മോഹന്‍ദാസ്

കൂടല്ലൂരിന്‍റെ ഹൃദയത്തെ തൊടുന്ന ജലവിരല്‍സ്പര്‍ശമാണ് നിള. സാന്ധ്യശോഭയില്‍ കവിള്‍ത്ത‍ടങ്ങളില്‍ കുങ്കുമവര്‍ണ്ണമണിഞ്ഞ് വ്രീളാഭരിതയായി ഒഴുകുന്ന നിളയില്‍ പ്രണയത്തിന്‍റെ നീലാമ്പലുകള്‍ വിരിയിച്ച കഥയുടെ മാന്ത്രികനാണ് എം. ടി.

എം.ടി തന്നെ അത് പറയുന്നുണ്ട്.

‘’അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രത്തേക്കാൾ അറിയുന്ന എന്‍റെ നിളാനദിയെ ആണെനിക്കിഷ്ടം ”

കൂടല്ലൂരിന്‍റെ ജീവചരിത്രകാരൻ

അറിയാത്ത അത്ഭുതങ്ങളെ ഗർഭം ധരിച്ച മഹാസമുദ്രങ്ങളേക്കാൾ അറിയുന്ന എന്‍റെ നിളാനദിയാണെനിക്കിഷ്ടമെന്ന് ആവർത്തിച്ചു പറയാന്‍ എം.ടി.യെ പ്രേരിപ്പിക്കുന്നത് എന്താണ്?

അദ്ദേഹത്തിന്‍റെ ഓർമ്മകളുടെ കലവറ ജനിച്ചുവളര്‍ന്ന ഗ്രാമമായ കുടല്ലൂരാണെന്നതിന്‍റെ സാക്ഷ്യങ്ങളാണ് അദ്ദേഹമെഴുതിയ കഥകളും നോവലുകളും.

എം. ടി എഴുതുന്നു:

‘എന്‍റെ സാഹിത്യജീവിതത്തിൽ മറ്റെന്തിനോടുമുള്ളതിലധികം ഞാൻ കടപ്പെട്ടിരിക്കുന്നതു കൂടല്ലൂരിനോടാണ്. വേലായുധേട്ടന്‍റെയും ഗോവിന്ദന്‍ കുട്ടിയുടെയും പകിടകളിക്കാരൻ കോന്തുണ്ണി അമ്മാമയുടെയും കാതുമുറിച്ച മീനാക്ഷിയേടത്തിയുടെയും നാടായ കൂടല്ലൂരിനോട്. അച്ഛൻ, . ജ്യേഷ്ഠൻമാർ, ബന്ധുക്കൾ, പരിചയക്കാർ, അയൽക്കാർ – ഇവരെല്ലാം എനിക്കു പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. എന്‍റെ ചെറിയ അനുഭവ മണ്ഡലത്തിൽപ്പെട്ട സ്ത്രീപുരുഷന്മാരുടെ കഥകളാണ് എന്‍റെ സാഹിത്യത്തിൽ ഭൂരിഭാഗവും.

നവതിയുടെ നിറവില്‍

എം. ടി . വാസുദേവൻ നായർ 90-ാമത് പിറന്നാൾ ആഘോഷിക്കുമ്പോള്‍ അത് മലയാളത്തിന്‍റെ പിറന്നാള്‍ കൂടിയാണെന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിൽയോക്തിയില്ല. ഭാവനയിലും ഭാവുകത്വത്തിലും സൂര്യോദയങ്ങള്‍ വിരിയിച്ച എഴുത്തുകാരന്‍റെ നവതി.

പിറന്നാളുകള്‍ ആഘോഷിക്കാത്ത ബാല്യം

പിറന്നാളുകള്‍ ആഘോഷിച്ചിട്ടില്ലെന്ന് എം. ടി പറഞ്ഞിട്ടുണ്ട്. മകന്‍റെ പിറന്നാള്‍ പായസത്തിനുള്ള ഇടങ്ങഴി അരിചോദിച്ചപ്പോള്‍ അമ്മയ്ക്ക് കിട്ടിയ മുഖമടച്ചുള്ള അടിയെപ്പറ്റി പിറന്നാളിന്‍റെ ഓര്‍മ്മയ്ക്ക് എന്ന കഥയില്‍ എം. ടി എഴുതിയിട്ടുണ്ട്.

പൊന്നാനി താലൂക്കില്‍ 1933 ജൂലൈ 15 നാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി.വാസുദേവൻ നായരുടെ ജനനം. അച്ഛന്‍ – ടി. നാരാണന്‍നായര്‍, അമ്മ – അമ്മാളുവമ്മ.

എം. ടി എന്ന രണ്ടക്ഷരങ്ങളില്‍ ഒരു മഹാവിസ്മയം തന്നെയുണ്ട്. ഒറ്റ വാക്കില്‍ വ്യാഖ്യാനിക്കാന്‍ അസാധ്യമായ ഒരു വിസ്മയം . നോവലിസ്റ്റ്, തിരക്കഥാകൃത്ത്, പത്രാധിപര്‍, സംവിധായകന്‍ തുടങ്ങി അദ്ദേഹത്തിന് ഒരുപാട് വിശേഷണങ്ങളുണ്ട്.

സ്കൂളില്‍ പഠിക്കുന്നകാലത്തു തന്നെ കഥകളെഴുതിത്തുടങ്ങി.

രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരം പ്രസിദ്ധീകരിക്കുന്നത് പാലക്കാട് വിക്റ്റോറിയ കോളേജിൽ ഡിഗ്രിക്കു പഠിക്കുമ്പോഴാണ്. മലയാളസാഹിത്യത്തിൽ അദ്ദേഹം ശ്രദ്ധേയനായിത്തീർന്നത് കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എം.ടി.യുടെ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ ഒന്നാം സ്ഥാനം നേടിയതോടെയാണ്. 1954-ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി മാത‍ൃഭൂമി നടത്തിയ മത്സരമായിരുന്നു ഇത്.

എം. ടി യുടെ കരിയറിലെ വഴിത്തിരിവായിരുന്നു 1957-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ സബ് എഡിറ്ററായി ചേർന്നത്.
പാതിരാവും പകൽ‌വെളിച്ചവും’ എന്ന ആദ്യനോവൽ ഈ സമയത്താണു ഖണ്ഡശഃ പുറത്തുവന്നത്. ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച നോവൽ ‘നാലുകെട്ട് ആണ്.

നാലുകെട്ട്, സ്വർഗ്ഗം തുറക്കുന്ന സമയം, ഗോപുരനടയില്‍ എന്നീ കൃതികൾക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും കാലം എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും വാനപ്രസ്ഥത്തിന് ഓടക്കുഴല്‍ അവാർഡും ലഭിച്ചിട്ടുണ്ട്.

നിര്‍മ്മാല്യവും വെളിച്ചപ്പാടും – എം.ടിയുടെ ഓര്‍മ്മകള്‍

…ഞാന്‍ നിര്‍മ്മാല്യം മനസ്സില്‍ കൊണ്ടുനടക്കുന്ന കാലം. വെളിച്ചപ്പാടായി ആരഭിനയിക്കും? നാടകത്തില്‍ നിന്നും സിനിമയിലേക്ക് എത്തിയ മറ്റൊരു അനുഗൃഹീത നടനുണ്ട് – ശങ്കരാടി. ശങ്കരാടിയുമായി ചര്‍ച്ചചെയ്തു. അടുത്ത സുഹൃത്തായ ശങ്കരാടി പറഞ്ഞു.

‘ചെയ്യാന്‍ എനിക്ക് മോഹമുണ്ട്. പക്ഷേ, എന്‍റെ നല്ല ശരീരം ദൈന്യം പിടിച്ച ആ വെളിച്ചപ്പാടിനുചേര്‍ന്നതല്ലല്ലോ?’

ആന്‍റണിക്കു പറ്റും എന്ന് ശങ്കരാടി പറഞ്ഞു. ആന്‍റണി ഇനി സിനിമയേ വേണ്ട എന്നുപറഞ്ഞ് മടങ്ങി വന്നിരിക്കുകയാണല്ലോ എന്ന സംശയം തോന്നാതിരുന്നില്ല. ഒരു സുഹൃത്തിനെ എറണാകുളത്തേക്ക് ഒരു കത്തും കൊടുത്തയച്ചു.കാര്യം വിശദമായി എഴുതിയിരുന്നു. പ്രതിഫലക്കാര്യമടക്കം.
ദൂതന്‍ മടങ്ങിവന്നപ്പോള്‍ എഴുതിയ മറുപടിയില്ല.
ഞാന്‍ മതിയെങ്കില്‍ എന്ന് എവിടെ എത്തണമെന്ന് അറിയിച്ചാല്‍ മതി എന്നായിരുന്നു. സന്ദേസം.
ഷൂട്ടിംഗിന് അഞ്ചുദിവസം മുന്‍പ് ആന്‍റണി ശുകപുരത്തുള്ള ഞങ്ങളുടെ ക്യമ്പിലെത്തി. ആയിടയ്ക്ക് അമിതമായി കുടിയ്ക്കുന്നു എന്ന കിംവദന്തി ഉണ്ടായിരുന്നു. ആന്‍റണിയെപ്പറ്റി. ഞാന്‍ ആദ്യദിവസം തന്നപറഞ്ഞു.

‘’ആശാന്‍ ജോലിയുള്ളപ്പോള്‍ കുടിയ്ക്കരുത്. രാത്രി വേണമെങ്കില്‍ ആവാം. എന്നെ കുഴപ്പത്തിലാക്കരുത്.’’

ആന്‍റണി ചിരിച്ചു.
‘’പേടിക്കേണ്ട. കേട്ട അത്ര കുഴപ്പമൊന്നുമില്ല വാസു.’’

നിര്‍മ്മാല്യത്തിലെ തന്‍റെ മൊത്തം പ്രകടനത്തില്‍ ആന്‍ണി തൃപ്തനായിരുന്നു…..

എം.ടിയുമായുള്ള തന്‍റെ ആത്മബന്ധത്തെക്കുറിച്ച് എസ്. ജയചന്ദ്രന്‍നായര്‍ കഥാസരിത്സാഗരം എന്ന പുസ്തകത്തില്‍
വികാരനിര്‍ഭരമായി എഴുതിയത് വായനക്കാന് ഹൃദയസ്പര്‍ശിയായി അനുഭവപ്പെടും:

‘എന്‍റെ കൈയ്യിലുള്ള പുസ്തകശേഖരം തീയിൽപ്പെട്ട് കത്തി നശിക്കുകയെന്ന അത്യാപത്ത് യാദൃശ്ചികമായി സംഭവിച്ചാൽ അതിൽ ഒരു പുസ്തകം പെടരുതേയെന്ന് ഞാൻ പ്രാർത്ഥിക്കാറുണ്ട്. “രണ്ടാമൂഴമാണ് ആ പുസ്തകം എന്തെന്നാൽ അതൊരു സംസ്കാരമാണ്. അത് തീയിൽപെട്ട് വെന്തുനശിച്ചാൽ എനിക്ക് നഷ്ടപ്പെടുന്നത് ആ സംസ്കാരമായിരിക്കും.’

 

അംഗീകാരങ്ങള്‍:
1996-ൽ ജ്ഞാനപീഠം പുരസ്കാരത്തിനർഹനായി.

2005-ലെ പത്മഭൂഷൺ ലഭിച്ചു.
2005-ൽ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചു.
2011-ൽ കേരള സർക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്കാരത്തിന് അർഹനായി.
2013-ൽ കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് നല്കി ആദരിച്ചു.
മാതൃഭൂമി പീരിയോഡിക്കൽസ് പത്രാധിപർ, കേരള സാഹിത്യ അക്കാദമി പ്രസി ഡണ്ട്, കേന്ദ്ര സാഹിത്യ അക്കാദമി എക്സിക്യൂട്ടിവ് മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

പ്രധാനകൃതികൾ:

മഞ്ഞ്, കാലം, നാലുകെട്ട്, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകൽവെളിച്ചവും, അറബിപ്പൊന്ന്, രണ്ടാമൂഴം, വാരാണസി (നോവലുകൾ)

ഇരുട്ടിന്‍റെ ആത്മാവ്, ഓളവും തീരവും, കുട്ട്യേടത്തി, വാരിക്കുഴി, പതനം, ബന്ധനം, സ്വർഗ്ഗം ക്കുന്ന സമയം, നിന്‍റെ ഓർമ്മയ്ക്ക്, വാനപ്രസ്ഥം, എം.ടിയുടെ തിരഞ്ഞെടുത്ത കഥകൾ, – ഡാർ എസ്. സലാം, രക്തം പുരണ്ട മൺതരികൾ, വെയിലും നിലാവും, കളിവീട്, വേദന യുടെ പൂക്കൾ, ഷെർലക്ക് (കഥകൾ)

ഗോപുരനടയിൽ (നാടകം)

കാഥികന്‍റെ കല കഥ കന്‍റെ പണിപ്പുര, ഹെമിംഗ് വേ ഒരു മുഖവുര, കണ്ണാന്തളിപ്പൂക്കളുടെ കാലം (പ്രബന്ധങ്ങൾ)

ആൾക്കൂട്ടത്തിൽ തനിയെ (യാത്രാവിവരണം)

എം.ടിയുടെ തിരക്കഥകൾ, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, വൈശാലി, പെരുന്തച്ചൻ, ഒരു വടക്കൻ വീരഗാഥ, നഗരമേ നന്ദി, നിഴലാട്ടം ഒരു ചെറുപുഞ്ചിരി, നീലത്താമര, പഴശിരാജ (തിരക്കഥകള്‍)

സ്നേഹാദരങ്ങളോടെ അമ്മയ്ക്ക് (ഓർമ്മകൾ)
ചിത്രത്തെരുവുകള്‍ (ചലച്ചിത്രസ്മരണകള്‍)
വാക്കുകളുടെ വിസ്മയം (പ്രസംഗങ്ങള്‍)

കെ. ആര്‍. മോഹന്‍ദാസ്  കോട്ടയം മുട്ടമ്പലം സ്വദേശി.  കൊച്ചിയിൽ പരസ്യ കോപ്പി റൈറ്ററായി പ്രവർത്തിക്കുന്നു. ഫ്രീലാൻസ് ജേർണ്ണലിസ്റ്റുമാണ് എഴുത്തും വായനയും പാട്ടും ഏറെയിഷ്ടം.