അനുജ സജീവ്

“ഹർഷ ബാഷ്‌പം തൂകി …
വർഷ പഞ്ചമി വന്നു …
ഇന്ദുമുഖീ … ”

യൂട്യൂബിൽ നിന്നും ഉയരുന്ന ഗാനത്തിനൊപ്പം നന്ദു തലയാട്ടി. ചിരിച്ചുകൊണ്ട് അടുക്കളയിൽ ഓണസദ്യ ഉണ്ടാക്കുന്ന തിരക്കിലായിരുന്ന അമ്മൂമ്മയെ പുറകിലൂടെ ചെന്ന് കെട്ടിപ്പിടിച്ചു.

“എന്താ …എന്താ … വേണ്ടേ …”

പെട്ടെന്നുള്ള ആക്രമണത്തിൽ അമ്മൂമ്മ ചൊടിച്ചു .

“അമ്മൂമ്മ പാട്ടു കേട്ടില്ലേ …”

ഉണ്ടക്കണ്ണുകൾ കുസൃതിക്കണ്ണുകളാക്കി നന്ദു ചിരിച്ചു.

അമ്മൂമ്മ പാട്ടിനായി ചെവിയോർത്തു.

“വിഫലമായ മധുവിധുവാൽ
വിരഹ ശോക സ്മരണകളാൽ അകലെയെൻ കിനാക്കളുമായ് ഞാനിരിക്കുന്നു … ”

കണ്ണുകളിൽ നനവു പടർന്നു. കൊച്ചുമകൾ അതു കാണാതിരിക്കാനായി സാരി തലപ്പുകൊണ്ട് മുഖം തുടച്ചു .

” പോടി… പെണ്ണെ … ” എന്നു പറഞ്ഞ് നന്ദുവിനെ ഓടിച്ചു. നന്ദുവിന്റെ ഭാഷയിൽ അപ്പൂപ്പന്റെ റൊമാൻസ് ഗാനമാണ് കേട്ടത്.

വിവാഹശേഷം മലബാറിലെ കണിയാംപറ്റയിലുള്ള സ്കൂളിൽ ജോലി നോക്കുമ്പോൾ ഇടുക്കി അണക്കരയിൽ നിന്നും ഓരോ ആഴ്ചകളിലും വരുന്ന മൂന്നും നാലും എഴുത്തുകളിൽ അദ്ദേഹത്തിൻറെ സ്നേഹത്തിൽ ചാലിച്ച സിനിമാഗാനങ്ങൾ . പാട്ടിനായി വീണ്ടും ചെവിയോർത്തു.

ഗ്രാമത്തിലെ സ്കൂളിൽ പത്താം ക്ലാസ് പഠനം കഴിഞ്ഞതോടെ ടിടിസിയ്ക്ക് മഠത്തിലെ സ്കൂളിൽ ചേർന്നു . പഠിപ്പു കഴിഞ്ഞപ്പോൾ തന്നെ ജോലി. അതും മലബാറിൽ . പെൺകുട്ടികൾക്ക് എത്രയും വേഗം ഒരു ആൺതുണ വേണമെന്ന അച്ഛൻറെ വാശിക്ക് മുന്നിൽ തലകുനിച്ചു. വരൻ ഇടുക്കിയിൽ അധ്യാപക ജോലിയുള്ളയാൾ. ഗൃഹഭരണത്തിൽ ഇതുവരെ യാതൊരു പരിചയവുമില്ലാത്ത എനിക്ക് അദ്ദേഹം എന്നും വഴികാട്ടിയായി.

” അവൾക്ക് വയ്ക്കാനൊന്നും അറിഞ്ഞുകൂടാ കുട്ടാ” എന്നു പറഞ്ഞ് എൻറെ അമ്മ നേരത്തെ തന്നെ നേടിത്തന്ന മുൻകൂർ ജാമ്യത്തിൽ അടുക്കളക്കാര്യങ്ങളിൽ അദ്ദേഹത്തിൻറെ ശിഷ്യയായി.

പാവയ്ക്ക തീയലിന്റെയും വെള്ളരിക്കാ പച്ചടിയുടെയും അവിയലിന്റേയും ഹരം പിടിപ്പിക്കുന്ന മണങ്ങൾ എന്റെ മൂക്കിൽ തുളഞ്ഞു കയറി. അരിയും പയറും ചേർന്ന പായസം … ഇപ്പോഴും നാവിൽ വെള്ളമൂറുന്നു. എല്ലാ ഓണനാളിലും അദ്ദേഹത്തിനും മക്കൾക്കുമൊപ്പമിരുന്നുള്ള ഓണസദ്യ ഓർമ്മയിൽ നിറയുന്നു.

” അപ്പൂപ്പന്റെ പായസം, ഉപ്പേരി, ശർക്കരവരട്ടി … ഇതെല്ലാം നാട്ടിൽ ഫെയ്മസാണല്ലേ അമ്മൂമ്മേ …” നന്ദു വീണ്ടും വന്നിരിക്കുന്നു. കൈയ്യിൽ മുറ്റത്തെ റോസാ ചെടിയിൽ നിന്നും പിച്ചിയ ഒരു പൂവുമുണ്ട്. ഒറ്റക്കാലിൽ മുട്ടുകുത്തി നിന്ന് പൂവ് എൻറെ നേരെ നീട്ടി … ഒറ്റക്കണ്ണിറുക്കി … “വിൽ യു മാരി മി”.

മുറ്റത്തെ പൂച്ചെടികളിലുണ്ടാകുന്ന ആദ്യപുഷ്പം അദ്ദേഹം എന്നും എനിക്കായിരുന്നു സമ്മാനിച്ചിരുന്നത്. നന്ദുവിന്റെ ഭാഷയിൽ പ്രൊപ്പോസൽ.

പൂ വാങ്ങി പകരം ഉരുളിയിൽ നിന്നും ചുക്കിന്റെയും ജീരകം ഏലക്കാ എന്നിവയുടെയും മണം പൊങ്ങുന്ന ആവി പറക്കുന്ന ശർക്കര വരട്ടി എടുത്ത് നന്ദുവിനു കൊടുത്തു.

” അപ്പൂപ്പന്റെ ശർക്കര വരട്ടിയുടെ അത്രയും ശരിയായില്ല ” കണ്ണിറുക്കി അവൾ വീണ്ടും ചിരിച്ചു. കുഞ്ഞു മകളെ കെട്ടിപ്പിടിച്ച് ഞാനും ആ ചിരിയിൽ പങ്കുചേർന്നു. ആകാശത്തിരുന്ന് അപ്പൂപ്പൻ ഇതെല്ലാം കാണുന്നുണ്ടാവും അല്ലേ…

അനുജ.കെ : ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍   ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അനുജയുടെ കഥകൾ മലയാളം യുകെയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് .