പൂജ കൃഷ്ണ 

ഇസബെല്ല എന്നാണിവളുടെ പേര്. ആ ചെടിയുടെ അല്ല. അതിനു താങ്ങാവുന്ന, കൂട്ടാവുന്ന ആ സെറാമിക് പോട്ട്. ഇതവളുടെ കഥയാണ്!

എനിക്കീ അടുത്ത കാലത്താണ് ചെടികളോടും, പോട്ടുകളോടും കമ്പം കയറിയത്. നമ്മൾ ഒന്നെത്താൻ വൈകിയാൽ നമ്മളെ കാത്തിരുന്നു വാടുന്ന ഒരു ചെടിയെങ്കിലും ഉണ്ടെങ്കിൽ അത് നമ്മുടെ ജീവിതത്തിനേകുന്ന ഒരു അർത്ഥമുണ്ട്! ബിനുമോനാണ് ഈ കമ്പത്തിനും എന്റെ കൂട്ടു കക്ഷി.

ഒരു ഓൺലൈൻ സൈറ്റിൽ നിന്ന് ബഡ്ജറ്റിൽ ഒതുങ്ങാഞ്ഞിട്ടും ഇവളെ വാങ്ങിയത്, ആ പേര് കൊണ്ടും, ക്ലാസിക് ലുക്കുകൊണ്ടുമാണ്. പലവട്ടം ഇതേ സെല്ലറിന്റെ സെറാമിക് പോട്ടുകൾ വാങ്ങിയിട്ടുണ്ട്. അവയൊക്കെ ഒരു പോറൽ പോലും പറ്റാതെ ഭംഗിയായി എത്തിച്ചേർന്നിട്ടുമുണ്ട്. ആ ധൈര്യത്തിൽ തന്നെയാണിവളെയും കാത്തിരുന്നത്. എന്നാൽ പാക്കറ്റു കയ്യിൽ കിട്ടിയപ്പോൾ അകത്തൊരു കിലുക്കം! ഉള്ളൊന്നു കാളി. തുറന്നപ്പോൾ സംഭവം സത്യമാണ്, പൊട്ടി അടർന്നു വീണിട്ടുണ്ട്, ഉള്ളിൽ മൂന്നു കഷണങ്ങൾ.

റിട്ടേൺ പോളിസിയുണ്ട്, ഇവളെ മടക്കാം. പൊട്ടി അടരാത്ത ഒരുവൾ വരുമെങ്കിലും, എന്തിനെന്നറിയാതെ ഒരു വേദന! ചുമ്മാ കാത്തിരുന്നത്രയും ദിവസം ഇസബെല്ലാ… ഇസബെല്ലാ പാടി ഇഷ്ടം കൊഴുപ്പിക്കേണ്ടിയിരുന്നില്ല! അവളുടെ പൊട്ടി അടർന്ന കഷണങ്ങൾ ഉള്ളിൽ കൊണ്ടുരയുന്ന പോലെ! അല്ലേലും ചില നേരത്തു ഞാൻ ഓവർ ഡ്രാമയാണ്.

വൈകിട്ട് കോളേജ് വിട്ടു വന്ന ബിനുമോൻ എന്നെ കണ്ടതേ തിരക്കി, ‘പൊട്ടിയാണോ വന്നത്’? അല്ലെങ്കിലും എന്റെ മുഖം വായിക്കാൻ ബിനുമോനെ കഴിഞ്ഞിട്ടേ ഉള്ളു. എന്തുണ്ടെങ്കിലും സ്പോട്ടിൽ പിടിക്കും! അതെനിക്കുയർത്തുന്ന വെല്ലുവിളി ചില്ലറയല്ല! ചായകുടി കഴിഞ്ഞതേ ബിനുമോൻ പറഞ്ഞു ‘ഇങ്ങു കൊണ്ടുവന്നെ നോക്കട്ടെ’. പായ്ക്കറ്റോടെ എടുത്തുകൊണ്ടു ചെന്ന ഇവളെ കണ്ടിട്ട് എന്നോട് ചോദിച്ചു ‘അപ്പോൾ എന്താ പ്ലാൻ’? ഞാൻ പറഞ്ഞു ‘റിട്ടേൺ തന്നെ! അല്ലാതെന്താ ഇപ്പോൾ ഇതിൽ ഇത്ര പ്ലാനിടാൻ ഉള്ളത്’!

അടുത്തതായി ബിനുമോൻ ചോദിച്ച ചോദ്യങ്ങളിലും, ന്യായങ്ങളിലുമാണ് ഞാൻ കുഴങ്ങി പോയത്. ഇത് റിട്ടേൺ ചെയ്‌താൽ മറ്റൊന്ന് വരുമായിരിക്കാം, അതും വരുന്നത് പൊട്ടിത്തന്നെ ആണെങ്കിലോ? അതല്ല അതിനു ശേഷം നമ്മുടെ കയ്യിൽ നിന്നാണതു വീണു പൊട്ടുന്നതെങ്കിലോ? അവർ കഴിവതും ഭംഗിയായി എല്ലാ മാനദണ്ഡങ്ങളും പാലിച്ചു തന്നെയാണ് ഇതയച്ചത്, അവരെ തെറ്റ് പറയാൻ ആവില്ല. വഴിയിൽ കൈകാര്യം ചെയ്ത ആരുടെയോ തെറ്റ്. നമ്മൾ തിരിച്ചയച്ചാൽ, വഴിയിൽ ഇതിലും പൊട്ടി തകർന്നു ഒരിക്കലും കൂട്ടി ചേർക്കാൻ ആവാത്തവണ്ണമായിരിക്കും ഇത് അവർക്ക് തിരിച്ചെത്തുക. ആർക്കുമാർക്കും ഉപയോഗമില്ലാത്ത കുറെ കഷണങ്ങളായി ഇതെവിടെങ്കിലുമൊരു കുപ്പയിൽ അവശേഷിക്കും. അത് വേണോ? നമുക്കൊന്നൊട്ടിക്കാൻ ശ്രമിച്ചു നോക്കാം, നടന്നില്ലേൽ ബാക്കി അപ്പോൾ നോക്കാം!

ഞാനും അവളെ ഒന്ന് കൂടി നോക്കി. ശരിയാണ്, എന്തിനാണവളെ കുപ്പത്തൊട്ടിയിൽ തള്ളുന്നത്. അതിനാണോ അവർ അവളെ ഇത്ര ശ്രദ്ധ പൂർവം പൊതിഞ്ഞു അയച്ചത്. ഞാൻ കണ്ണിലെണ്ണ ഒഴിച്ച് കാത്തിരുന്നത്. അവളുടെ വില അറിയാത്താരോ അവളെ എടുത്തെറിഞ്ഞതല്ലേ. നമ്മുടേതാണ് പൊട്ടുന്നതെങ്കിൽ ഒട്ടിക്കാൻ ശ്രമിക്കില്ലേ? മുറിവൊട്ടുമെങ്കിൽ, അതിനു നമ്മൾക്കാവുമെങ്കിൽ, ഒന്ന് ശ്രമിച്ചു നോക്കുക തന്നെ!

അടുക്കള റെന്നൊവേറ്റു ചെയ്തപ്പോൾ പണിക്കാർ ബാക്കിവെച്ച് പോയ പശയാൽ ബിനുമോൻ സസൂഷ്മം അടർന്ന കഷ്ണങ്ങൾ ഓരോന്നായി ചേർത്തുവെച്ച് അവളെ പൂർവ സ്ഥിതിയിലാക്കി. കുറച്ചു നാൾ അങ്ങനെ തന്നെ സേഫ് ആയി വെച്ചു, ഒട്ടും ഇളകാതെ, ആരും തട്ടാതെ. പതുക്കെ, പൊട്ടിയ കഥ അവൾ പോലും മറന്ന പോലെ! പിന്നെ ആദ്യം കുറച്ചു വെള്ളം പതുക്കെ, പതുക്കെ പേടിച്ചു നിറച്ചു നോക്കി. ഇല്ല അവൾ ഒട്ടും ചോരുന്നില്ല! അപ്പോൾ തോന്നിയ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല! നഷ്ടപെടും എന്ന് ഭയപ്പെട്ട പ്രിയപ്പെട്ട ഒരുവൾ തിരിച്ചു വന്ന പോലെ!

പിന്നെ ഒരു നാൾ അവളിൽ മണ്ണും, ചാണകപ്പൊടിയും, വളവും ചേർത്ത്, ഒരു ചെടി നട്ടു. ആ ചെടി അവളിൽ തളിർത്തു. പൊട്ടിത്തകർന്നു എന്ന് കരുതിയവൾ, ഇന്നാ ചെടിക്കു വീടാണ്. ഒന്നെത്തി നോക്കിയാൽ ഇപ്പോഴും കാണാം ആ ഒട്ടിച്ചേരലുകൾ, അതിളകാത്ത വണ്ണം വേണമവളെ കൈകാര്യം ചെയ്യാൻ! എന്നാൽ ഓരോ നോക്കിലും അവൾ എന്നിൽ നിറയ്ക്കുന്നത് ആ മുറിവിന്റെ നോവല്ല, മറിച്ചു കരുതലിന്റെ കരുത്താണ്! ആർക്കാണ് അവളെക്കണ്ടാൽ ഇപ്പോൾ പാടാൻ തോന്നാത്തത് ഇസബെല്ലാ… ഇസബെല്ലാ!

പൂജ കൃഷ്ണ 

ഐടി പ്രൊഫഷണൽ. പഠനം മാക്ഫാസ്റ്റിൽ പൂർത്തിയാക്കി. താമസം പാലാ, രാമപുരം.
Contact: [email protected]