽ പോകാറായില്ലേ … നട്ടുച്ചയായല്ലോ …”
പിറുപിറുക്കലുക്കൾക്കിടയിൽ അവർ അടുത്ത കടവിലേയ്ക്ക് ഊളയിടും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്ന് താൻ വരുമ്പോൾ അവർ ആരെങ്കിലും അവിടെ ഉണ്ടാകുമോ ?

ഇന്ദിരയും ജാനകിയും ജോജിയും ബിജുവും ഷൈനിയും ഷെർലിയും ഷെർമിയും സിബിയും എല്ലാം ഇപ്പോൾ എവിടെയാണ് ആവോ …

വീട്ടിൽ വന്ന് ബാഗുകൾ ഇറക്കി വയ്ക്കാൻ കൂടി എന്നു വരുത്തി അയാൾ പുഴയിലേക്ക് നടന്നു. നടപ്പല്ലായിരുന്നു ശരിക്കും അയാൾ ഓടുകയായിരുന്നു.

കുട്ടൻ കടവിലേക്ക് ഇറങ്ങാറുള്ള വഴിയിൽ കാട് മൂടിയിരിക്കുന്നു. കടവ് മനുഷ്യസ്പർശന മേൽക്കാതെ വിജനമായിരിക്കുന്നു . എല്ലാവരും രണ്ട് കരകളിലും കൽകെട്ടുകൾ കെട്ടിയതോടെ പുഴയുടെ വീതി ശുഷ്കിച്ച് വളരെ കുറഞ്ഞിരിക്കുന്നു.

കടവിൽ ആരെങ്കിലും കുളിക്കാനും അലക്കാനും വന്നതിന്റെ ലക്ഷണം ഒന്നുമില്ല . അലക്കാനായി ആരെങ്കിലും കല്ലുകളിൽ പറ്റിപ്പിടിച്ച സോപ്പിൽ കാലിട്ട് ഉരയ്ക്കാൻ അയാൾ കൊതിച്ചു.

കുളിക്കടവിലും കല്ലുകളിലും പ്ലാസ്റ്റിക് കവറുകളിൽ എന്തൊക്കെയോ സാധനങ്ങൾ അടിഞ്ഞു കൂടിയിരിക്കുന്നു .

പുഴയ്ക്ക് അക്കരെ വയലിൽ കലപ്പ സൃഷ്ടിച്ച ഓവുചാലുകൾ ഇല്ല . വയലു തന്നെയില്ല…
വയലെല്ലാം കൊക്കോ തോട്ടങ്ങളായി പണ്ടേ മാറിയിരുന്നു. ഉപേക്ഷിക്കപ്പെട്ട കൊക്കോ ചെടികളിൽ അണ്ണാൻ തുളച്ച കൊക്കോ കായകൾ ഉണർത്തിയ ശ്മശാന പ്രതീതി മാത്രം.

പണ്ട് സ്വപ്നത്തിൽ വർണ തേര് ഉണർത്തിയ ചേറിൻറെ മണം ഇനി സ്വപ്നങ്ങളിൽ മാത്രം. മാനത്ത് കണ്ണിയും പള്ളത്തിയും കല്ലട മുട്ടിയും പോയിട്ട് ഒരു വാഴയ്ക്കാ വരയാൻ പോലുമില്ല.

വേനൽ കാലത്ത് വെള്ളത്തിനായി തോട്ടിൽ കുഴിച്ച ഓലിയിൽ നിന്ന് വെള്ളമെടുത്ത് തുളുമ്പാതിരിക്കാൻ ഇല പറച്ചിട്ട് നടന്നു നീങ്ങുന്ന ഇന്ദിര ഇപ്പോൾ എവിടെയായിരിക്കും….
പെട്ടെന്ന് ഒരു തളർച്ചയോടെ അയാൾ പുഴക്കരയിലിരുന്നു. അസഹ്യമായ ദുർഗന്ധത്തിൽ അയാൾ വെട്ടിവിയർത്തു. ദുർഗന്ധ കാറ്റിൽ അയാളുടെ വിയർപ്പ് കണങ്ങൾ വാനിലേയ്ക്ക് ഉയർന്നു .

പുഴയിൽ ഒഴുക്കേ ഇല്ല … ഗ്രാമത്തെ ശുദ്ധീകരിച്ചിരുന്ന പുഴ. പുഴയിലേയ്ക്ക് ഇറങ്ങാനുള്ള ശ്രമം തടഞ്ഞ് ഒരു സ്വരം കേട്ടു.

“ഇറങ്ങണ്ട… ഇവിടെ ഇപ്പോൾ ആരും ഇറങ്ങാറില്ല …കുളിക്കാനും ഒന്നിനും ….”
“എന്തു പറ്റി …”
ചൊറിയും…”
പറഞ്ഞയാൾ വാചാലനായി . പുഴയുടെ തീരത്തെ അറവുശാലകളെ കുറിച്ച് … ഇറച്ചി കോഴി കടകളെ കുറിച്ച് ….
ഇവിടെയാണത്രേ അടുത്ത സ്ഥലങ്ങളെക്കാൾ അറവുശാലകൾ ഉള്ളത്.

“പോത്തും പന്നിയും കോഴിയും എല്ലാം യഥേഷ്ടം കിട്ടും”
അതു പറയുമ്പോൾ അയാളുടെ കണ്ണുകളിൽ അഭിമാനം തുളുമ്പിയിരുന്നു.

പഴയ പരിചയക്കാരോടൊക്കെ സംസാരിച്ചപ്പോൾ അവസാനം അയാൾ പറഞ്ഞത് പുഴകളെ കുറിച്ചായിരുന്നു…
” മഴപെയ്താൽ വെള്ളം നല്ലതാകുമായിരിക്കും… അല്ലെ …”

” ഒഴുക്കു വെള്ളത്തിൽ അഴുക്കില്ലന്നല്ലേ പറയാറ് ”
പഴമക്കാരിലൊരാൾ പറഞ്ഞു .
“ഇത് പ്രാക്കാണ് … പണ്ട് കാലത്തെ നഞ്ച് കലക്കിയതിന്റെ ശാപം …”

പനക്കായും ചാരവും കൂട്ടി ചാറ് പരുവത്തിലാക്കി പണ്ട് പുഴയിൽ കലക്കുമായിരുന്നു മീൻപിടിക്കാൻ . കണ്ണുപൊട്ടി മീൻ മയങ്ങി പൊങ്ങിവരും. വലിയ മീനുകളെ പിടിക്കും ആയിരക്കണക്കിന് മീൻ കുഞ്ഞുങ്ങൾ ചത്തുമലക്കും. വളർച്ചയെത്താത്ത പൊടിമീൻ കുഞ്ഞുങ്ങളുടെ ശാപം …

തിരിച്ചുള്ള യാത്രയിൽ എയർപോർട്ടിൽ കാത്തിരിക്കവേ അയാളുടെ ഗൃഹാതുരത്വം വറ്റിവരണ്ടിരുന്നു.

അപ്പാ പുഴയിൽ മുങ്ങി കുളിച്ചോ എന്ന് ഓരോ പ്രാവശ്യവും ചോദിക്കുന്ന മകളുടെ മുഖം അയാൾക്ക് ഓർമ്മ വന്നു.

ചീഞ്ഞളിഞ്ഞ വെള്ളത്തിൻറെ ദുർഗന്ധം ആയിരക്കണക്കിന് കിലോമീറ്ററുകൾക്ക് അപ്പുറത്ത് ഭാര്യയും മകളും കാത്തിരിക്കുന്ന അന്യദേശത്ത് ചെന്നാലും തന്നെ വേട്ടയാടുമെന്ന് അയാൾക്ക് ഉറപ്പായിരുന്നു. കുഞ്ഞിലെ പുഴയിൽ കുളിക്കുമ്പോൾ കവിൾ കൊണ്ട വെള്ളത്തിൻറെ ഓർമ്മയിൽ അയാൾക്ക് പെട്ടെന്ന് ഓക്കാനം വന്നു. പറന്നുയർന്ന വിമാനത്തിൽ നിന്ന് താഴേയ്ക്ക് നോക്കാതെ അയാൾ കണ്ണടച്ചിരുന്നു.

റ്റിജി തോമസ് 

റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

ഫോട്ടോ കടപ്പാട് : അഞ്ജു റ്റിജി