ഡോക്ടർ എ. സി. രാജീവ് കുമാർ
ഓണം പോന്നോണം തുടങ്ങുക അത്തം മുതൽ ആണല്ലോ. വീടും പരിസരവും വീട്ടുപകരണങ്ങളും ഒക്കെ വൃത്തിയാക്കൽ ഓരോ ദിവസവും ആയി ചെയ്തു വരും. പിന്നീടുള്ള ഓരോ ദിവസവും ഓരോ ഇനം വറ ആണ്. കടല മാവ് കൊണ്ടുള്ള പക്കാവട ഒരു ദിവസം. അടുത്തത് അരി അരച്ചുള്ള കളിയടക്ക കുഴലപ്പം ഒറോട്ടി ഇനങ്ങൾ. ഉപ്പേരി ആണ് അടുത്തത്. ഏത്തക്ക ഉപ്പേരി പല ഇനം. വട്ടം അരിഞ്ഞത്, കനം കുറച്ച് വട്ടം അരിഞ്ഞത്, വട്ടം നടുവെ മുറിച്ചത്, നാലൊന്ന്, ചക്കര വരട്ടിക്ക് കനം ഉള്ളത് ഇങ്ങനെ പല തരം.
അച്ചപ്പം, ഗോതമ്പ് ഡയമാൺ കട്ട്, അത് തന്നെ പഞ്ചസാര വഴറ്റിയത്. വറ ഇനങ്ങൾ ഓരോന്ന് ബിസ്‌ക്കറ്റ് പാട്ടകളിൽ ആക്കി മറ്റുകയാണ് ചെയ്ക.
ഓരോ ദിവസവും ഓണ പരീക്ഷ കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ വറ മണം അടിച്ചു അടുക്കളയിൽ ചെല്ലുമ്പോൾ മുറത്തിൽ അതാതു ദിവസം വറക്കുന്നവ ചൂട് ആറാൻ വെച്ചിരിക്കുന്നുണ്ടാവും. അതിൽ കുറേ എടുത്ത് നിക്കറിന്റെ പോക്കറ്റിൽ ഇട്ട് കൊണ്ട് നടന്നുള്ള തീറ്റി ആയിരുന്നു രസം. ഉത്രാട നാളിൽ ചന്തയിൽ നിന്നും ഒത്തിരി പച്ചക്കറികളുമായി അച്ഛൻ വരുന്നത് ഓർക്കുന്നു. തിരുവോണ സദ്യ ഒരുക്കങ്ങൾ ഉച്ചക്കേ തുടങ്ങും.
പിറ്റേന്ന് തിരുവോണം നാളിൽ തേങ്ങ തിരുമ്മുന്ന ശബ്ദം കേട്ട് ആയിരിക്കും ഉണരുക. പായസത്തിനുള്ള തേങ്ങാ പാൽ എടുക്കാൻ. പായസം ഉണ്ടാക്കി അച്ഛൻ കുളി കഴിഞ്ഞെത്തുമ്പോൾ ഞങ്ങൾ കുട്ടികൾക്ക്. നിലത്ത് പായ വിരിച്ചു തൂശൻ ഇലയിൽ ചോറ് വിളമ്പുന്നതോടെ സദ്യ തുടങ്ങി. ഊണ് കഴിഞ്ഞ് ഊഞ്ഞാൽ ആട്ടം, നിരകളി, തായം, പകിടകളി ഒക്കെ ആയി വൈകുന്നേരം ആക്കും. വൈകിട്ട് മുറ്റത്ത് എല്ലാരും കൂടി കഥകൾ പറഞ്ഞ് രാത്രി ഉറക്കത്തിലേക്ക് പോകുന്നതോടെ ഓണം കഴിഞ്ഞു.
ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
Leave a Reply