ശോശാമ്മ ജേക്കബ്

നല്ല മഴയുള്ള ഒരു രാത്രി ആയിരുന്നു അത്. പിറ്റേദിവസം സ്കൂൾ തലത്തിൽ ഒരു കവിത മത്സരം ഉണ്ട്… ടീച്ചർമാർ എല്ലാം കൂടെ തള്ളിവിട്ടതാണ്. എനിക്കാണേൽ എൽകെ ജിയിൽ പഠിപ്പിച്ച നഴ്സറി ഗാനം പോലും ഓർമയില്ലാത്ത കക്ഷിയാണ്. എന്തിനു വേണ്ടി ഈ കുരിശൊക്കെ ഞാൻ ചുമക്കേണ്ടി വരുന്നൂന്ന് ഓർത്തു ഉറങ്ങാൻ വേണ്ടി കട്ടിലിൽ കിടന്നത് മാത്രം ഓർമയുണ്ട് സ്വിച്ച് ഇട്ടത് പോലെ ഉറങ്ങിപ്പോയി. ആരോ എന്റെ സമീപത്തായി വന്നിരുന്നത് പോലെ ഒരു തോന്നൽ…. നല്ല നീളൻ താടിയുള്ള വജ്രാക്ഷര മോതിരം അണിഞ്ഞ ശുഭ്രവസ്ത്രധാരിയായ ഒരു മനുഷ്യൻ. ഞാൻ പയ്യെ എഴുന്നേറ്റിരുന്ന് ചെറിയ ഒരു അമ്പരപ്പോടെ അദ്ദേഹത്തെ നോക്കി. അയാൾ കൈകൾ നീട്ടി എന്റെ കൈയ്ക്കുള്ളിലേക്ക് ഒരു ചെറിയ കടുക് മണി തന്ന ശേഷം “ഈ കടുക് മണി നിന്റെ ഒരു ആഗ്രഹം സാധിച്ചു തരും പക്ഷെ ഒരു നിബന്ധന ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ലാത്ത കാര്യങ്ങൾ മാത്രമേ കടുക് മണിയോട് ചോദിക്കുവാൻ പാടുള്ളു. ” ശേഷം അയാൾ നടന്നകന്നു. ശരിക്കും ഒരു ബാലരമ കഥ പോലെ തോന്നി അല്ലെ എനിക്കും അതെ! അല്ല എന്നാലും മറ്റാരും ആഗ്രഹിക്കാത്തത് എന്നൊക്കെ പറയുമ്പോൾ അങ്ങനെ ഇപ്പൊ എന്താ ഉള്ളത്. കുറെ ചിന്തകൾ തലയിലൂടെ മിന്നിമാഞ്ഞു പോയി…. നിബന്ധന ഈ കണക്കിന് ആണെങ്കിൽ കിട്ടിയ വരം മിക്കവാറും വെള്ളത്തിൽ വരച്ച വര കണക്കിന് ആവും! എന്തായാലും ഒരു ഒന്നന്നര പണി ആയിപോയി.എത്ര നേരമെന്ന് വെച്ചിട്ടാ ഇതുതന്നെ ആലോചിച്ചു ഇരിക്കണേ….? ഇയ്യോ തല വെട്ടിപൊളക്കുന്നു…!

എന്നെക്കൊണ്ടൊന്നും മേല ആലോചിച്ചു ആലോചിച്ചു തലവേദന പിടിച്ചു… ഈ ആലോചന ആയ കാലത്ത് ശരിക്ക് പ്രയോഗിച്ചിരുന്നേൽ ആരായിപോയേനെ ഹോ…..എന്നാലും ഫ്രീ ആയിട്ട് കിട്ടുന്ന ഡിസ്‌കൗണ്ട് കൂപ്പൺ ആരായിപ്പോ വേണ്ടന്ന് വെക്കണേ കയ്യ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യാന്നു കാർണവന്മാർ പറഞ്ഞത് എന്റെ ഈ അവസ്ഥക്ക് ആണെന്ന് തോന്നുന്നു. വല്ലാത്ത കഥ തന്നെ !

കുറെ കഴിഞ്ഞ് ഈ കടുക് തന്ന വിദ്വാൻ വീണ്ടും വന്നു. എറിയാൻ അറിയാവുന്ന വല്ലവന്റേം കയ്യിൽ ഈ വടി കൊടുത്തൂടാർന്നോന്ന് ചോദിക്കണമെന്ന് ഉണ്ടായി പക്ഷെ, ചിന്തിച്ചു ചിന്തിച്ചു കാടുകയറി ക്ഷീണിച്ചു ഇരിക്കുന്ന എനിക്ക് വാ തുറന്നു ഒന്നും പറയാൻ പറ്റിയില്ല. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല പക്ഷെ പറ്റണ്ടേ?? എന്റെ കിതപ്പ് കണ്ട് അമ്മ എന്നെ തട്ടി വിളിച്ചു കണ്ണ് തുറന്ന് നോക്കിയപ്പോ രാവിലെ 7 മണി കൃത്യം. “മൂടിപ്പുതച്ചു കിടന്നാൽ മതിയോ എഴുനേറ്റു പോയി പല്ല് തേച്ചു കുളിച്ച് സ്കൂളിൽ പോകാൻ നോക്ക് കൊച്ചേ “അമ്മ ചീറി!!! സത്യം പറഞ്ഞാൽ ഭൂമിക്കു ചുറ്റും ഒരു റൗണ്ട് ഓടിതീർത്ത ക്ഷീണം ഉണ്ടായിരുന്നു എനിക്ക്. “കടുക് “,”മോതിരം “,”വെള്ളയുടുപ്പ് “എന്ത് തേങ്ങയാണ് സ്വപ്നം കണ്ടതെന്ന് അമ്പരന്ന് ഇരുന്ന് പോയി.

പിന്നെ എഴുന്നേറ്റ് യന്ത്രം പോലെ എന്തൊക്കെയോ ചെയ്ത് വെച്ച് ഒടുവിൽ സ്കൂളിൽ എത്തി.കവിതയ്ക്കു വേണ്ടിയുള്ള വിഷയം കിട്ടി ” Your weirdest and most beautiful daydream”. തീർന്നില്ല! നാല് വരിയിൽ കവിയരുത്. രാത്രിയിൽ കടുക് കയ്യിൽ പിടിച്ചു കണ്ട പരാക്രമം എല്ലാം നിഷ്പ്രയാസം ഞാൻ നാല് വരിയിൽ എഴുതി നിർത്തി !
” I want to drink moonlight and bathe in
flower petal ;
To wear the earth, sleep in streams
and taste the stars. ”

ഹാ പിന്നെ പറയണ്ടല്ലോ സംഗതി എല്ലാർക്കും അങ്ങട് ഇഷ്ടായി… പെരുത്ത് ഇഷ്ടായി. എന്റെ അതിതീവ്ര ഭാവനയെ വർണിച്ചു ഇംഗ്ലീഷ് ടീച്ചർ എന്നെ വാരിപ്പുണർന്നു.സ്റ്റേജിൽ കയറി ഹെഡ്മാസ്റ്ററിന്റെ കയ്യിൽ നിന്നും ഒന്നാം സമ്മാനവും, ട്രോഫിയും വാങ്ങി തല ഉയർത്തി താഴെ നിൽക്കുന്ന കുട്ടികളെ നോക്കിയപ്പോൾ എല്ലാവരുടെയും തല കടുക് മണി കണക്കെ ആയ ഒരു തോന്നൽ. എല്ലാം ഒരു കടുക് മണി തോന്നൽ അല്ലെ അതിൽ നിന്ന് കിട്ടിയ വിജയം വിലയേറിയതും.

ശോശാമ്മ ജേക്കബ്

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്നും മലയാളം സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം,
തിരുവല്ല മാർത്തോമ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി.കണ്ടന്റ് റൈറ്റിംഗ് മേഖലയിൽ കഴിവ് തെളിയിച്ചു വരുന്നു