ലത മണ്ടോടി

മുറിയിൽ ഒരു പ്രത്യേക ഗന്ധമുണ്ടായിരുന്നു.
അയാൾ കിടക്കയിൽ മലർന്നു കിടന്ന് ആ ഗന്ധം ശ്വസിച്ചു. മരണത്തിന്റെ അതേ ഗന്ധം.

മരണമാണോ തനിക്കരികിൽ വന്നു നിൽക്കുന്നത്. അയാൾ സൂക്ഷിച്ചു നോക്കി.

“എന്താ നിങ്ങൾക്കെന്നെ… പേടിയുണ്ടോ?”

“ഏയ്… ഇല്ല. മരണത്തിനെ ഭയക്കേ…. അശേഷം ഇല്ല.”

“ഉണ്ടാവില്ലല്ലോ.. നിങ്ങൾ എന്നും ഒരു തികഞ്ഞ സ്പോർട്സ്മാൻ ആയിരുന്നില്ലേ ….”

“അതെ…പക്ഷേ മരണത്തിന്റെ ഈ ഗന്ധം.. അതെനിക്ക് അസഹ്യം. നിങ്ങൾ ഒന്നുകിൽ എന്നെ കൊണ്ടുപൊയ്ക്കോളൂ….അല്ലെങ്കിൽ ഇവിടെ നിന്നു ഒന്ന് മാറിത്തരു”.

“കൊണ്ടുപോകാൻ ആയിട്ടില്ല. തല്ക്കാലം മാറിത്തരാം….”

“അതെന്താ…”

“ഇനിയും കുറച്ചുകൂടി താമസമുണ്ട്….”

“ഓ.. ഞാൻ ഏറെ സ്നേഹിച്ച എന്റെ ശരീരം ചീഞ്ഞളിയണോ.. ”

“നിങ്ങൾ തോൽക്കാതിരിക്കാൻ ശ്രമിച്ചുകൊണ്ടിരിയ്ക്കൂ … എന്നാൽ എന്റെ വരവും വൈകികൊണ്ടിരിക്കും”.

അയാൾ ആ മറുപടി കേട്ടു ഒന്നാശ്വസിച്ചു. ആശ്വാസം മാത്രം. തിരിച്ചുവരവില്ലെന്നയാൾക്കറിയാം.

അയാളുടെ വയ്യാത്ത ശരീരം പേറി പേറി കിടയ്ക്കക്കു എല്ലായിടത്തും തഴമ്പാണ്. അതയാളെ വേദനിപ്പിച്ചുകൊണ്ടിരുന്നു. കിടയ്ക്കക്ക് കുറച്ചു മയമുണ്ടായിരുന്നെങ്കിൽ എന്നയാൾ ആശിച്ചു.

“നിങ്ങൾക്ക് കുറച്ചു മയത്തിൽ സംസാരിച്ചൂടെ…”

ഗൗരിയുടെ ശബ്ദം അയാളുടെ കാതിൽ വന്നലച്ചു. അതേ മയം. അയാളിപ്പോൾ ആഗ്രഹിക്കുന്ന അതേ മയം.

അയാൾ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. അല്ലെങ്കിൽ ശരീരം പൊട്ടും. പിന്നെ വെള്ളം നിറച്ച കിടക്ക വേണ്ടിവരും. പാലിയേറ്റീവ്കാരുടെ അവസാന മുന്നറിയിപ്പതായിരുന്നു. അതിനേക്കാൾ ഭേദം തഴമ്പു വീണ ഈ കിടക്ക തന്നെ. ഒന്നും മിണ്ടണ്ട. അയാൾ തീരുമാനിച്ചു.

അല്ലെങ്കിലും എന്തെങ്കിലും മിണ്ടാൻ തനിക്കെന്തവകാശം. ജന്മം കൊടുത്തത് കൊണ്ട് അച്ഛനാവില്ല എന്നു മകൻ ഒരിക്കൽ പറഞ്ഞത് അയാളോർത്തു. അയാളുടെ സ്വാർത്ഥതാല്പര്യങ്ങളും അത് സാധിച്ചെടുക്കാനുള്ള തന്ത്രങ്ങളും അതുമൂലമുണ്ടായ വിജയങ്ങളും അയാളെ എന്നും ഉന്മത്തനാക്കിയിരുന്നു.

പക്ഷേ ഇപ്പോൾ എഴുന്നേറ്റു സ്വന്തം ശരീരത്തെ ഒന്ന് നോക്കിയിട്ട് പോലും മാസങ്ങളായി. ഹോം നഴ്സിന്റെ കൃപയാൽ അതൊന്നു വൃത്തിയാക്കി കിട്ടും. മകനാണു ആ നഴ്സിനെ ഏർപ്പാടാക്കി തന്നത്. എന്തൊക്കെ പറഞ്ഞാലും അവൻ സ്നേഹമുള്ളവനാ. ഗൗരിയെപോലെത്തന്നെ. അയാൾക്കു തോന്നി.

ഒരുപാടുകാലത്തെ വ്യായാമവും ഭക്ഷണവും കൊണ്ട് ഉരുക്കി വാർത്തുണ്ടാക്കിയ അയാളുടെ ശരീരം അയാളെ നോക്കി കൊഞ്ഞനം കുത്തി. ഒരുകാലത്തു എല്ലാവരും അയാളുടെ ശരീരസൗന്ദര്യത്തെ വാഴ്ത്തിപ്പാടിയിരുന്നു. ഇനി അതുകൊണ്ട് ഒരു കാര്യവുമില്ല. അർബുദം അരയ്ക്കു താഴേക്കുള്ള ഭാഗം കാർന്നുതിന്നുകഴിഞ്ഞു. വിസർജനത്തിന് ശരീരത്തിന്റെ മറ്റൊരു ഭാഗം തുളച്ചിരിക്കുന്നു. ശരീരമാകെ ട്യൂബു കളാണ്. കീമോതെറാപ്പി ചെയ്തതിന്റെ അടയാളങ്ങളും പേറി കറുത്ത ഒരു രൂപം.

ബൂട്ടിന്റെ അടിയിലുള്ള ആണികൊണ്ട് ചവിട്ടി എതിർ ടീമിലുള്ളവന്റെ ശരീരം തുളയ്ക്കാൻ മിടുക്കനായിരുന്നു അയാൾ. അച്ചടക്കമില്ലാത്തൊരു കളിക്കാരൻ എന്ന പേരുമുണ്ടായിരുന്നു. എന്നാലും അയാളൊരു താരം തന്നെയായിരുന്നു . കോച്ചും ആയിരുന്നു. സ്വന്തം ടീം ജയിക്കാൻ, കളിക്കാരെ വാർത്തെടുക്കാൻ അയാൾ മിടുക്കനായിരുന്നു. അവരായിരുന്നു അയാൾക്കെല്ലാം.
അവർക്കു നല്ല ഭക്ഷണം, കളിക്കാനുള്ള യൂണിഫോം എല്ലാം സ്വന്തം ചെലവിൽ വാങ്ങികൊടുക്കുമായിരുന്നു. സ്വന്തം മകൻ ഭക്ഷണം കഴിച്ചിരുന്നോ എന്നുപോലും അയാൾ അന്വേഷിച്ചിരുന്നില്ല.

പെട്ടെന്നയാളുടെ കണ്ണുകൾ എവിടെയോ ഉടക്കി.
തനിക്കു സമ്മാനമായി ലഭിച്ച കപ്പുകൾ അതൊക്കെ നിറച്ച ഒരു തകരപ്പെട്ടി. അതാരോ കട്ടിലിന്റെ അടിയിലേക്ക് നീക്കിയിട്ടിരിക്കുന്നു.

ആദ്യമൊക്കെ അത് വീട്ടിൽ, വീട്ടിയിൽ തീർത്ത പിച്ചളക്കെട്ടുള്ള ചില്ലലമാരിയിൽ തുടച്ചു മിനുക്കി ആലങ്കാരികമായി വെച്ചിരുന്നു. ഗൗരി എപ്പോഴും അതൊക്കെ എടുത്തു തുടയ്ക്കുമായിരുന്നു അല്ലെങ്കിൽ ക്ലാവ് പിടിക്കും എന്നും പറഞ്ഞ്.
ഇപ്പോൾ അത് തകരപ്പെട്ടിയിലാക്കി ഒരു മൂലയിൽ ആർക്കും വേണ്ടാത്ത പാഴ്‌വസ്തു പോലെ. ഓരോ വിജയത്തിന്റെയും ആരവം ഇന്ന് തകരപ്പെട്ടിയ്ക്കുള്ളിൽ അടയ്ക്കപ്പെട്ടിരിക്കുന്നു നേർത്ത ധ്വനിപോലും പുറമേയ്ക്കില്ലാതെ.

ഇതൊക്കെ കണ്ടിട്ടും അയാൾ തളർന്നില്ല. ഗൗരി ഉണ്ടെങ്കിൽ ചിലപ്പോൾ സങ്കടപ്പെടുമായിരുന്നു. ഒന്നിനും പരിഭവം പറയാത്ത ഗൗരി. പാവമായിരുന്നു അവൾ. അവൾ നട്ടുവളർത്തിയ പനിനീർപുഷ്പം പറിച്ചു ഓഫീസിലെ പത്മിനിയ്ക്കു കൊടുത്തപ്പോൾ മാത്രം ഒരിക്കൽ അവൾ വല്ലാതെ ദേഷ്യപ്പെട്ടു.

“നിങ്ങളെന്തിനാ എപ്പോഴും ഈ പൂവ് പൊട്ടിച്ചു അവൾക്കു കൊടുക്കുന്നത്. അതാ ചെടിയിൽ ഇരിക്കുന്നതല്ലേ ഭംഗി. അവളെന്നും ഏട്ടന്റെ കൂടെ വരുന്നതിനു ഞാൻ ഒന്നും പറയാറില്ല ……പക്ഷേ ഇപ്പോൾ അവളെടുക്കുന്ന സ്വാതന്ത്ര്യം കൂടികൂടിവരുന്നു. എനിക്കിഷ്ടല്ല ഇതൊന്നും.”

പത്മിനി അയാളുടെ സഹപ്രവർത്തക. അയാളുടെ വീട്ടിന്റെ അടുത്തും. അവരുടെ ഭർത്താവ് ദൂരെയാണ്. അവര് എന്നും അയാളുടെ കൂടെയായിരുന്നു ഓഫീസിൽ പോവാറ്.

അവളെ അയാൾ ഇഷ്ടപ്പെട്ടിരുന്നുവോ. ഒരു സൗഹൃദം അത്രയേ ഉള്ളു അയാൾക്ക്‌. പക്ഷേ എല്ലാ പെണ്ണുങ്ങൾക്കും അയാളെ വലിയ ഇഷ്ടമായിരുന്നു.
അയാളൊരു നല്ല അത് ലറ്റും കൂടിയാണ്. ഓഫീസിലെ സ്ഥിരം ചാമ്പ്യൻ. കാണാനും സുമുഖൻ. പത്മിനിയോട് അയാൾക്കൊരു സോഫ്റ്റ്‌കോർണർ ഉണ്ടെന്നു ഓഫീസിലെ എല്ലാവരും മുറുമുറുത്തു.അതിനെ അയാൾ ഖണ്ഠിച്ചില്ലെന്നുമാത്രം. അയാളെപ്പോഴും പ്രണയിച്ചതു ഫുട്ബോളിനെ മാത്രം.

ഗൗരി സുഖമില്ലാതെ കിടന്നപ്പോൾ മാത്രമാണ് അയാൾ അവളെ ശരിക്ക് സ്നേഹിച്ചു തുടങ്ങിയത്.അവളുടെ മാറിൽ നിന്നു ഒരുതരം നീര് വന്നപ്പോൾ അയാൾ ശരിക്കും പേടിച്ചു.അതുവരെ അവള് കൈക്ക്‌ വേദനയുണ്ട് എന്നു പറഞ്ഞപ്പോഴൊക്കെ അയാളതു നിസ്സാരമായി കണ്ടു. ഡോക്ടറെ കണ്ടപ്പോഴാണ് ബ്രെസ്റ്റ് ക്യാൻസർ മൂന്നാമത്തെ സ്റ്റേജിലാണെന്നറിഞ്ഞത്.

“ഇത്രയ്‌ക്കായത് …. അറിഞ്ഞില്ല ”
എന്നയാൾ ഡോക്ടറോട് പറഞ്ഞു.

“നിങ്ങൾ എവിടുത്തെ ഭർത്താവാണ് ഹേ… ഭാര്യക്ക് ബ്രെസ്റ്റിനു കാൻസർ വന്നു മൂന്നാമത്തെ സ്റ്റേജ് എത്തുന്നതുവരെ നിങ്ങൾ അറിഞ്ഞില്ല എന്നുവെച്ചാൽ…”.

ഡോക്ടർ അയാളോട് കയർത്തു.

അയാൾ ജീവിതത്തിലാദ്യമായി ഒന്ന് തോറ്റു. അയാളുടെ നാവ് കുറച്ചു നേരത്തേക്ക് ചലിച്ചില്ല.
അയാൾക്കെപ്പോഴും ഗോൾപോസ്റ്റിലേക്ക് ഗോൾ അടിക്കാനായിരുന്നല്ലോ തിടുക്കം. മറ്റൊന്നും അയാൾ ശ്രദ്ധിച്ചിരുന്നില്ല. അച്ചടക്കമില്ലാത്തൊരു കളിക്കാരൻ.

വയ്യാതെ കിടക്കുന്ന ഗൗരിയോട് ഒരിക്കൽ ചോദിച്ചു.

നിനക്കെന്നോട് ദേഷ്യമുണ്ടോ….”

വീർത്തു കെട്ടിയ മുഖത്തെ ചൈതന്യമറ്റ കണ്ണുകൾ വലിച്ചു തുറന്നവൾ അയാളെ നോക്കി. പിന്നെ പറഞ്ഞു.

“അതിനുംകൂടി എനിക്കിനി സമയമില്ല……”

അതുകേട്ടയാൾക്കെവിടെയോ നൊന്തു.
പക്ഷേ ഒന്ന് പശ്ചാത്തപിക്കാൻ കൂടി സമയം അയാളെ അനുവദിച്ചില്ല. ഒന്ന് കുമ്പസാരിക്കാനും.

ഗൗരി പോയപ്പോൾ അയാൾ ശരിക്കും ഒറ്റപ്പെട്ടു .പക്ഷേ ആറു മാസം കഴിഞ്ഞില്ല അപ്പോഴേക്കും അയാളും മനസ്സിലാക്കി തനിക്കും വേഷങ്ങൾ അഴിക്കാറായെന്ന്.

നഴ്സിന്റെ ശബ്ദം അയാളെ പെട്ടെന്ന് ഉണർത്തി.

” നോക്കു …നല്ലപോലെ സഹകരിച്ചാൽ നമുക്ക് സ്നേഹത്തോടെ മുന്നോട്ടുപോകാം. നിങ്ങളുടെ ഭാരം താങ്ങാനൊക്കെ എനിക്ക്‌ വലിയ ബുദ്ധിമുട്ടാ.
ആരും വരില്ല ഇവിടെ നിങ്ങളെ ഒന്ന് സഹായിക്കാൻ…. .”

ചിലപ്പോൾ ഇന്ന് കുളിക്കണ്ട എന്നു പറയാനാവും. അതിന് മാത്രമേ അവര് അയാളെ താങ്ങി ഇരുത്താറുള്ളു. നയതന്ത്രങ്ങൾ അയാൾക്കും അറിയാമായിരുന്നല്ലോ. അതുകൊണ്ട് അയാളും അഭിനയിച്ചു.

“വേണ്ട കുളിക്കണ്ട…. നല്ല തണുപ്പു തോന്നുന്നുണ്ട്. പുറത്തു നല്ല മഴയാണല്ലേ..”

പറഞ്ഞത് അവരെ സന്തോഷിപ്പിക്കാനാണെങ്കിലും അയാൾക്കും താങ്ങിയാലും എഴുന്നേറ്റിരിക്കാൻ ബുദ്ധിമുട്ടായി തുടങ്ങി.

അയാൾ തീരെ അവശനായി വരുന്നുണ്ടായിരുന്നു. എപ്പോഴും മയക്കത്തിലായിരിക്കും.

“അച്ഛാ …. ഒന്ന് കണ്ണ് തുറക്കൂ..”

മകന്റെ ശബ്ദമാണല്ലോ കേട്ടത്. സെഡക്റ്റീവ്സ് കഴിച്ചു മയങ്ങിയിരുന്ന അയാൾ പെട്ടെന്നുണർന്നു. അയാൾ അവനെ ഒട്ടും പ്രതീക്ഷിച്ചില്ല.

“നീയോ.. എന്തേ പോന്നത്…?”

“അച്ഛന് തീരെ വയ്യല്ലോ കുറച്ചിവിടെ നിൽക്കാം
എന്നുവിചാരിച്ചു….”

അയാൾ ആശ്ചര്യപ്പെട്ടു. ഇമ വെട്ടാതെ അവനെ തന്നെ നോക്കി.

“നിനക്ക് ഗൗരിയുടെയാ കൂടുതൽ ഛായ….”

“അച്ഛനെന്നെ ഇപ്പോഴാണോ കാണുന്നത്”

“അച്ഛൻ കണ്ടിരുന്നു. പക്ഷേ അച്ഛന്റെ കണ്ണുകൾക്കൊരു മങ്ങലുണ്ടായിരുന്നു. ”

അവനെത്തന്നെ നോക്കി കുറേനേരം അയാൾ കിടന്നു. അവൻ ചെറുതായി ചെറുതായി ഒരു കുട്ടിയായി അയാൾക്ക് മുന്നിൽ നിന്നു.

“അച്ഛാ….ഇന്ന് പേരെന്റ്സ് മീറ്റിംഗാണ് അച്ഛൻ വരണം എല്ലാകുട്ടികളുടെയും അച്ഛനാണ് വരാറ് .എന്റെ അച്ഛൻ ഇത് വരെ വന്നിട്ടില്ല.”

“അമ്മ വരാറില്ലേ….?”

“ഉണ്ട്…അതല്ല ആരും എന്റെ അച്ഛനെ ഇതുവരെ കണ്ടിട്ടില്ല…”

“ആ…നിനക്ക് അച്ഛനില്ല എന്നു വിചാരിച്ചോട്ടെ..”
ആ കുരുന്നു മനസ്സ് വേദനിക്കുമോ എന്നുപോലും അയാൾ അന്ന് ആലോചിച്ചില്ല.

അയാളുടെ കണ്ണുകൾ നിറഞ്ഞതായി അയാൾക്ക് തോന്നി. ഗൗരിയുടെ കൈകൾ അയാളുടെ കൈകളിൽ നിർജീവമായപ്പോഴും അയാൾ കരഞ്ഞിരുന്നു. ഇന്ന് മകനും തന്നെ കരയിക്കയാണല്ലോ.

മരണഗന്ധം അയാൾ വീണ്ടും അനുഭവിച്ചു തുടങ്ങി.
മരണത്തിന്റെ കാലൊച്ച അയാൾക്കു കേൾക്കാമായിരുന്നു. തോറ്റുകൊണ്ടിരുന്നാൽ മരണം വിളിക്കാൻ വരുമെന്ന് പറഞ്ഞിരുന്നല്ലോ. പൂർണ സംതൃപ്തിയാണ് അയാൾക്കു കൂടെപ്പോവാൻ. ഇനിയും തോൽക്കാനയാൾക്ക് ആവില്ല.അയാളിലെ സെന്റർഫോർവേഡിന്റെ ഒടുവിലത്തെ ഗോൾ ഗോൾമുഖത്തെ വലയിൽ ആരവങ്ങളില്ലാതെ തട്ടിത്തടഞ്ഞു, തട്ടിത്തടഞ്ഞു പതുക്കെ പതുക്കെ ഉരുണ്ടു കയറി.

ലത മണ്ടോടി : സ്റ്റേറ്റ് ബാങ്ക് ഓഫ്ഇന്ത്യയിൽ നിന്നും വിരമിച്ച ശ്രീമതി. ലത മണ്ടോടി ഓൺലൈൻ മാധ്യമങ്ങളിൽ സ്ഥിരമായി കഥകളെഴുതുന്നു. നല്ലൊരു ഗായിക കൂടിയായ ലത കോഴിക്കോട് സ്വദേശിനിയാണ്. തന്റെ ആദ്യ കഥാസമാഹാരത്തിന്റെ പണിപ്പുരയിൽ ആണിപ്പോൾ.