സുരേഷ് നാരായണൻ
തന്റെ കാമുകൻറെ അനിയന്ത്രിത
ആത്മീയത -ആധ്യാത്മികതയാൽ അവൾ വീർപ്പുമുട്ടി
ഒടുവിൽ അവൾ
ഒരു ശംഖായ് മാറി
അവൻ കുളിക്കുവാൻ വരുന്ന
കടപ്പുറത്ത് …..
‘നീ കാത്തു കിടന്നോ.
ബാക്കി ഞങ്ങൾ നോക്കിക്കോളാം.’
കടൽ പറഞ്ഞു .
തിരകൾ പറഞ്ഞു.
സന്ധ്യാവന്ദന ആചമനത്തിനായ്
അവൻ കുനിഞ്ഞതും
തിരകൾ
ആ ശംഖിനെ അവൻറെ കൺകുമ്പിളിലേക്കു തള്ളിയിട്ടു.
ത്രസിച്ചു പോയ അവൻ തൻറെ
മന്ത്രങ്ങളെ മറന്നു;
കാത്തിരിക്കുന്ന
ദൈവങ്ങളെ , നൈവേദ്യ അടുപ്പുകളെ മറന്നു.
ചുണ്ടോടടുപ്പിച്ച്
ഊതാൻ തുടങ്ങിയതും
‘ഒടുവിലങ്ങ് എന്നെ ചുംബിച്ചു’
എന്നൊരലർച്ചയോടെ അവൾ
സ്വരൂപം പൂണ്ടു
സുരേഷ് നാരായണൻ
വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി .16 വർഷത്തെ ബാങ്കിംഗ് പരിചയം. ഇപ്പോൾ ധനലക്ഷ്മി ബാങ്കിൽ .ജോലിയോടൊപ്പം എഴുത്ത്, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, യാത്രകൾ അങ്ങനെ തുടർന്നു പോരുന്നു. മാധ്യമം, പ്രസാധകൻ, രിസാല,കലാകൗമുദി, ദേശാഭിമാനി, മംഗളം ഉൾപ്പെടെയുള്ള ആനുകാലികങ്ങളിലും, മാതൃഭൂമി, മനോരമ ഉൾപ്പെടെ നിരവധി ഓൺലൈൻ പോർട്ടൽ മാസികകളിലും കഥ, കവിത, ലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളം ഷോർട്ട് ഫിലിമുകളും ചെയ്തിട്ടുണ്ട്. പ്രഥമ കവിതാ സമാഹാരം വയലിൻ പൂക്കുന്ന മരം കഴിഞ്ഞ ഡിസംബറിൽ പുറത്തിറങ്ങി. എൻ വി ഭാസ്കരൻ കവിതാപുരസ്കാരജേതാവ്.
Leave a Reply