റ്റിജി തോമസ്

ചിങ്ങത്തിന്റെ പ്രസരിപ്പും തെളിമയുമായിരുന്നു എവിടെയും, ഞങ്ങളുടെ മനസ്സ് പോലെ. നിലാവ് പോലെ വെയിൽ, പിന്നെ കുളിർകാറ്റിന്റെ അവാച്യത.

ഞങ്ങൾ മേഘങ്ങളെപ്പോലെ ഒഴുകി സഞ്ചരിച്ചു…..

മനോഹര സ്വപ്നങ്ങളുടെ ആനന്ദമാധുരി ആവോളം ആസ്വദിക്കുന്ന ഭാവത്തിൽ ഓരോ നിമിഷവും ഞങ്ങൾ സ്പർശിച്ചു. ഓരോ നിമിഷത്തെയും ഭാഗിക്കണമെന്നും ഓരോ ചെറിയ അംശത്തിലും ജീവിക്കണമെന്നും ഞങ്ങൾ ആഗ്രഹിച്ചു .

വീട്ടിലേക്ക് കടന്നു ചെന്നപ്പോൾ സ്വീകരണമുറിയിൽ അച്ഛനും അമ്മയ്ക്കും ഒപ്പം അവൾ സംസാരിക്കുന്നതു കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി. ഞങ്ങളുടെ ഇടയിലെ അനേകം മൈലുകളുടെ ദൈർഘ്യം തരണം ചെയ്യാൻ ഒരിക്കലും സാധിക്കില്ലെന്ന് ഞങ്ങൾ കരുതിയിരുന്നു. ഒപ്പം ജീവിതത്തിലൊരിക്കലും കണ്ടുമുട്ടില്ലെന്നും എനിക്ക് ഒന്നും സംസാരിക്കാൻ സാധിച്ചില്ല. ഒരു അപരിചിതന്റെ ഭാവത്തിൽ , കുട്ടിയുടെ അറിവില്ലായ്മ പോലെ നിശബ്ദനായി നിൽക്കുന്ന എന്നെ നോക്കി അവൾ ചിരിച്ചു .ഒപ്പം അച്ഛനും അമ്മയും .എല്ലാം എല്ലാം തന്നെ എന്നെ അത്ഭുതപ്പെടുത്തി. എന്തൊക്കെയോ മനസ്സിലായെങ്കിലും അറിവില്ലായ്മകൾ കൂടികലർത്തപ്പെട്ട അവ്യക്തതയുടെ ഒരു പ്രത്യേക അവസ്ഥയിലേക്ക് എത്തിപ്പെടുന്നതായി എനിക്ക് തോന്നി.

അവൾ എൻറെ കയ്യിൽ പിടിച്ചു .അച്ഛൻറെയും അമ്മയുടെയും അനുഗ്രഹത്തിന്റെയും അനുവാദത്തിന്റെയും ധ്വനിയിലുള്ള മന്ദഹാസത്തിന്റെ മദ്ധ്യേ ഞങ്ങൾ പുറത്തേക്കു നടന്നു .

അങ്ങനെ ഞങ്ങൾ മേഘങ്ങളെപോലെ ഒഴുകി സഞ്ചരിച്ചു.

യാത്രയിലുടനീളം ഞാൻ സംസാരിച്ചത് എനിക്ക് അവളോടുള്ള സ്നേഹത്തെക്കുറിച്ചായിരുന്നു.

ഒരുകാലത്ത് അവളോട് എന്ത് സംസാരിക്കണമെന്ന് ഞാൻ ചിന്തിക്കാറുണ്ടായിരുന്നു. വേറെ ആരെങ്കിലുമായിരുന്നെങ്കിൽ എനിക്ക് കണക്കറ്റ വിഷയങ്ങളുണ്ടായിരുന്നു. പക്ഷേ ,അവളോട് സംസാരിക്കാൻ എനിക്ക് പരിമിതങ്ങളായ വിഷയങ്ങളെ ഉണ്ടായിരുന്നുള്ളൂ. എന്നെക്കുറിച്ച് അവളെക്കുറിച്ച് പിന്നെ ഞങ്ങൾക്ക് മാത്രമായി കിട്ടിയ നിമിഷങ്ങളെക്കുറിച്ച്. അത്രമാത്രം……

അവളുടെ ചുണ്ടുകൾ മന്ദഹാസം കൊണ്ട് നിറഞ്ഞിരുന്നു. കൈവിട്ടുപോകുന്ന പോകുന്ന ഒരു സ്വപ്നം പോലെ ഞാൻ അവളെ ചേർത്തുപിടിച്ചു .അവളുടെ മുടിയുടെ കോന്തലുകൾ എൻറെ ചുമലിൽ കാറ്റത്ത് പറന്നിരുന്നു…..

യാത്ര എന്തോ പ്രത്യേകതകളുടെ സങ്കലനയായിരുന്നു. അനുഭൂതികളുടെ സങ്കലനം .…..

മഞ്ഞ് ഞങ്ങളുടെ പാതയിലേക്ക് അരിച്ചരിച്ചെത്തി .തണുപ്പ് തീവ്രമായ അനുരാഗം പോലെ ശരീരത്തെ പൊതിഞ്ഞു.

” ഇതു രാത്രിയാണോ പകലാണോ ?”

ഞാൻ ചോദിച്ചു.

“ആവോ ”

“ചന്ദ്രൻ?” ഞാൻ പറഞ്ഞു.

“എന്തിനാ ഇങ്ങനെ ചിന്തക്കണെ. കൊച്ചുകുട്ടികളെപ്പോലെ ചന്ദ്രനെ നോക്ക്യേ….. കടലാസ് പറ്റിച്ചതുപോലെ….. നമ്മൾക്ക് രണ്ടു കുഞ്ഞുഞ്ഞികളാകാം …..”

എനിക്ക് അത് സമ്മതമായിരുന്നു. ഏതോ ഒരു അറിവിൻറെ കണിക എന്റെ ഉള്ളിൽ മിന്നിമറഞ്ഞു.

” എന്റെ കുഞ്ഞൂഞ്ഞി …..”

ഞാൻ വിളിച്ചു .

അവൾ ചിരിച്ചുകൊണ്ട് വിളികേട്ടു. അവൾ കൈചൂണ്ടിയിടത്തേക്ക് ഞാൻ നോക്കി . കുന്നിൻറെ മുകളിൽ നിലാവിൽ ( അതോ വെയിലിലോ) തിളങ്ങി നിൽക്കുന്ന മനോഹരമായ ഒരു ദേവാലയം . ആ നിമിഷത്തിൽ അവിടെ പൊന്തി വന്നതുപോലെ.

പെട്ടെന്ന് അവളോടുള്ള സ്നേഹത്താൽ ഞാൻ വീർപ്പുമുട്ടി.

അവളുടെ കൈപിടിച്ച് ഞാൻ ദേവാലയത്തിലേക്ക് ഓടി….. നിലാവിൽ പലതരം പൂക്കളുടെ മദ്ധ്യേ ഒരു കൊച്ചു ദേവാലയം. ചുവരുകളിൽ നിലാവു തട്ടി ശോഭിക്കുന്നു.

അങ്ങനെ ഒരു ദേവാലയം ഇതിന് മുമ്പ് ഒരിക്കലും കണ്ടിരുന്നില്ല. ദേവാലയത്തിന്റെ പ്രധാന കവാടം വഴി അകത്തു കടന്നു .

ദേവാലയത്തിൽ സ്ഥാപിച്ചിരുന്ന പഴയ ക്ലോക്ക് മണി അടിച്ചു….. ഏതോ സമയം.

വിജനത. ദേവാലയത്തിൽ രണ്ട് വ്യക്തികൾ മാത്രം. പരസ്പരം സ്നേഹിക്കുന്നവർ…. പുറത്തുള്ള ലോകം ഏതോ വിദൂരതയിൽ അങ്ങകലെ.

ദേവാലയത്തിന്റെ പ്രകാശമാനമായ, വിജനമായ അവസ്ഥയിൽ ഇനി ഒട്ടുനേരം ജീവിക്കണമെന്നും, ഒളിച്ചേ പാത്തേ, അക്ക്, കല്ലു കൊത്തിക്കളി, ഞൊട്ടിപ്പിടുത്തം മുതലായ അനേകം കുഞ്ഞൂഞ്ഞിക്കളികൾ കളിക്കണമെന്നും ഞങ്ങൾ ആഗ്രഹിച്ചു. പക്ഷേ , അവ്യക്തമായ ലക്ഷ്യപ്രാപ്തി ഞങ്ങളെ മുന്നോട്ട് നയിച്ചു.

ദേവാലയത്തിൽ നിന്ന് പുറത്തേക്ക്… പിന്നെ സ്വപ്ന സാദൃശ്യമായ താഴ്വാരം…. ഞങ്ങൾ മുന്നോട്ട് നീങ്ങി.

” നമ്മൾക്ക് ജീവിക്കണം….”

അപ്പോൾ ഒരു ചെറു മന്ദഹാസത്തിനിടയിൽ അവൾ ചുണ്ടനക്കി.

” എന്നുവരെ….?”

പെട്ടെന്ന് ഒരു ഉത്തരം എനിക്ക് അപ്രാവ്യമായിരുന്നു. സമയത്തെക്കുറിച്ച് കാലത്തെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു….

“അങ്ങുവരെ…”

അത്രമാത്രം പറഞ്ഞ് ഞാൻ അവളുടെ കവിളിൽ ചുംബിച്ചു. ആ നിമിഷം അവളുടെ സാമീപ്യം എൻറെ മനസ്സിൽ സുഖമുള്ള ലേപനമായി പടർന്നു.

കടന്നുപോയ നിമിഷങ്ങളുടെ നഷ്ടബോധം വരാനിരിക്കുന്നവയുടെ ലാഭത്തിൽ കിഴിച്ച് കണക്കുകൂട്ടുമ്പോൾ അവൾ മൊഴിഞ്ഞു.

മുന്നോട്ട് …

സാധാരണത്വത്തിൻെറ ചരടിൽ യുക്തി തരം തിരിക്കുമ്പോൾ അവൾ വിലക്കി.

“ചിന്തകൾ പുറകിലേക്ക് നയിക്കാൻ പാടില്ല.. അവയുടെ ബാഹുല്യത്തിൽ എന്തിന് ഇന്നിനെ നമ്മളെ ….മറക്കണം ….”

അവളുടെ അറിവിൻറെ പ്രകാശത്തിൽ എൻറെ വേദനകൾ ആകുന്നു …ദീപ്തമായ അനുഭൂതിയായി പ്രകാശമായി അവൾ എൻറെ മനസ്സിൽ നിറഞ്ഞു .

പാത ഒരു ഗുഹയിലേക്ക് പ്രവേശിച്ചപ്പോൾ ഞാൻ അമ്പരന്നില്ല. കാരണം ഗുഹയുടെ അങ്ങേ കവാടത്തിൽ വിരിഞ്ഞ പൂക്കളുടെ മനോഹാരിതയും ഇളംകാറ്റിൻെറ നിർവൃതിയും അത്ര ശക്തമായി ഉണ്ടായിരുന്നു.

മുന്നേറവേ ഇരുട്ടിൻെറയും വായുവിൻെറയും കട്ടി ഏറിവന്നു .ഗുഹയുടെ ഉള്ള് പരന്ന് ഇടുങ്ങി. കൈകൾ കൊരുത്ത് നീങ്ങവേ ഞങ്ങളുടെ കാലുകളെ തഴുകി ഒഴുകുന്ന ജലം പകർന്ന കുളിർമയുടെ നൈമിഷിക അനുഭൂതിയും അടുത്ത നിമിഷം പ്രയാണത്തിൻെറ ദുഷ്‌കരതയും മിന്നായം പോലെ മനസ്സിൽ കടന്നു കൂടി. ഗുഹയിൽ വരമ്പുകൾ ഉള്ളതായും, അവ ഓരോന്നും പിന്തിരിപ്പിക്കണതും ഞങ്ങൾ അറിഞ്ഞു.

വരമ്പുകൾക്കിടയിലൂടെ ഇഴഞ്ഞ് മുന്നോട്ട് നീങ്ങവേ അവളുടെ കണ്ണുകളിലെ പ്രകാശവും, നിശ്വാസത്തിൻറെ ഊഷ്മളതയും എനിക്ക് ആശ്വാസമായി.

ഇരുട്ടിൻെറയും ഒഴുകി എത്തുന്ന ജലത്തിൻെറയും വരമ്പുകളുടെയും മധ്യേ പ്രയാണത്തിൻെറ അവ്യക്തത ഞങ്ങളെ പിൻതുടർന്നു .

ഏതോ ഇച്‌ഛാഭംഗത്തിൻെറ മുറിവുകളുമായി ഞങ്ങൾക്ക് എതിരെ മന്ദമാരുതൻ വീഴ്ത്തി വീശിയെത്തി. അടുത്ത വരമ്പുകൾക്കിടയിലൂടെ നൂർന്ന് കയറാൻ ലക്ഷ്യം വയ്ക്കവേ ബോധത്തിൻെറ വിലക്കിൽ ഞാൻ പിൻവാങ്ങാൻ തീരുമാനിച്ചു.

എൻറെ ബോധം അവളെ തേടിച്ചെന്നു. ഞാൻ പിൻതിരിഞ്ഞ നിമിഷം തന്നെ അവളും പിൻതിരിഞ്ഞു. ഇടുങ്ങിയ വരമ്പുകൾക്കിടയിൽ ഞെരിഞ്ഞമർന്ന് മുന്നോട്ടും പിന്നോട്ടും ഇല്ലാത്ത സന്ദിഗ്ദ്ധാവസ്ഥയിൽ ശ്വാസത്തിനായി ബദ്ധപ്പെട്ട് ഞാൻ അവളെ തിരഞ്ഞു. ബോധത്തിൻെറ അന്യതയിൽ വരമ്പുകൾക്ക് അപ്പുറത്ത് അവൾ എത്തിച്ചേർന്നിരുന്നു….

അവസാന ശ്വാസത്തിൻെറ ഊർജ്ജവും പേറി ഞാൻ വിളിച്ചു…

” എൻറെ പെണ്ണെ…..”

വരമ്പുകളിൽ തട്ടി ഒഴുകുന്ന ജലത്തിൻറെ ആരവത്തിൽ എൻറെ വിളി അലിഞ്ഞ് ഇല്ലാതായി.

റ്റിജി തോമസ്

റ്റിജി തോമസിന്റെ ചെറുകഥകള്‍ ദീപിക ദിനപത്രം ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക്ഫാസ്റ്റിലും സ്വന്തം രചനകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചിതാവാണ്. ഇപ്പോൾ തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ വകുപ്പ് മേധാവി. [email protected]